വിദേശയാത്ര ; പണം ചെലവാക്കുന്നത് കെ.എസ്.ആർ.ടി.സിയല്ല: ബിജു പ്രഭാകർ
തിരുവനന്തപുരം
വിദേശയാത്രാ വിവാദത്തിൽ വിശദീകരണവുമായി കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർ ബിജു പ്രഭാകർ.
ആംസ്റ്റർഡാമിലെ സെമിനാറിൽ പങ്കെടുക്കുന്നത് ഗതാഗത സെക്രട്ടറിയെന്ന നിലയിലാണെന്നും പണം ചെലവാക്കുന്നത് കെ.എസ്.ആർ.ടി.സിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ഗതാഗത വകുപ്പ് സെക്രട്ടറിക്കു പുറമെ, നഗരകാര്യ സെക്രട്ടറി, കെ.എസ്.ആർ.ടി.സി സി.എം.ഡി തുടങ്ങി അഞ്ച് അധിക ചുമതലകൾ വഹിക്കുന്നുണ്ട്.
നെതർലാൻസിലെ ആംസ്റ്റർഡാമിൽ മെയ് 11, 12 തീയതികളിൽ നടക്കുന്ന അഞ്ചാമത് ഇന്റർനാഷണൽ കോൺഫറൻസായ ' ക്ലീൻ ബസ് ഇൻ യൂറോപ്പിൽ' പങ്കെടുക്കാനാണ് ബിജു പ്രഭാകറിന് അനുമതി. വിവിധ രാജ്യങ്ങളിൽനിന്നുള്ള ഗതാഗത സെക്രട്ടറിമാർ, ട്രാൻസ്‌പോർട്ട് കമ്മിഷണർമാർ, പൊതുമേഖലയിലുള്ള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപറേഷനുകളുടെ സി.ഇ.ഒമാർ തുടങ്ങിയവർക്ക് നേരത്തെ തന്നെ ക്ഷണം ലഭിച്ചതാണെന്നും വിശദീകരണ കുറിപ്പിൽ പറയുന്നു.ഡെലിഗേറ്റിന് 1200 യൂറോയാണ് (ഏകദേശം 1,10,000 രൂപ) ഫീസ്.
പ്രത്യേക ക്ഷണമുള്ള സർക്കാർ പ്രതിനിധികൾക്ക് ഡിസ്‌കൗണ്ട് ഫീസായ 475 യൂറോ (ഏകദേശം 45,000 രൂപ ) നൽകിയാൽ മതിയെന്നും കുറിപ്പിൽ പറയുന്നു. കേരളത്തിനു പുറമെ അഞ്ച് സംസ്ഥാനങ്ങളിൽനിന്ന് ഗതാഗത വകുപ്പിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരും പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."