ഭൂമി കുംഭകോണം; ലാലു പ്രസാദ് യാദവിനെ സി.ബി.ഐ ചോദ്യം ചെയ്യുന്നു; അച്ഛനെന്തെങ്കിലും പറ്റിയാല്‍ ഒരുത്തനേയും വെറുതെ വിടില്ലെന്ന് മകള്‍
ന്യൂഡല്‍ഹി: ഭൂമി കുംഭകോണക്കേസുമായി ബന്ധപ്പെട്ട് മുന്‍ ബിഹാര്‍ മുഖ്യമന്ത്രി റാബ്രി ദേവിയെ ചോദ്യം ചെയ്തതിനു പിന്നാലെ ലാലു പ്രസാദ് യാദവിനെയും ചോദ്യം ചെയ്ത് സി.ബി.ഐ. ലാലുവിന്റെ മകളും എം.പിയുമായ മിസ ഭാരതിയുടെ പന്തര പാര്‍ക്കിലെ വസതിയില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. അന്വേഷണവുമായി സഹകരിക്കുമെന്ന് ലാലുവിന്റെ കുടുംബം അറിയിച്ചു.
ലാലു പ്രസാദ് യാദവിന് നേരത്തെ തന്നെ നോട്ടിസ് അയച്ചിരുന്നെന്ന് സി.ബി.ഐ അറിയിച്ചു. ജോലി നല്‍കിയതിന് കൈക്കൂലിയായി ഭൂമി വാങ്ങി എന്ന കേസില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്. ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ്, റാബ്രി ദേവി, മകള്‍ മിസ ഭാരതി എന്നിവരുള്‍പ്പെടെ 13 പേര്‍ക്കെതിരെയാണ് കുറ്റപത്രം.
അതേസമയം, സി.ബി.ഐയുടെ ചോദ്യം ചെയ്യലിനെതിരെ ലാലുവിന്റെ മകള്‍ രോഹിണി ആചാര്യ രംഗത്തുവന്നിട്ടുണ്ട്. അച്ഛനെ നിരന്തരം പീഡിപ്പിക്കുകയാണെന്ന് മകള്‍ പറഞ്ഞു. ഗുരുതര രോഗത്തെ തുടര്‍ന്ന് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ ലാലുവിനെ സി.ബി.ഐ ചോദ്യം ചെയ്യുന്നതിനെതിരെയാണ് മകള്‍ രംഗത്തെത്തിയത്.
' പപ്പ നിരന്തരം പീഡിപ്പിക്കപ്പെടുകയാണ്. അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ ആരെയും വെറുതേ വിടില്ല. എന്റെ അച്ഛനെ വിഷമിപ്പിക്കുന്നതൊന്നും ശരിയല്ല. ഇതെല്ലാം ഓര്‍മിപ്പിക്കപ്പെടും. സമയം വളരെ ശക്തമാണ്-രോഹിണി ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."