അസാധ്യമെന്ന് സമൂഹം വിലയിരുത്തിയ സ്വപ്‌നങ്ങളെ സാധ്യമാക്കിയവന്‍; അറിയാം വട്ടപ്പൂജ്യത്തില്‍ നിന്ന് കോടീശ്വരനിലേക്കുള്ള ഇലോണ്‍ മസ്‌ക്കിന്റെ യാത്ര
തീര്‍ത്തും അന്തര്‍മുഖനായിരുന്ന ഒരു കുട്ടി. പിന്നീട് ജീവിത യാത്രയിലെവിടെയോ വെച്ച് സ്വപ്‌നങ്ങള്‍ കണ്ടു തുടങ്ങി. കേള്‍ക്കുന്നവര്‍ ആര്‍ത്തു ചിരിക്കുന്ന തീര്‍ത്തും അസാധ്യമെന്ന് ചുറ്റുമുള്ളവര്‍ ഉറപ്പിച്ച സ്വപ്‌നങ്ങള്‍. പതിയെപ്പതിയെ ആ കിനാക്കളിലേക്ക് അവന്‍ ചുവടുവെച്ചു തുടങ്ങുന്നു. ആരും സഞ്ചരിക്കാന്‍ ധൈര്യപ്പെടാത്ത വഴികളിലൂടെ. അങ്ങിനെയങ്ങിനെ ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനെന്ന് പദവിലേക്ക് നടന്നെത്തുന്നു അവന്‍. ഇതാണ് ഇലോണ്‍ മസ്‌ക്. വെല്ലുവിളികളെ പുഷ്പം പോലെ സ്വീകരിച്ച് കഠിനമായി പ്രയത്‌നിച്ച് വിജയം കൈപ്പിടിയിലൊതുക്കിയവന്‍. 26,460 കോടി യു.എസ് ഡോളറാണ് ഇന്ന് ഇലോണ്‍ മസ്‌കിന്റെ ആസ്തി.
അന്തര്‍മുഖനായിരുന്ന കുഞ്ഞു ഇലോണ്‍
ദക്ഷിണാഫ്രിക്കക്കാരനായ എഞ്ചിനീയറുടെയും കാനഡക്കാരിയായ ഡയറ്റീഷ്യന്റെയും മകനായി 1971 ജൂണ്‍ 28ന് പ്രിട്ടോറിയയിലാണ് ഇലോണ്‍ മസ്‌ക് ജനിച്ചത്. അത്ര സുഖകരമായിരുന്നില്ല കുട്ടിക്കാലം. അന്തര്‍മുഖനായിരുന്ന മസ്‌കിന് കുട്ടിയായിരിക്കുമ്പോഴേ തടിയന്‍ പുസ്തകങ്ങളായിരുന്നു കൂട്ട്. ഈ സ്വഭാവം കാരണം കൂട്ടുകാര്‍ കളിയാക്കുകയും തരം കിട്ടിയാല്‍ അടിക്കുകയും ചെയ്യുമായിരുന്നു. കുട്ടിയായിരിക്കുമ്പോള്‍ സഹപാഠികളുടെ അടിയേറ്റ് മൂക്കിന്റെ പാലം തകര്‍ന്ന് ആശുപത്രിയില്‍ കിടന്നിട്ടുണ്ട്. ഒമ്പതാം വയസില്‍ മാതാപിതാക്കളുടെ വേര്‍പിരിയല്‍. പിന്നീട് പിതാവിന്റെ കൂടെ ജീവിതം. തീര്‍ത്തും പരുക്കനായിരുന്നു ഇലോണിന്റെ പിതാവ്. ജിവിതത്തില്‍ ഇന്നോളം കണ്ടിട്ടില്ലാത്ത ദുഷ്‌കൃത്യങ്ങള്‍ ചെയ്തു കൂട്ടിയിട്ടുള്ള ഒരാള്‍ എന്നാണ് അച്ഛനെ കുറിച്ച് ഇലോണ്‍ പറയാറ്.
12ാം വയസ്സില്‍ വീഡിയോ ഗെയിം വികസിപ്പിച്ചു, 500 ഡോളറിന് വിറ്റു
1981ലാണ് ഇലോണ്‍ ആദ്യമായി ഒരു കമ്പ്യൂട്ടര്‍ നേരില്‍ കാണുന്നത്. പോക്കറ്റ് മണിയും അച്ഛനോട് ചോദിച്ചുവാങ്ങിയ പണവുമെല്ലാം ചേര്‍ത്ത് സ്വന്തമായി ഹോം കമ്പ്യൂട്ടര്‍ വാങ്ങി. പ്രോഗ്രാമിങ്, കോഡിങ് എല്ലാം പുസ്തകങ്ങള്‍ നോക്കി പഠിച്ചു. കമ്പ്യൂട്ടര്‍ കുട്ടികളെ വഴിതെറ്റിക്കുമെന്ന് കരുതി അച്ഛന്‍ ഇലോണിന് വലിയ പ്രോത്സാഹനമൊന്നും നല്‍കിയിരുന്നില്ല. എന്നാല്‍ 10ആം വയസില്‍ തന്നെ കമ്പ്യൂട്ടര്‍ വിദഗ്ധനായി മാറിയ മസ്‌ക്, 12ആം വയസ്സില്‍ ബ്ലാസ്ടര്‍ എന്ന ഗെയിം വികസിപ്പിച്ചു 500 ഡോളറിന് വിറ്റു.
ഹൈസ്‌കൂള്‍ പഠനം കഴിഞ്ഞ് അമേരിക്കയിലേക്ക്
ഹൈസ്‌കൂള്‍ പഠനം കഴിഞ്ഞപ്പോഴേ ഉറപ്പിച്ചു ഇനി പ്രിട്ടോറിയയില്‍ നിന്നാല്‍ ശരിയാകില്ല. അമേരിക്കയില്‍ എത്തണം. അതിനുള്ള എളുപ്പവഴിയായി കനേഡിയന്‍ പൗരയായിരുന്ന അമ്മ വഴി ആദ്യം കനേഡിയന്‍ പാസ്‌പോര്‍ട്ട് എടുത്തു കാനഡയിലെത്തി. അവിടന്ന് 1992 ല്‍ അമേരിക്കയിലെ പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ ചേര്‍ന്നു. ഇക്കണോമിക്‌സിലും ഊര്‍ജതന്ത്രത്തിലും ബിരുദം നേടി. സ്റ്റാന്‍ഫോര്‍ഡില്‍ ഗവേഷണം ചെയ്യാന്‍ പോയെങ്കിലും ഇതല്ല തന്റെ വഴിയെന്ന് തിരിച്ചറിഞ്ഞ് ഗവേഷണം തുടക്കത്തിലേ ഉപേക്ഷിച്ചു. ഇതിനിടെ സിലിക്കണ്‍ വാലിയില്‍ ചെയ്ത രണ്ട് ഇന്റേണ്‍ഷിപ്പുകള്‍ ഭാവിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറയിടാന്‍ സഹായകമായി. 1990കളില്‍ തന്നെ, ഇന്റര്‍നെറ്റിന്റെ അടുത്ത 10 വര്‍ഷത്തിലെ വളര്‍ച്ച തിരിച്ചറിഞ്ഞ് വഴിയിലേക്ക് തിരിയുകയായിരുന്നു.
തുടക്കമിട്ടത് സിപ് 2
1995ല്‍ സഹോദരനും സുഹൃത്തിനുമൊപ്പം സിപ് 2 എന്ന ഐ.ടി കമ്പനി തുടങ്ങി. പത്രങ്ങള്‍ക്ക് ഇന്റര്‍നെറ്റിലാവശ്യമായ സാങ്കേതിക സഹായങ്ങള്‍ നല്‍കുന്ന സ്ഥാപനമായിരുന്നു ഇത്. കടവും വിദ്യാഭ്യാസ ലോണ്‍ കുടിശ്ശികയുമൊക്കെയായി വലഞ്ഞ കാലം. വാടക വീടെടുക്കാന്‍ പോലും പണമില്ലാതെ ഓഫീസില്‍ തന്നെ ഉറക്കം. ന്യൂയോര്‍ക്ക് ടൈംസ് പോലുള്ള സ്ഥാപനങ്ങള്‍ സിപ് 2വിനെ സമീപിച്ചതോടെ പച്ചപിടിച്ചു. മസ്‌കിന് 22 മില്യണ്‍ ഡോളര്‍ ഓഹരി മൂല്യമായി ലഭിച്ചു. ഈ പണം കൊണ്ട് 1999ല്‍ ഇന്റര്‍നെറ്റിലൂടെ പണമിടപാടുകള്‍ നടത്തുന്ന എക്‌സ്.കോം എന്ന സ്ഥാപനം തുടങ്ങി. എക്‌സ് ഡോട്ട് കോം പിന്നീട് പേ പാലില്‍ ലയിച്ചു. ഇബേ പേ പാല്‍ വാങ്ങിയതോടെ ഇലോണിന് ലഭിച്ചത് 165 മില്യണ്‍ ഡോളറാണ്. 30 വയസ്സാകും മുന്‍പേ ഇലോണ്‍ മസ്‌ക് സ്വന്തം അധ്വാനം കൊണ്ടുമാത്രം കോടീശ്വരനായി.
ആരും കാണാത്ത സ്വപ്‌നം..ആരും പോവാത്ത വഴി
അതുവരെ ആരും സ്വപ്നം കാണാന്‍ പോലും ധൈര്യപ്പെട്ടിട്ടില്ലാത്ത ഒന്നായിരുന്നു ഇലോണ്‍ മസ്‌കിന്റെ മൂന്നാമത്തെ സംരംഭം. 2002ല്‍ 100 മില്യണ്‍ ഡോളര്‍ മുടക്കി തുടങ്ങിയ സ്‌പെയ്‌സ് എക്‌സ്. ഭൂമി വിട്ട് ബഹിരാകാശത്തെ ലക്ഷ്യമാക്കി ആയിരുന്നു ആ യാത്ര. ഒരു സ്വകാര്യ ബഹിരാകാശ സംരംഭമാണിത്. ആദ്യം അയച്ച രണ്ടു റോക്കറ്റുകളും ലക്ഷ്യത്തിലെത്തിയില്ല. പരാജയപ്പെട്ട റോക്കറ്റ് വിക്ഷേപണങ്ങള്‍ക്ക് ശേഷം 2008ല്‍ സ്‌പേസ് എക്‌സ്, മസ്‌കിനെ ഏതാണ്ട് കടക്കെണിയിലാക്കി. പിന്നാലെ ഫാല്‍ക്കണ്‍ വണ്‍ വിക്ഷേപം വിജയമായി. കമ്പനി വന്‍നേട്ടങ്ങളിലേക്ക് കുതിച്ചു. വിദഗ്ധരല്ലാത്ത സാധാരണക്കാരെ ബഹിരാകാശത്ത് എത്തിച്ച് ബഹിരാകാശ ടൂറിസത്തിനും തുടക്കം കുറിച്ചു.
സ്‌പെയ്‌സ് എക്‌സിനൊപ്പം ടെസ്‌ലയും
സ്‌പെയ്‌സ് എക്‌സിനൊപ്പം ടെസ്‌ലയെയും മസ്‌ക് വളര്‍ത്തിക്കൊണ്ടുവന്നു. ഇലോണ്‍ കമ്പനിയിലേക്ക് വരും മുന്‍പു തന്നെ അതായത് 2003 മുതല്‍ ടെസ്‌ല ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിച്ചിരുന്നു. ആഗോള സാമ്പത്തിക മാന്ദ്യം കാരണം, നിര്‍മിച്ച കാറുകള്‍ വിപണിയില്‍ വിറ്റുപോയില്ല. 2008ല്‍ മസ്‌കും ടെസ്‌ലയും പാപ്പരാകുന്ന അവസ്ഥയിലെത്തി. കടം വാങ്ങി, വീട് വിറ്റു. അക്കാലത്ത് ദിവസം 22 മണിക്കൂര്‍ വരെയൊക്കെ ജോലി ചെയ്തിരുന്നുവെന്ന് മസ്‌ക് പിന്നീട് പറഞ്ഞിട്ടുണ്ട്. 2010ല്‍ യു.എസ് സര്‍ക്കാരില്‍ നിന്നും 465 മില്യണ്‍ ഡോളറിന്റെ ധനസഹായം ലഭിച്ചതോടെയാണ് ടെസ്‌ല കരകയറിയത്. പിന്നീട് ടെസ്‌ലയ്ക്ക് വെച്ചടി വെച്ചടി കയറ്റമായിരുന്നു.
പോകാം ചോവ്വയിലേക്ക്
ബഹിരാകാശ യാത്രയുടെ ചെലവ് കുറയ്ക്കുക, ചൊവ്വാ കുടിയേറ്റം സാധ്യമാക്കുക എന്നെല്ലാമാണ് മസ്‌കിന്റെ ഇനിയുള്ള ലക്ഷ്യങ്ങള്‍. മനുഷ്യര്‍ക്ക് സ്ഥിരമായി ജീവിക്കാന്‍ കഴിയുന്ന, സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന സുസ്ഥിര നഗരമാണ് മസ്‌ക് ചൊവ്വയില്‍ ആസൂത്രണം ചെയ്യുന്നത്. 2024ല്‍ താന്‍ മനുഷ്യരെ ചൊവ്വയില്‍ എത്തിക്കുമെന്നാണ് മസ്‌കിന്റെ വാഗ്ദാനം.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഗവേഷണം നടത്തുന്ന ഓപ്പണ്‍ എ.ഐ, അതിവേഗ യാത്രാ തുരങ്കങ്ങള്‍ നിര്‍മിക്കാന്‍ ബോറിംഗ് കമ്പനി, കുറഞ്ഞ ചെലവില്‍ ഊര്‍ജമെത്തിക്കുന്ന സോളാര്‍ സിറ്റി, മണിക്കൂറില്‍ 1000 കിലോമീറ്റര്‍ വേഗതയെന്ന ലക്ഷ്യവുമായി ഹൈപ്പര്‍ലൂപ്പ്, മനുഷ്യന്റെ തലച്ചോര്‍ തുരന്ന് ചിപ്പുകള്‍ സ്ഥാപിക്കാന്‍ ന്യൂറ ലിങ്ക് എന്നിങ്ങനെ ഭാവിയിലേക്കുള്ള നിരവധി പദ്ധതികളില്‍ ഈ ഫ്യൂച്ചറിസ്റ്റിക് സംരംഭകന്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.
ജീവിതം..ലളിതം സുന്ദരം
വ്യക്തിപരമായ ആഡംബരങ്ങളൊന്നുമില്ല എന്നാണ് മസ്‌ക് അവകാശപ്പെടാറുള്ളത്. സ്വന്തമായി വീടില്ല, ആഡംബര നൌകയില്ല, അവധിയെടുക്കാറില്ല, സ്വന്തമായി വിമാനമുണ്ട്. അത് ജോലി ആവശ്യത്തിനാണ്. ടെസ്‌ലയിലെ ബേ ഏരിയയില്‍ പോകുമ്പോള്‍ കൂട്ടുകാരുടെ വീടുകളിലാണ് താമസമെന്ന് ഇലോണ്‍ മസ്‌ക് കഴിഞ്ഞ ആഴ്ച ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി.
ഒപ്പമുണ്ട് വിവാദങ്ങളും
മറ്റേത് പ്രമുഖനേയും പോലെ മസ്‌കിനൊപ്പവുമുണ്ട് വിവാദങ്ങള്‍.
ടെസ്‌ലയെ പ്രൈവറ്റ് ആക്കാന്‍ പോകുന്നുവെന്ന മസ്‌കിന്റെ 2017ലെ ട്വീറ്റ് ഏറെ വിവാദമായി. ഫെഡറല്‍ അന്വേഷണം വരെ വന്നതോടെ മരിജുവാന ഉപയോഗിച്ച ശേഷം ഇട്ട ട്വീറ്റാണെന്ന് മസ്‌ക് പറഞ്ഞു. 'ടെസ്‌ല സ്റ്റോക്ക് പ്രൈസ് ഈസ് റ്റൂ ഹൈ' എന്ന ട്വീറ്റിലൂടെ 2020ല്‍ ടെസ്‌ലയുടെ സ്റ്റോക്ക് 9 ശതമാനം ഇടിഞ്ഞു.
സ്‌പെയ്‌സ് എക്‌സിലെ ജീവനക്കാര്‍ ലൈംഗികമായി പീഡിപ്പിച്ചെന്നും സ്ത്രീവിരുദ്ധ സ്ഥാപനമാണ് അതെന്നുമുള്ള ജീവനക്കാരികളുടെ പരാതിയും സ്ഥാപന മേധാവി എന്ന നിലയില്‍ ഇലോണ്‍ മസ്‌കിനെ പ്രതിസന്ധിയിലാക്കി.
ഒടുവില്‍ ട്വിറ്ററും സ്വന്തമാക്കി
ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ട്വിറ്റര്‍ ഇനി ഇലോണ്‍ മസ്‌കിന് സ്വന്തം. 44 ബില്യണ്‍ ഡോളറിനാണ് കരാര്‍ ഉറപ്പിച്ചത്. 44 ബില്യണ്‍ ഡോളര്‍ റൊക്കം പണമായി നല്‍കാമെന്നാണ് കരാര്‍. ട്വിറ്ററിനെ ഏറ്റെടുക്കാമെന്ന ഇലോണ്‍ മസ്‌കിന്റെ വാഗ്ദാനം ട്വിറ്റര്‍ ബോര്‍ഡ് അംഗീകരിച്ചു. ഓഹരി ഒന്നിന് 54.20 ഡോളര്‍ എന്ന നിരക്കില്‍ 44 ബില്യണിനാണ് കരാര്‍. ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരികള്‍ ഈ മാസം ആദ്യം മസ്‌ക് സ്വന്തമാക്കിയിരുന്നു. ട്വിറ്ററിന്റെ ഓഹരിയിലെ ക്ലോസിംഗ് മൂല്യത്തേക്കാള്‍ 38 ശതമാനം കൂടുതലാണ് കരാര്‍ തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."