'വസ്ത്രധാരണം മൂലമുള്ള പ്രശ്നം ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തത്' ; ഇ.പിയെ പിന്തുണച്ച് എം.വി ഗോവിന്ദന്
തിരുവനന്തപുരം: പെണ്‍കുട്ടികളെ ഷര്‍ട്ടും പാന്റും ധരിപ്പിച്ച് ആണ്‍കുട്ടികളായി തെറ്റിദ്ധരിപ്പിച്ച് സമരത്തിനിറക്കുകയാണെന്ന എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ആണ്‍കുട്ടികളെപ്പോലെ പെണ്‍കുട്ടികള്‍ നടന്നാല്‍ പ്രതിഷേധങ്ങളില്‍ പൊലിസിന് തിരിച്ചറിയാന്‍ പ്രയാസമുണ്ടെന്ന് ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്ന് ഗോവിന്ദന് ന്യായീകരിച്ചു.
'ജയരാജന്റേത് സാമാന്യ മര്യാദയ്ക്കുള്ള ചോദ്യമാണ്. അതായത് ആണ്കുട്ടികളെപ്പോലെത്തന്നെ മുടി. ആണ്കുട്ടികളെപ്പോലെത്തന്നെ ഡ്രസ്. ആണ്കുട്ടികളെപ്പോലെത്തന്നെ എല്ലാക്കാര്യങ്ങളും. അങ്ങനെ വരുമ്പോള്‍ സ്വാഭാവികമായിട്ടും എങ്ങനെയാണ് തിരിച്ചറിയുക എന്നൊരു ചോദ്യം ചോദിച്ചു എന്നല്ലേയുള്ളൂ. അങ്ങനെ നടക്കാന്‍ പാടില്ലാന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. അങ്ങനെ ഡ്രസ് ഇടാന്‍ പാടില്ലെന്നും പറഞ്ഞിട്ടില്ല. പൊലീസിനു തിരിച്ചറിയാന്‍ സാധിക്കാത്ത രീതിയില്‍ വരുന്നു എന്നൊരു കാര്യം ചൂണ്ടിക്കാട്ടിയതാണ് ഇ.പി.ജയരാജന് അതില്‍ വേറെ പ്രശ്നമൊന്നുമില്ല' - ഗോവിന്ദന് പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധങ്ങള്‍ക്കെതിരെയായിരുന്നു ഇ പി ജയരാജന്റെ വിവാദ പരമാര്‍ശം. പെണ്‍കുട്ടികള്‍ പാന്റും ഷര്‍ട്ടും ധരിച്ച് ആണ്‍കുട്ടികളെപ്പോലെ സമരത്തിനിറങ്ങുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആക്ഷേപം. പെണ്‍കുട്ടികളെ ഇങ്ങനെ സമരത്തിനിറക്കി കോണ്‍ഗ്രസ് നേതാക്കള്‍ നാടിന്റെ അന്തരീക്ഷത്തെ വികൃതമാക്കുകയാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."