സിൽവർലൈനിൽ സംവാദം ഇന്ന് ബദൽ സംവാദം മെയ് നാലിന്
പ്രത്യേക ലേഖകൻ
തിരുവനന്തപുരം
സിൽവർലൈനിൽ എതിർശബ്ദം കേൾക്കാൻ വിളിച്ച സംവാദം ഇന്ന് രാവിലെ 11നു ഹോട്ടൽ താജ് വിവാന്തയിൽ നടക്കും. പദ്ധതിക്കെതിരേ എതിർപ്പ് ഉയർന്ന സാഹചര്യത്തിലാണ് വിയോജിപ്പ് രേഖപ്പെടുത്തിയ വിദഗ്ധരെ കൂടി ഉൾപ്പെടുത്തി സെമിനാർ സംഘടിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.
'വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനും' എന്ന പേരിലാണു സംവാദം. അലോക് വർമയും, ശ്രീധറും പിന്മാറിയതോടെ കണ്ണൂർ ഗവ. കോളജ് ഓഫ് എൻജിനീയറിങ് റിട്ട. പ്രിൻസിപ്പൽ ഡോ. ആർ.വി.ജി മേനോൻ മാത്രമാണ് എതിർശബ്ദമായി സംവാദത്തിലുണ്ടാകുക.
സാങ്കേതിക സർവകലാശാല മുൻ വി.സി ഡോ. കുഞ്ചെറിയ പി.ഐസക്, റിട്ടയേർഡ് റെയിൽവേ ബോർഡ് മെമ്പർ (എൻജിനീയറിങ്) സുബോധ് കുമാർ ജയിൻ, ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് എസ്.എൻ രഘുചന്ദ്രൻ നായർ എന്നിവരും പങ്കെടുക്കും.
ദേശീയ റെയിൽവേ അക്കാദമിയിലെ വകുപ്പു മേധാവി മോഹൻ എ.മേനോനാണ് മോഡറേറ്റർ. ക്ഷണിക്കപ്പെട്ട 50 പേർക്കും മാധ്യമങ്ങൾക്കും അവസരമൊരുക്കിയിട്ടുണ്ട്.
അതിനിടെ സിൽവർലൈനിൽ ബദൽ സംവാദം നടത്താൻ ജനകീയ പ്രതിരോധ സമിതി തീരുമാനിച്ചു. മെയ് നാലിനാകും സംവാദം നടക്കുക. അലോക് കുമാർ വർമ, ഇ.ശ്രീധരൻ, മുൻ മന്ത്രി തോമസ് ഐസക്, കെ.പി കണ്ണൻ, ശ്രീധർ രാധാകൃഷ്ണൻ, ജോസഫ് സി മാത്യു, കുഞ്ചെറിയ ഐസക്, ആർ.വി.ജി മേനോൻ, രഘു ചന്ദ്രൻ, രവിചന്ദ്രൻ, സി.ആർ നീലകണ്ഠൻ, ജോൺ പെരുവന്തനം. ഡോ. എം.പി മത്തായി, ജയരാമൻ, രവിശങ്കർ, രവിരാമൻ എന്നിവർ സംവാദത്തിൽ പങ്കെടുപ്പിക്കും. കെ റെയിൽ അധികൃതരെയും സംവാദത്തിലേക്ക് ക്ഷണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."