മുസ്‌ലിം ലീഗ് 75ലെത്തുമ്പോൾ
എൻ.പി ചെക്കുട്ടി
ഏഴരപ്പതിറ്റാണ്ടു മുമ്പ് 1948 മാർച്ചിൽ പഴയ മദ്രാസ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ മദിരാശി നഗരത്തിൽ റോയൽ ബാങ്ക്വിറ്റ് ഹാളിലാണ്(പിന്നീട് രാജാജി ഹാൾ) ഇന്ത്യൻ യൂനിയൻ മുസ് ലിം ലീഗ് പുനർജനിക്കുന്നത്. അതിനു മൂന്നുമാസം മുമ്പ് കറാച്ചിയിൽ ചേർന്ന അഖിലേന്ത്യാ ലീഗ് ദേശീയസമിതി അംഗങ്ങളുടെ യോഗം 1906ൽ ധാക്കയിൽ രൂപംകൊണ്ട അഖിലേന്ത്യാ മുസ്‌ലിം ലീഗ് എന്ന പ്രസ്ഥാനം പിരിച്ചുവിടാനും ഇന്ത്യയിലും പാകിസ്താനിലും വെവ്വേറെയായി പ്രവർത്തനങ്ങൾ പുനഃസംഘടിപ്പിക്കാനും തീരുമാനിച്ചിരുന്നു.
വളരെ സങ്കീർണവും അസാധാരണവുമായ ഒരു സാഹചര്യമാണ് അന്ന് ഇന്ത്യൻ മുസ് ലിംകളും അവരുടെ രാഷ്ട്രീയകക്ഷിയായി നിലകൊണ്ടിരുന്ന മുസ് ലിം ലീഗും നേരിട്ടത്. ബ്രിട്ടീഷ് ഭരണം ഇന്ത്യൻ ദേശീയപ്രസ്ഥാനത്തെ വിഭജിക്കാൻ കരുക്കൾ നീക്കിയ മുപ്പതുകളുടെ മധ്യത്തിലാണ് കോൺഗ്രസും മുസ് ലിം ലീഗും തമ്മിലുള്ള ഭിന്നതകൾ രൂക്ഷമാകുന്നത്. 1937ൽ പ്രവിശ്യാ അസംബ്ലികളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനാണ് ഭൂരിപക്ഷം ലഭിച്ചത്. എന്നാൽ ചിലയിടങ്ങളിൽ ലീഗിനും ജനകീയ പിന്തുണ കിട്ടി. മദിരാശി പ്രവിശ്യാ അസംബ്ലിയിൽ അന്ന് ലീഗിന് അംഗത്വം ഉണ്ടായിരുന്നു. ഇന്നത്തെ യു.പി അടങ്ങുന്ന യുനൈറ്റഡ് പ്രൊവിൻസിൽ ലീഗിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താമെന്നാണ് കോൺഗ്രസ് വാഗ്ദാനം ചെയ്തത്. എന്നാൽ അത് അട്ടിമറിക്കപ്പെട്ടു. ജവഹർലാൽ നെഹ്‌റുവാണ് അതിനു പ്രധാന കാരണക്കാരൻ എന്നാണ് ലീഗ് നേതൃത്വം ആരോപിച്ചത്. ഏതായാലും ലീഗിനെ അകറ്റിനിർത്തിയാണ് കോൺഗ്രസ് മന്ത്രിസഭാ രൂപീകരണം നടത്തിയത്. അത് ഇന്ത്യയുടെ ദേശീയചരിത്രത്തിലെ ഏറ്റവും മാരകമായ തെറ്റുകളിൽ ഒന്നായിരുന്നു എന്ന് പിന്നീട് പല ഇന്ത്യൻ ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്. കാരണം അന്നുമുതലാണ് ദ്വിരാഷ്ട്രവാദം ഇന്ത്യൻ രാഷ്ട്രീയമണ്ഡലത്തിൽ ശക്തമായി അലയടിക്കാൻ തുടങ്ങിയത്.
ദ്വിരാഷ്ട്രവാദം തികഞ്ഞ അബദ്ധമായിരുന്നു എന്നതിന് പിന്നീടുള്ള ഇന്ത്യയുടേയും പാക്കിസ്താന്റെയും ചരിത്രം തന്നെയാണ് മുഖ്യസാക്ഷി. വ്യത്യസ്ത മതവിശ്വാസങ്ങൾ ഒന്നിച്ചുകഴിയുന്ന ജനാധിപത്യ, മതേതര രാഷ്ട്രസങ്കൽപമാണ് ഇന്ത്യയുടെ ദേശീയനേതൃത്വം ഉയർത്തിപ്പിടിച്ചത്. പരിമിതികൾ ഉണ്ടെങ്കിലും ഇന്ത്യയിൽ ഇന്നും ഒരു പൊതുജനാധിപത്യസമൂഹം നിലനിൽക്കുന്നു. വിഭജനവാദത്തിന്റെയും വിഭാഗീയതയുടെയും ആശയങ്ങളെ പൊതുവിൽ ഇന്ത്യൻ സമൂഹം തിരസ്‌കരിക്കുന്നതാണ് ഈ കാലയളവിൽ നാം കാണുന്നത്. എന്നാൽ മറുഭാഗത്തു പാകിസ്താൻ ഒരു രാഷ്ട്രം എന്ന നിലയിൽ ഒന്നിച്ചുനിൽക്കുന്നതിൽ പരാജയപ്പെട്ടു. അതിന്റെ ദുരനുഭവങ്ങൾ ആദ്യമായി പ്രത്യക്ഷപ്പെട്ടതു കിഴക്കൻ ബംഗാളിലാണ്. കിഴക്കൻ പാകിസ്താൻ എന്നറിയപ്പെട്ട ആ പ്രദേശം ഒരു വിമോചനപ്പോരാട്ടത്തിന്റെ ഒടുവിൽ 1971ൽ ബംഗ്ലാദേശ് എന്ന പേരിൽ പുതുരാജ്യമായി. രാജ്യത്തെ വിവിധവിഭാഗം ജനങ്ങളെ ഒന്നിപ്പിച്ചുനിർത്തുന്നതിൽ അവർ പരാജയപ്പെട്ടു. ഇന്ന് ആ രാജ്യത്തെ നിലനിർത്തുന്നത് അതിന്റെ ദേശീയതയുടെ ആശയങ്ങളല്ല; മറിച്ചു സൈനിക – പൊലിസ് സംവിധാനത്തിന്റെ സായുധശക്തിയാണ്.
എന്തുകൊണ്ട് ഇന്ത്യക്കു ഒരു പുതുദേശരാഷ്ട്രം എന്ന നിലയിൽ വിജയിക്കാൻ കഴിഞ്ഞു എന്ന ചോദ്യത്തിന് ഉത്തരം 1948ൽ മുസ് ലിം ലീഗ് വീണ്ടും പ്രവർത്തനമാരംഭിച്ച ജനാധിപത്യ അന്തരീക്ഷം തന്നെയാണ്. അത് ഉൾക്കൊള്ളലിന്റെ ഒരു പ്രത്യയശാസ്ത്രമാണ് ഉദ്ഘോഷിച്ചത്. ഇന്ത്യയുടെ ദേശീയ മുഖ്യധാരയിൽ വേണ്ടത്ര പരിഗണനയോ പ്രാതിനിധ്യമോ കിട്ടാത്ത നിരവധി ജനവിഭാഗങ്ങൾ അന്നുണ്ടായിരുന്നു; ഇന്നും അതൊക്കെ വാസ്തവവുമാണ്. പക്ഷേ അവർക്കു തങ്ങളുടെ ആവശ്യങ്ങൾ ഉയർത്തിക്കൊണ്ടു ജനാധിപത്യ സമൂഹത്തിൽ നിലനിൽക്കാനും ശാക്തീകരണം സാധിക്കാനുമുള്ള അവസരം ഇന്ത്യൻ ഭരണഘടന ഒരുക്കിക്കൊടുത്തു. അതിലൂടെയാണ് ഇന്ത്യ ഇന്നു ഒരു വൻ സാമ്പത്തിക-രാഷ്ട്രീയ ശക്തിയായി ലോകരംഗത്തു തലയുയർത്തി നിൽക്കുന്നത്.
എന്നാൽ ലീഗിന്റെ ആവിർഭാവകാലത്തു അത്തരം ഭാവിയെ സംബന്ധിച്ച ഒരുറപ്പും അതിന്റെ ആദ്യകാല നേതാക്കൾക്ക് ഉണ്ടായിരുന്നില്ല. വിഭജനത്തിന്റെ പൂർണ ഉത്തരവാദിത്വം മുസ് ലിംകളുടെ തലയിലാണ് അന്ന് നിക്ഷേപിക്കപ്പെട്ടത്. ആർ.എസ്.എസ് ആഭിമുഖ്യത്തിൽ രൂപീകരിക്കപ്പെട്ട ഭാരതീയ ജനസംഘം പോലുള്ള വലതുപക്ഷ കക്ഷികൾ മാത്രമല്ല, പല കോൺഗ്രസ് നേതാക്കളും അത്തരം സമീപനം തന്നെയാണ് സ്വീകരിച്ചത്. ആഭ്യന്തരമന്ത്രി സർദാർ പട്ടേലും ജി.ബി പന്ത്, രാജേന്ദ്രപ്രസാദ് അടക്കമുള്ള മറ്റു പ്രമുഖ നേതാക്കളും അതേ ആശയമാണ് പങ്കുവെച്ചത്. എന്തിനു നെഹ്‌റു പോലും ലീഗിന്റെ പുനരുദ്ധാരണം ആശങ്കയോടെയാണ് നോക്കിക്കണ്ടത്. ഇന്ത്യയിൽ ലീഗിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മുഹമ്മദ് ഇസ്മാഇൗൽ സാഹിബിന്റെ ജീവചരിത്രത്തിൽ അന്നത്തെ അന്തരീക്ഷം സംബന്ധിച്ച വിശദമായ വിവരണങ്ങളുണ്ട്. മദിരാശിയിലെ യോഗത്തിനു തൊട്ടുമുമ്പ് രാജ്ഭവനിൽ എത്തിയ ഗവർണർ ജനറൽ മൗണ്ട്ബാറ്റൺ പ്രഭു ഇസ്മാഇൗൽ സാഹിബിനെ വിളിച്ചുവരുത്തി ലീഗ് ദേശീയസമിതി അംഗങ്ങളുടെ യോഗം വിളിച്ചു ചേർക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. ഈ നിർദേശം തന്റേതല്ല, പ്രധാനമന്ത്രി(നെഹ്‌റു)യുടെതാണ് എന്നദ്ദേഹം അറിയിക്കുകയും ചെയ്തു. എന്നാൽ ഇസ്മാഇൗൽ സാഹിബ് അതു തള്ളി.
അതേസമയം, ഇന്ത്യയിൽ അവശേഷിച്ച ലീഗ് നേതാക്കളിൽ പോലും ഇക്കാര്യത്തിൽ സമവായം ഉണ്ടായിരുന്നില്ല. ലീഗ് വീണ്ടും പ്രവർത്തനം ആംഭിക്കുന്നത് സമുദായത്തിനു ദോഷകരമാകും എന്ന നിലപാടുള്ള നേതാക്കൾ പാർട്ടിയിൽ ധാരാളം ഉണ്ടായിരുന്നു; പ്രത്യേകിച്ചും വടക്കേ ഇന്ത്യയിലെ നേതാക്കൾ പലരും അത്തരം ചിന്തയാണ് പുലർത്തിയത്. അതിനാൽ മദിരാശി യോഗത്തിൽ ഉത്തരേന്ത്യൻ പ്രവിശ്യകളിൽനിന്ന് വളരെ കുറഞ്ഞ പ്രാതിനിധ്യം മാത്രമാണ് ഉണ്ടായിരുന്നത്.
ലീഗിന്റെ ആവിർഭാവം സംബന്ധിച്ച ഒരു അക്കാദമിക പഠനം തയാറാക്കിയ അമേരിക്കൻ പണ്ഡിതൻ തിയഡോർ റൈറ്റ് പറയുന്നത് 33 അംഗങ്ങൾ മാത്രമാണ് യോഗത്തിനു എത്തിയത് എന്നാണ്. പലരും അതിനകം പാകിസ്താനിലേക്ക് കളംമാറി കഴിഞ്ഞിരുന്നു. അതിൽ പ്രധാനിയാണ് യു.പിയിലെ പ്രമുഖ നേതാവായിരുന്ന ചൗധരി ഖാലിക്കുസ്സുമാൻ. മുഹമ്മദലി ജിന്ന കഴിഞ്ഞാൽ അദ്ദേഹമായിരുന്നു ലീഗിന്റെ പ്രധാനി. സ്വാതന്ത്ര്യത്തിന്റെ പുലരിയിൽ പാർലമെന്റിന്റെ ആദ്യത്തെ യോഗത്തിൽ നെഹ്‌റു, ഡോ. രാധാകൃഷ്ണൻ എന്നിവർക്കൊപ്പം ഇന്ത്യൻ ജനതയെ അഭിസംബോധന ചെയ്ത നേതാവായിരിന്നു ഖാലിക്കുസ്സുമാൻ. എന്നാൽ വൈകാതെ അദ്ദേഹം പാകിസ്താനിലെത്തി.
മലബാറിൽ നിന്നാണ് ഏറ്റവും കൂടുതൽ പ്രതിനിധികൾ മദിരാശിയിലെ ആദ്യയോഗത്തിനു എത്തിയത്. അതിനു കാരണം വിഭജനത്തിന്റെ മുറിവുകളും ഉത്കണ്ഠകളും ഇവിടെ താരതമ്യേന പരിമിതമായി മാത്രമാണ് അനുഭവപ്പെട്ടത്. മാത്രമല്ല, മലബാറിലെങ്കിലും ലീഗ് സംഘടിതമായ ഒരു രാഷ്ട്രീയപ്രസ്ഥാനം എന്ന നിലയിൽ നിലകൊണ്ടിരുന്നു. അതിനാൽ ലീഗിനെ വീണ്ടും കെട്ടിപ്പടുക്കുന്നതിൽ മലബാറിലെ നേതാക്കളാണ് ഇസ്മാഇൗൽ സാഹിബിനു കരുത്തായി നിന്നത്. മലബാർ അടക്കമുള്ള മദ്രാസ് പ്രവിശ്യ കഴിഞ്ഞാൽ ബോംബെയിൽ നിന്നും മൈസൂരിൽ നിന്നുമാണ് കൂടുതൽ പ്രതിനിധികൾ വന്നത്.
എന്നാൽ അവർക്കിടയിലും ഭിന്നതകൾ നിലനിന്നിരുന്നു. കോഴിക്കോട്ടെ വ്യാപാരപ്രമുഖനും പ്രവിശ്യാ നിയമസഭയിൽ അംഗവുമായിരുന്ന പി.പി ഹസ്സൻ കോയ ലീഗ് പുനരുദ്ധാരണത്തെ എതിർത്തു പ്രമേയം കൊണ്ടുവന്നതായി തിയോഡോർ റൈറ്റ് ചൂണ്ടിക്കാണിക്കുന്നു. മദ്രാസിലെ എം.എസ്.എ മജീദ് അതിനു പിന്തുണയും നൽകി. എന്നാൽ മലബാറിൽ നിന്നുള്ള ബി പോക്കർ, കെ. ഉപ്പി, അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ തുടങ്ങിയ നേതാക്കൾ പ്രമേയത്തെ എതിർത്തു. ലീഗിന്റെ പുനഃസ്ഥാപനം സമുദായത്തിന്റെ മുന്നോട്ടുപോക്കിനു അനിവാര്യമാണ് എന്ന നിലപാടാണ് അവർ കൈക്കൊണ്ടത്.
ഈയൊരു പ്രതിസന്ധിയിൽ ഒരു സമവായനീക്കമാണ് ലീഗ് നടത്തിയത്. മലബാറിൽ നിന്നുള്ള പി.കെ മൊയ്തീൻകുഞ്ഞി (യുദ്ധകാലത്തു കോൺഗ്രസിൽ പിളർപ്പുണ്ടായപ്പോൾ ഒരു പക്ഷത്തിന്റെ നേതാവായിരുന്ന അദ്ദേഹം പിന്നീട് ലീഗിലെത്തി. പൊതുമരാമത്തു മന്ത്രി മുഹമ്മദ് റിയാസിന്റെ കുടുംബബന്ധുവാണ് അദ്ദേഹം) അവതരിപ്പിച്ച സമവായ പ്രമേയത്തിൽ പറഞ്ഞത് മുസ് ലിംലീഗ് സാമുദായികവും വിദ്യാഭ്യാസപരവുമായ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുമെന്നാണ്. 1951ൽ ലീഗിന്റെ ഭരണഘടനയും മറ്റും അംഗീകരിച്ച വേളയിലാണ് അതിന്റെ രാഷ്ടീയമേഖലയിലെ പ്രവർത്തനങ്ങൾ സംബന്ധിച്ച കൃത്യമായ ദിശാബോധം കൈവന്നത്.
അതെല്ലാം കഴിഞ്ഞിട്ടിപ്പോൾ ഏഴരപ്പതിറ്റാണ്ടു കഴിഞ്ഞു. ലീഗിനെ സംബന്ധിച്ച് ആദ്യത്തെ രണ്ടു പതിറ്റാണ്ടുകൾ കടുത്ത പ്രതിസന്ധികളുടെ കാലമായിരുന്നു. അറുപതുകളിലാണ് അവർ ആദ്യമായി അധികാരപദവികളിൽ എത്തിപ്പെടുന്നത്. എന്നാൽ 1957ൽ പ്രതിപക്ഷകക്ഷി എന്ന നിലയിലും 1967ൽ ഇ.എം.എസ് നയിച്ച സപ്തകക്ഷി മന്ത്രിസഭയിലെ പങ്കാളി എന്ന നിലയിലും ലീഗ് കേരളത്തിൽ വേരുകൾ ആഴത്തിൽ പടർത്തി. 1970ലെ അച്യുതമേനോൻ മന്ത്രിസഭയുടെ കാലം മുതൽ കേരളത്തിലെ ഭരണരംഗത്തു അവർ നിർണായക ശക്തികളായി.
2004ൽ ഡോ. മൻമോഹൻ സിങ് നയിച്ച യു.പി.എ സർക്കാരിൽ മുസ് ലിം ലീഗ് അംഗത്വം നേടി. എഴുപതുകളിൽ ഏഴു സംസ്ഥാനങ്ങളിൽ അവർ വേരോട്ടമുണ്ടാക്കിയിരുന്നു; മിക്കയിടങ്ങളിലും നിയമസഭയിൽ അംഗത്വവും ബംഗാൾ പോലെ ചിലയിടങ്ങളിൽ മന്ത്രിസ്ഥാനവും നേടി. പക്ഷേ അടിയന്തരാവസ്ഥക്കാലത്തു എടുത്ത കോൺഗ്രസ് വിധേയ സമീപനം ഉത്തരേന്ത്യയിൽ അതിന്റെ അടിത്തറ തകർത്തു. പിന്നീട് പല പുതു രാഷ്ട്രീയ പരീക്ഷണങ്ങൾക്കും ഇന്ത്യൻ മുസ് ലിംകൾ വിധേയരായി. ഇന്നും ദേശീയരാഷ്ട്രീയത്തിൽ തങ്ങളുടെ കൃത്യമായ ഭാഗധേയം നിർണയിക്കുന്നതിൽ അവർ വിജയിച്ചിട്ടില്ല. അതൊക്കെയാണെങ്കിലും ഇന്ത്യയിൽ ലീഗിന്റെ പ്രവർത്തനങ്ങൾ രാജ്യത്തിൻ്റെ മുന്നോട്ടുള്ള പ്രയാണത്തിൽ മുസ് ലിം സമുദായത്തിന്റെ അഭിമാനാവഹമായ പങ്കാളിത്തത്തിന്റെ നിദർശനമായി കണക്കാക്കുക തന്നെ വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."