'അഖ്‌ലാഖിനെ കൊന്ന പോലെ കൊല്ലും' തമിഴ്‌നാട്ടിലെ അതിഥി തൊഴിലാളികളെ സംബന്ധിച്ച വാര്‍ത്ത വ്യാജമെന്ന് തെളിയിച്ച മുഹമ്മദ് സുബൈറിന് ഹിന്ദുത്വരുടെ വധഭീഷണി
ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ അതിഥി തൊഴിലാളികള്‍ ആക്രമിക്കപ്പെടുന്നുവെന്ന വാര്‍ത്ത വ്യാജമാണെന്ന് തെളിയിച്ചതിന് പിന്നാലെ ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ കൊലവിളി ആഹ്വാനവുമായി ഹിന്ദുത്വവാദികള്. ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് സുബൈറിനെതിരെ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ തമിഴ്‌നാട്ടില്‍ ജോലിക്കെത്തിയ ബിഹാറില്‍ നിന്നുള്ള തൊഴിലാളികള്‍ കൊലചെയ്യപ്പെടുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ മുന്‍നിര മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഈ വാര്‍ത്ത വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി മുഹമ്മദ് സുബൈര്‍ ഉള്‍പ്പെടെ നിരവധി വസ്തുതാ പരിശോധകര്‍ രംഗത്തെത്തി.
വാര്‍ത്ത വ്യാജമാണെന്ന് തെളിഞ്ഞതോടെ തീവ്ര വലതുപക്ഷ മാധ്യമമായ ഓപ് ഇന്ത്യയുടെ എഡിറ്റര്‍ നുപുര്‍ ശര്‍മ, സി.ഇ.ഒ രാഹുല്‍ റോഷന്‍, ഹിന്ദി ദിനപത്രമായ ദൈനിക് ഭാസ്‌കര്‍, ഉത്തര്‍പ്രദേശ് ബി.ജെ.പി വക്താവ് പ്രശാന്ത് ഉംറാവു, തുടങ്ങിയവര്‍ക്കെതിരെ പൊലിസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സുബൈറിനെതിരേയും വധഭീഷണികളുടെ പ്രവാഹം തുടങ്ങിയതെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുഹമ്മദ് സുബൈറിനെതിരെ വധഭീഷണി മുഴക്കിയവരില്‍ സുപ്രിം കോടതി അഭിഭാഷകന്‍, വലതുപക്ഷ കോളമിസ്റ്റ് തുടങ്ങിയവരും ഉള്‍പ്പെടുന്നുണ്ട്.
'പ്ലാന്‍ ഓണ്‍ ആണ്. മൂത്രമൊഴിക്കാന്‍ പോലും അവന് ഇനി ട്യൂബ് വേണ്ടിവരും' എന്നാണ് വലതുപക്ഷ കോളമിനിസ്റ്റും മുന്‍ ഓപ് ഇന്ത്യ എഡിറ്ററുമായ ഹര്‍ഷില്‍ മേത്തയുടെ ട്വീറ്റ്. 'വോള്‍ഫ് അറ്റാക്ക്(ഭീകരമായ ആക്രമണം) ആണ് ചിലര്‍ നിര്‍ദ്ദേശിക്കുന്നത്. അഖ്‌ലാക്കിനെ പോലെ സുബൈറിനെയും കൊല്ലണമെന്നും ചിലര്‍ പറയുന്നു. 2015 ല്‍ ബീഫ് കൈവശം വെച്ചെന്ന് ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശ് സ്വദേശിയായ മുഹമ്മദ് അഖ്‌ലാക്കിനെ ആള്‍ക്കൂട്ടം തല്ലിക്കൊല്ലുകയായിരുന്നു.
സുബൈറിനോട് താന്‍ ഒരിക്കലും പൊറുക്കില്ലെന്ന് സുപ്രിം കോടതി അഭിഭാഷകന്‍ ശശാങ്ക് ശേഖര്‍ ട്വീറ്റ് ചെയ്തു.
നേരത്തേയും തനിക്ക് വധഭീഷണികള്‍ ലഭിച്ചിരുന്നുവെന്നും എന്നാല്‍ ഇത്തരത്തില്‍ ശക്തമായവ ഉണ്ടായിരുന്നില്ലെന്നും സുബൈര്‍ പറയുന്നു. അതേസമയം വധഭീഷണികളെ കുറിച്ച് തങ്ങള്‍ അറിഞ്ഞിട്ടില്ലെന്നും സുബൈര്‍ ആവശ്യപ്പെട്ടാല്‍ സുരക്ഷ നല്‍കുമെന്നും ബെംഗളൂരു പൊലിസ് കമ്മീഷണര്‍ പ്രതാപ് റെഡ്ഢി പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.
നേരത്തേ നിരവധി തവണ സുബൈറിനെതിരെ ഹിന്ദുത്വവാദികളുടെ ആക്രമണമുണ്ടായിട്ടുണ്ട്. ഒരു ട്വീറ്റുമായി ബന്ധപ്പെട്ട് സുബൈര്‍ ഡല്‍ഹി പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ട്വീറ്റ് ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അറസ്റ്റ്. അറസ്റ്റിന് പിന്നാലെ സുബൈറിനെതിരെ ഉത്തര്‍പ്രദേശിലും നിരവധി എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു.
24 ദിവസത്തെ ജയില്‍വാസത്തിന് ശേഷമായിരുന്നു സുബൈറിന് ജാമ്യം ലഭിച്ചത്. ഒരു മാധ്യമപ്രവര്‍ത്തകനെ എഴുത്തില്‍ നിന്നോ ട്വീറ്റ് ചെയ്യുന്നതില്‍ നിന്നോ തടയാനാകില്ല എന്നായിരുന്നു ജാമ്യം നല്‍കികൊണ്ട് അന്ന് കോടതി നിരീക്ഷിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."