റെംഡെസിവിര്‍ ഇഞ്ചക്ഷന്റെ വ്യാജന്‍ വിറ്റു വി.എച്ച്.പി വര്‍ക്കിങ് പ്രസിഡന്റ് ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരേ കേസ്
ഭോപാല്‍: കൊവിഡ് രോഗികള്‍ക്ക് നല്‍കുന്ന ആന്റി വൈറലായ റെംഡെസിവിര്‍ ഇന്‍ജക്ഷന്റെ വ്യാജന്‍ വിറ്റ കേസില്‍ മധ്യപ്രദേശ് ജബല്‍പുരിലെ വി.എച്ച്.പി വര്‍ക്കിങ് പ്രസിഡന്റ് ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ കേസ്. ഒരു ലക്ഷത്തിലേറെ വ്യാജ റെംഡെസിവിര്‍ വിറ്റുവെന്നാണ് പൊലിസ് കണ്ടെത്തിയത്. ജബല്‍പുര്‍ വി.എച്ച്.പി പ്രസിഡന്റ് സരബ്ജിത് സിങ് മോക്ക, ദേവേന്ദ്ര ചൗരസ്യ, സ്വപന്‍ ജെയ്ന്‍ എന്നിവര്‍ക്കെതിരെയാണു കേസ്. മധ്യപ്രദേശ് പൊലിസ് നല്‍കിയ വിവരപ്രകാരം സ്വപന്‍ ജെയ്‌നെ സൂറത്ത് പൊലിസ് അറസ്റ്റ് ചെയ്തു. സരബ്ജിത്തും ദേവേന്ദ്രയും ഒളിവിലാണ്.
പ്രതികള്‍ക്കെതിരെ ഐ.പി.സി 274, 275, 308, 420 വകുപ്പുകളും ദുരന്ത നിവാരണ നിയമം, ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് നിയമം തുടങ്ങിയവയും ചുമത്തിയതായി ജബല്‍പുര്‍ എ.എസ്.പി രോഹിത് കഷ്‌വാനി പറഞ്ഞു. സ്ഥലത്തെ സിറ്റി ഹോസ്പിറ്റലിന്റെ ഉടമ കൂടിയാണു സരബ്ജിത് സിങ് മോക്ക. ഇയാളുടെ മാനേജരാണു ദേവേന്ദ്ര ചൗരസ്യ. ഫാര്‍മ കമ്പനികളുമായുള്ള ഡീലര്‍ഷിപ്പുള്‍പ്പെടെ കൈകാര്യം ചെയ്യുന്നതു സ്വപന്‍ ജെയ്ന്‍ ആണെന്നു പൊലിസ് പറഞ്ഞു. സരബ്ജിത്തിനു സര്‍ക്കാരിലെ മുതിര്‍ന്ന മന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്നാണു റിപ്പോര്‍ട്ട്.
ഇന്‍ഡോറില്‍നിന്ന് ഇയാള്‍ക്ക് 500 വ്യാജ റെംഡെസിവിര്‍ മരുന്നു കിട്ടിയെന്നും തന്റെ ആശുപത്രിയിലെത്തിയ രോഗികള്‍ക്ക് 35,000,40,000 നിരക്കിലാണു വിറ്റതെന്നും പൊലിസ് അറിയിച്ചു. സമാനമായ കേസില്‍ അറസ്റ്റിലായ 11 പേര്‍ക്കെതിരേ ഇന്‍ഡോര്‍ പൊലിസ് ദേശസുരക്ഷാ നിയമം ചുമത്തിയിട്ടുണ്ട്. വ്യാജ റെഡെസിവിറുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ പൊലിസിന് ലഭിച്ചിട്ടുണ്ട്. റെംഡെസിവിര്‍ റാക്കറ്റിനെ കുറിച്ചു കൂടുതലറിയാനും ഇതു തകര്‍ക്കാനും സി.ബി.ഐ അന്വേഷണം വേണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."