മുന്നണി പോരാളികള്‍ക്ക് കൊവിഡ് പടരുന്നു പ്രതിരോധം പ്രതിസന്ധിയില്‍
തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയാന്‍ നിയോഗിച്ച മുന്നണി പോരാളികള്‍ക്കിടയില്‍ രോഗം പടരുന്നത് സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാക്കിയേക്കും.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന പൊലിസിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം പടര്‍ന്ന് പിടിക്കുന്നത്. ഇന്നലെവരെ ഏകദേശം 1,300 പൊലിസുകാര്‍ക്കും 1,200 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് രോഗം ബാധിച്ചത്. വരും ദിവസങ്ങളില്‍ രോഗബാധിതരുടെ എണ്ണം കൂടുമെന്ന വിലയിരുത്തലിലാണ് പൊലിസ് സേനയും ആരോഗ്യ വകുപ്പും.
മലപ്പുറം, പാലക്കാട്, എറണാകുളം ജില്ലകളിലാണ് കൂടുതല്‍ പൊലിസുകാര്‍ക്ക് രോഗം വന്നത്. 80 ശതമാനം സേനാംഗങ്ങള്‍ക്കും രണ്ടാംഘട്ട വാക്‌സിന്‍ നല്‍കിയിരുന്നു. വാക്‌സിനെടുത്തവര്‍ക്കും രോഗം വന്നിട്ടുണ്ട്. ഒരു സേനാംഗത്തിന് രോഗം വന്നാല്‍ സമ്പര്‍ക്കത്തിലുള്ളവരെ ക്വാറന്റൈനില്‍ അയക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
രോഗം പടരുന്ന സാഹചര്യത്തില്‍ ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കാന്‍ ഡി.ജി.പി നിര്‍ദേശിച്ചു. നിരത്തുകളില്‍ വാഹന പരിശോധന നടത്തുന്നത് 24 മണിക്കൂറും തുടരുന്നതിനാല്‍ മൂന്നു ഷിഫ്റ്റുകളായി പൊലിസുകാര്‍ ജോലി ചെയ്യണമെന്നാണ് ഡി.ജി.പിയുടെ ഉത്തരവ്.
വാഹനപരിശോധനക്കായി ജോലിക്കെത്തേണ്ട സ്ഥലം പൊലിസുകാരെ ഉന്നത ഉദ്യോഗസ്ഥര്‍ ഫോണില്‍ അറിയിക്കണം. ജോലിക്കു ശേഷം പൊലിസുകാര്‍ വീട്ടില്‍ തന്നെ മടങ്ങിപ്പോകണമെന്നും കറങ്ങി നടക്കരുതെന്നുമാണ് പൊലിസ് മേധാവിയുടെ നിര്‍ദേശം.
സ്റ്റേഷന്‍ ജോലികള്‍ക്കും കേസന്വേഷണത്തിനും പ്രത്യേക സംഘത്തെ നിയോഗിക്കണം. പരാതികള്‍ പരമാവധി ഓണ്‍ലൈന്‍ വഴിയാക്കണമെന്നും നിര്‍ദേശമുണ്ട്.
ആദ്യതരംഗത്തെ അപേക്ഷിച്ച് രണ്ടാം തരംഗത്തില്‍ കൊവിഡ് ബാധിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം ഇരട്ടിയാവുകയാണ്. കണ്ണൂരിലാണ് ഏറ്റവും ഗുരുതരസ്ഥിതി. കാസര്‍കോട്, കോഴിക്കോട്, എറണാകുളം, തൃശൂര്‍ ജില്ലകളിലും ഗുരുതരമാണ്. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് രോഗബാധ ഉണ്ടാകുന്നെങ്കിലും ഗുരുതരമാകുന്നില്ല എന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."