വൈദ്യുതി ക്ഷാമത്തിനു പിന്നിൽ?
കൊവിഡ് മഹാമാരിയിൽനിന്ന് രാജ്യം പതുക്കെ കരകയറുകയും ടൂറിസം-വ്യാവസായിക മേഖലകളിൽ ഉണർവ് വീണ്ടെടുക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് രാജ്യത്താകമാനം വൈദ്യുതി ക്ഷാമം ഇരുട്ട് പടർത്താനൊരുങ്ങുന്നത്. വൈദ്യുതി ക്ഷാമത്തെത്തുടർന്ന് രണ്ടു ദിവസമാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തിയത്. ജാർഖണ്ഡിലെ മൈഥോൺ പവർ സ്റ്റേഷനിൽ കൽക്കരിക്ഷാമം മൂലം ഉൽപാദനം കുറച്ചതിനാൽ കേരളത്തിനു ലഭിക്കേണ്ടിയിരുന്ന 400 മുതൽ 500 വരെ മെഗാവാട്ട് വൈദ്യുതിയുടെ കുറവ് വന്നതുമൂലം നിയന്ത്രണമേർപ്പെടുത്തേണ്ടിവന്നു എന്നാണ് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി നൽകുന്ന വിശദീകരണം.
കൽക്കരിക്ഷാമം മൂലം രാജ്യത്തെ പല താപനിലയങ്ങളിൽനിന്നുമുള്ള വൈദ്യുതി ഉൽപാദനം മന്ദീഭവിച്ചിരിക്കുകയാണ്. ഇതു പല സംസ്ഥാനങ്ങളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഒൻപത് സംസ്ഥാനങ്ങളിൽ ഇതിനകം വൈദ്യുതി നിയന്ത്രണമേർപ്പെടുത്തിക്കഴിഞ്ഞു. രാജസ്ഥാനിൽ ഏഴു മണിക്കൂറാണ് പവർകട്ട്. അപ്രഖ്യാപിത പവർകട്ട് വേറെയും. ജമ്മു-കശ്മിരിൽ 16 മണിക്കൂർ വരെ പവർകട്ട് ഏർപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്.
ആശങ്ക വേണ്ടെന്നു കേന്ദ്രം പറയുന്നത് കൽക്കരിക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ താപനിലയങ്ങളിൽനിന്നുള്ള വൈദ്യുതിയുൽപാദനത്തിന്റെ കുറവ് പരിഹരിക്കാൻ രാജ്യത്തെ വാതകാധിഷ്ഠിത വൈദ്യുതി ഉപയോഗപ്പെടുത്താൻ കഴിയുമെന്ന ധാരണയിലാണ്. എന്നാൽ വർധിച്ച ഇന്ധനവിലയുടെ ആഘാതത്തിൽ വാതകാധിഷ്ഠിത വൈദ്യുതി നിലയങ്ങളിൽ പലതും പൂട്ടിക്കിടപ്പാണെന്ന് ആശങ്ക വേണ്ടെന്നു പറഞ്ഞ കേന്ദ്ര കൽക്കരി ഖനന മന്ത്രി പ്രഹ്ലാദ് ജോഷി അറിയാതെ പോയതാകാം.
കഴിഞ്ഞ വർഷം ഒക്ടോബറിലും ഇപ്പോഴുണ്ടായ കൽക്കരി ക്ഷാമത്തെ അനുസ്മരിപ്പിക്കുന്ന വാർത്തകൾ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കൽക്കരി പ്രതിസന്ധി യഥാർഥത്തിൽ ഉള്ളതാണോ എന്ന സംശയവും ഇതോടൊപ്പം ഉയരുന്നുണ്ട്. കൽക്കരി ഖനന മേഖലയുടെ നിയന്ത്രണം കൈക്കലാക്കാനുള്ള സ്വകാര്യ കുത്തകകളുടെ മത്സരമാണോ യഥാർഥത്തിൽ ഈ മേഖലയിൽ നടന്നുകൊണ്ടിരിക്കുന്നത്? അത്തരം അന്തർനാടകങ്ങളുടെ അനന്തരഫലങ്ങളാണോ വൈദ്യുതി നിയന്ത്രണമായി അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നതിന്റ പിന്നിൽ? അടുത്ത നൂറ്റാണ്ടു വരെ ഇന്ത്യയ്ക്കാവശ്യമായ കൽക്കരി ശേഖരം നമ്മുടെ ഖനികളിലുണ്ടെന്ന് പറയപ്പെടുമ്പോൾ ഇപ്പോഴത്തെ കൽക്കരിക്ഷാമം കൃത്രിമമായി നിർമിക്കപ്പെട്ടതാണെന്ന ആരോപണത്തിനാണ് ബലംവയ്ക്കുന്നത്.
രാജ്യത്തിന്റെ വൈദ്യുതി ഉൽപാദനത്തിന്റെ 70 ശതമാനത്തോളം നിർവഹിക്കുന്നത് ഇന്ത്യയിലെ 135ഓളം വരുന്ന കൽക്കരി താപനിലയങ്ങളിൽനിന്നാണ്. ആ നിലയ്ക്ക് സ്വാഭാവികമായും സ്വകാര്യ കുത്തകകളുടെ കണ്ണ് കൽക്കരി ഖനികളിലേക്കും അനുബന്ധ വ്യവസായങ്ങളിലേക്കും തിരിയുമെന്നതിൽ തർക്കമില്ല. ഇതിനിടയിലാണ് ഈ കൽക്കരി ഖനികളിൽ പാതിയോളം ഉൽപാദനം നിർത്തിവച്ചതും. കൽക്കരി ശേഖരങ്ങളുടെ കാര്യത്തിൽ ലോകത്ത് അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. 1,10,000 ദശലക്ഷം ടൺ കൽക്കരിയാണ് രാജ്യത്ത് നിലവിൽ കണ്ടെത്തിയിരിക്കുന്നത്. പ്രതിദിനം 14 മുതൽ 16 ലക്ഷം ടൺ വരെ നമ്മുടെ രാജ്യത്ത് കൽക്കരി ഉപഭോഗം നടക്കുന്നുണ്ട്. ഉൽപാദനത്തിന്റെയും ഉപഭോഗത്തിന്റേയും കാര്യത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്ത് നമ്മുടെ രാജ്യം നിൽക്കുന്നു. എന്നിട്ടും എന്തുകൊണ്ടാണ് കൽക്കരി ക്ഷാമം നേരിടുന്നതെന്നതിന് ഏറെ തലപുകയ്ക്കേണ്ട കാര്യമില്ല. അധികാരത്തിന്റെ ഇടനാഴികളിൽ നടക്കുന്ന പല അന്തർനാടകങ്ങളും കൃത്രിമ കൽക്കരി ക്ഷാമത്തിനു പിന്നിലുണ്ടെന്നുവേണം കരുതാൻ. കാലാവസ്ഥാവ്യതിയാന നിയന്ത്രണത്തിന്റെ ഭാഗമായുള്ള കാർബൺ ബഹിർഗമനം കുറയ്ക്കാനുള്ള അന്താരാഷ്ട്ര കരാറിൽ ഇന്ത്യയും ഉൾപ്പെടുമെന്നതിനാൽ കൽക്കരി ഉപഭോഗത്തിൽ വെട്ടിക്കുറവ് വരുത്തേണ്ടിവരുമെന്നത് യാഥാർഥ്യമാണ്. എന്നാലും ക്ഷാമവുമായി ഇതിനെ ബന്ധപ്പെടുത്താൻ പറ്റില്ല.
ജലവൈദ്യുത പദ്ധതികളിൽനിന്നും വ്യാപകമായിക്കൊണ്ടിരിക്കുന്ന സൗരോർജ പദ്ധതികളിൽനിന്നും രാജ്യത്തിനാവശ്യമായ വൈദ്യുതിയുടെ വലിയൊരു പങ്ക് ലഭിക്കുന്നുണ്ട്. എന്നാലും സ്ഥിരതയുള്ള വൈദ്യുതി സംവിധാനമെന്ന നിലയ്ക്കാണ് കൽക്കരികൊണ്ട് പ്രവർത്തിക്കുന്ന താപവൈദ്യുത നിലയങ്ങൾ പ്രാധാന്യമർഹിക്കുന്നത്. ജലവൈദ്യുത പദ്ധതികളിൽനിന്നും സൗരോർജ പദ്ധതികളിൽനിന്നും ലഭിക്കുന്ന വൈദ്യുതിയെ മാറ്റിനിർത്തി പരിശോധിച്ചാൽ താപനിലയങ്ങളിൽനിന്നുള്ള വൈദ്യുതി ആവശ്യം ഒരു ലക്ഷം മെഗാവാട്ട് മാത്രമായിരിക്കും. ഇത്രയും വൈദ്യുതി ഉൽപാദിപ്പിക്കാൻ ഒരു വർഷം 500 ദശലക്ഷം ടൺ കൽക്കരി മതിയാകും. മൺസൂൺ വ്യത്യാസമനുസരിച്ച് ഇതിൽ ചെറിയ ഏറ്റക്കുറച്ചിലുകളുണ്ടായേക്കാം. പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യാ ലിമിറ്റഡ് പ്രതിവർഷം 600 ദശലക്ഷം ടൺ കൽക്കരി ഉൽപാദിപ്പിക്കുന്നുണ്ടെന്നും ഇതോടൊപ്പം ഓർമിക്കേണ്ടതുണ്ട്. ആ സ്ഥാപനമിപ്പോൾ തകർച്ചയുടെ വക്കിലാണ്. കാരണം സ്വകാര്യവൽകരണം തന്നെ. പല സംസ്ഥാനങ്ങളിലും കൽക്കരി ഖനനം ചെയ്യുന്നുണ്ട്. എന്നിട്ടും കൽക്കരിക്ഷാമവും അതിനോടനുബന്ധിച്ചുണ്ടാകുന്ന വൈദ്യുതി പ്രതിസന്ധിയുമുണ്ടാകുന്നതിന്റെ പൊരുൾ തിരിച്ചറിയപ്പെടേണ്ടതുണ്ട്. ഊർജോൽപാദന മേഖലയിലെ സ്വകാര്യവൽകരണ പ്രക്രിയകളുടെ പശ്ചാത്തലത്തിൽ വേണം ഇതെല്ലാം പരിശോധിക്കാൻ.
2020 മാർച്ചിൽ ഖനന മേഖലയെ സ്വകാര്യ കമ്പനികൾക്ക് തുറന്നുകൊടുക്കുന്നതിനുള്ള നിയമനിർമാണങ്ങൾ ഓർഡിനൻസ് രൂപത്തിൽ നരേന്ദ്രമോദി സർക്കാർ കൊണ്ടുവന്നതും ഊർജോൽപാദനം, അതിന്റെ ഇറക്കുമതി, വിതരണം എന്നീ മേഖലകളിലെല്ലാം ചെറിയ കാലയളവിൽ ഗൗതം അദാനിയെ മുൻനിരയിലെത്തിക്കാൻ സർക്കാർ സഹായിച്ചതും ഇതോടൊപ്പം തിരിച്ചറിയേണ്ടതുണ്ട്. ലേലം ചെയ്യപ്പെട്ട 19 കൽക്കരി ഖനികളിൽ 12 എണ്ണവും കരസ്ഥമാക്കിയത് അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയായിരുന്നു. ആദിവാസികളെ ആട്ടിയോടിച്ച് അവിടെ സ്വകാര്യ കുത്തകകളെ കൽക്കരി ഖനനം നടത്താൻ സർക്കാർ സഹായിക്കുന്നതും ഇതിനോടു ചേർത്തു വായിക്കേണ്ടതുണ്ട്.
രാജ്യം കൊവിഡ് മഹാമാരിയിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്നപ്പോൾ കൽക്കരി ഖനന മേഖല സ്വകാര്യ കുത്തകകൾക്ക് നൽകാനുള്ള നിയമനിർമാണത്തിനുള്ള അവസരമായി ഉപയോഗപ്പെടുത്തുകയായിരുന്നു കേന്ദ്ര സർക്കാർ. പ്രകൃതിവാതക ഉൽപാദന രംഗത്തും വിതരണ രംഗത്തും കരാറുകൾ അദാനിക്ക് ലഭ്യമാക്കാൻ സർക്കാരിന്റെ ഇടപെടൽ ശക്തമായിരുന്നു. ഇത്തരമൊരു അവസ്ഥയിൽ കൽക്കരിയുടെ കൃത്രിമക്ഷാമമുണ്ടാക്കി താപനിലയ വൈദ്യുതിക്ക് ക്രമാതീമായ നിരക്ക് വർധന അടുത്ത ഭാവിയിൽ ഉണ്ടായാൽ അത്ഭുതപ്പെടേണ്ടതില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."