കേരളം പൊള്ളുന്നു; എട്ട് ജില്ലകളിൽ ചൂട് 35 ഡിഗ്രിക്ക് മുകളിൽ ഏറ്റവും ഉയർന്ന താപനില പാലക്കാട്ട്; 37.6 ഡിഗ്രി
തിരുവനന്തപുരം
കേരളത്തിൽ ചൂട് കടുത്തതോടെ എട്ടു ജില്ലകളിൽ പകൽ താപനില 35 ഡിഗ്രി സെൽസ്യസ് പിന്നിട്ടു. ഏറ്റവും ഉയർന്ന താപനില പാലക്കാടാണ് രേഖപ്പെടുത്തിയത്. 37.6 ഡിഗ്രി സെൽസ്യസ്. കണ്ണൂർ, കോഴിക്കോട് ജില്ലകളിലും പകൽചൂട് 37 ലേക്ക് ഉയർന്നു. ആലപ്പുഴ, എറണാകുളം, കോട്ടയം കൊല്ലം തൃശൂർ ജില്ലകളിലും ചൂട് 35 ന് മുകളിലാണ്. ചില സ്ഥലങ്ങളിൽ മേഘാവരണം കാരണം ഈർപ്പവും ചൂടും കൂടുതലുണ്ട്. ഉച്ചതിരിഞ്ഞ് മിക്ക ജില്ലകളിലും ഇടിമിന്നലോടെ മഴ ലഭിക്കുന്നുണ്ട്.
തെക്കേ ഇന്ത്യക്കു മുകളിലെ ന്യൂനമർദപാത്തി, കിഴക്ക് പടിഞ്ഞാറൻ കാറ്റുകളുടെ സംയോജനം എന്നിവയുടെ സ്വാധീനത്തിൽ കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേയ് നാലാം തീയതിയോടെ തെക്കൻ ആൻഡമാൻ കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടേക്കും. തുടർന്നുള്ള 24 മണിക്കൂറിൽ ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് എറണാകുളം, മലപ്പുറം ജില്ലകളിലും നാളെ മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."