പ്രശസ്ത എഴുത്തുകാരന്‍ മാടമ്പ് കുഞ്ഞുകുട്ടന്‍ അന്തരിച്ചു
തൃശൂര്‍: പ്രശസ്ത എഴുത്തുകാരന്‍ മാടമ്പ് കുഞ്ഞുകുട്ടന്‍ അന്തരിച്ചു. 81 വയസായിരുന്നു. തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ കൊവിഡ് രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ഒന്‍പതു നോവലുകളും അഞ്ചു തിരക്കഥകളും രചിച്ചിട്ടുണ്ട്. പത്തോളം സിനികളില്‍ അഭിനയിച്ചു. മികച്ച തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം(കരുണം), കേരള സാഹിത്യ അക്കാദമി പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
മകള്‍ക്ക്, ഗൗരീശങ്കരം, സഫലം, കരുണം, ദേശാടനം എന്നിവയാണ് തിരക്കഥകള്‍. പൈതൃകം, ആനച്ചന്തം, വടക്കുംനാഥന്‍, കരുണം തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് സുഖമില്ലാതിരിക്കുകയായിരുന്നു. പനിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു.
1941 ല്‍ കിരാലൂര്‍ മാടമ്പ് മനയില്‍ ശങ്കരന്‍ നമ്പൂതിരിയുടേയും സാവിത്രി അന്തര്‍ജ്ജനത്തിന്റേയും മകനായാണ് ജനിച്ചത്. സാഹിത്യത്തിലും സിനിമയിലും മാത്രമല്ല, തത്വചിന്തയിലും വേദങ്ങളിലും മാതംഗശാസ്ത്രത്തിലുമെല്ലാം ആഴത്തിലുള്ള അറിവുണ്ടായിരുന്നു മാടമ്പിന്.
2001 ല്‍ ബി.ജെ.പി. ടിക്കറ്റില്‍ കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു പരാജയപ്പെട്ടു.
അശ്വത്ഥാമാവ്, മഹാപ്രസ്ഥാനം, അവിഘ്‌നമസ്തു, ഭ്രഷ്ട്, എന്തരോ മഹാനുഭാവുലു, നിഷാദം, പാതാളം, ആര്യാവര്‍ത്തം, അമൃതസ്യ പുത്രഃ, തോന്ന്യാസം എന്നിവയാണ് നോവലുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."