സെഞ്ച്വറിയുമായി ഗിൽ, അർധ സെഞ്ച്വറി കടന്ന് കോഹ്‌ലി; ഓസീസിനെതിരെ തിരിച്ചടിച്ച് ഇന്ത്യ
അഹമ്മദാബാദ്: ബോർഡർ- ഗവാസ്കർ ട്രോഫി ഓസീസിന്റെ കൂറ്റൻ സ്‌കോറിനെതിരെ തിരിച്ചടിച്ച് ഇന്ത്യൻ പട. ആവേശമായ കളിയിൽ സെഞ്ച്വറി നേട്ടവുമായി ശുഭ്മാൻ ഗില്ലും അർധ സെഞ്ച്വറിയുമായി വിരാട് കോഹ്‍ലിയും കളം നിറഞ്ഞ് ആടി. മൂന്നാം ദിവസം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 289 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ഇപ്പോഴും ഓസ്‌ട്രേലിയക്ക് 191 റൺസ് ലീഡുണ്ട്. കോഹ്‍ലി 128 പന്തിൽ 59 റൺസെടുത്തും കരുതലോടെ കളിച്ച് രവീന്ദ്ര ജഡേജ 54 പന്തിൽ 16 റൺസെടുത്തും ബാറ്റിങ് തുടരുകയാണ്.
അഹമ്മദാബാദ് പിച്ചിൽ ഉസ്മാൻ ഖ്വാജ, കാമറൺ ഗ്രീൻ എന്നിവരുടെ സെഞ്ച്വറി മികവിൽ ഓസീസ് 480 റൺസ് എന്ന മികച്ച ടോട്ടൽ ഉയർത്തിയിരുന്നു. ബാറ്റിങ്ങിനെ തുണക്കുന്ന പിച്ചിൽ ഇന്ത്യയും അതേ മികവിലാണ് മറുപടി ബാറ്റിങ് തുടരുന്നത്.
ഇന്ന് വിക്കറ്റ് പോകാതെ 36 റൺസ് എന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ ഇന്ത്യൻ നിരയിൽ ശുഭ്മാൻ ഗിൽ സെഞ്ച്വറി നേടി. 194 പന്തിലാണ് 100 കടന്നത്. 28 ഓവറിൽ 100 തികച്ച ഇന്ത്യൻ ഇന്നിങ്സിൽ ആദ്യം വീണത് രോഹിതിന്റെ വിക്കറ്റ്. 35 റൺസെടുത്ത രോഹിതിനെ ലബൂഷെയിനിന്റെ കൈകളിലെത്തിച്ച് കുനെമാൻ ആണ് വിക്കറ്റ് എടുത്തത്. 42 അടിച്ച ചേതേശ്വർ പൂജാരയെ ടോഡ് മർഫി മടക്കി.
സെഞ്ച്വറിക്കൊപ്പം 28 റൺസ് കൂടി കൂട്ടി 128 ൽ നിൽക്കെ ശുഭ്മാൻ ഗിൽ നഥാൻ ലിയോണിന്റെ പന്തിൽ എൽ.ബി.ഡബ്ല്യു ആയി. ടെസ്റ്റിൽ താരത്തിന്റെ രണ്ടാം സെഞ്ച്വറിയാണ്. ഏകദിനത്തിൽ നേരത്തെ ഇരട്ട സെഞ്ച്വറിയും തൊട്ടുപിറകെ സെഞ്ച്വറിയും നേടിയ താരം രാഹുലിന്റെ പകരക്കാരനായാണ് ടെസ്റ്റിൽ ഓപൺ ചെയ്യാൻ ഗിൽ എത്തുന്നത്.
പിന്നാലെ മനോഹര ബാറ്റിങ്ങുമായി ഒത്തുചേർന്ന കോഹ്‍ലി- ജഡേജ കൂട്ടുകെട്ട് ഓസീസ് ബൗളിങ്ങിനെ കരുതലോടെ നേരിട്ട് ഇന്ത്യൻ ഇന്നിങ്സിൽ കാര്യമായ അപകടങ്ങളില്ലാതെ നിലനിർത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."