കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു: പപ്പു യാദവ് അറസ്റ്റില്‍
പട്ന: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന്റെ പേരില്‍ ജന്‍ അധികാര്‍ നേതാവും മുന്‍ എം.പിയുമായ പപ്പു യാദവിനെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വീടിനു പുറത്തിറങ്ങുകയും ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്തതിനാണ് പപ്പു യാദവിനെതിരെ കേസെടുത്തിരിക്കുന്നത്.
എന്നാല്‍, താന്‍ ഒന്നരമാസമായി കൊവിഡിനാല്‍ വലയുന്ന കുടുംബങ്ങളെ സഹായിക്കുകയാണെന്നും ചില രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് തന്നെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും പപ്പു യാദവ് പ്രതികരിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹം ആശുപത്രികളിലും കൊവിഡ് സെന്ററുകളിലും കഴിയുന്നവരെ സഹായിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.
'കൊവിഡ് കാലത്ത് ജനങ്ങളെ സഹായിക്കുകയെന്നത് വലിയ തെറ്റാണെങ്കില്‍ എന്നെ ക്രിമിനല്‍ ആയി മുദ്രകുത്തിക്കോളൂ. എന്നാല്‍ അന്ത്യം വരെ ഞാന്‍ പാവപ്പെട്ടവരെ സഹായിക്കുക തന്നെ ചെയ്യും', എന്നായിരുന്നു അറസ്റ്റിന് മുമ്പ് പപ്പു യാദവ് ട്വീറ്റ് ചെയ്തത്.
കൊവിഡ് കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ബീഹാറില്‍ ഇപ്പോള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മെയ് 15 വരെയാണ് ലോക്ക്ഡൗണ്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."