ഉത്തരേന്ത്യന്‍ അറിവിന്റെ കൈത്തിരി
അശ്റഫ് കൊണ്ടോട്ടി
സിമന്റ് തറയില്‍ ചമ്രംപടിഞ്ഞിരിക്കുന്ന കുട്ടികള്‍. പൊട്ടിപ്പൊളിഞ്ഞ ചുമരുകള്‍ക്കിടയിലെ ഇടുങ്ങിയ ക്ലാസ്മുറികള്. വല്ലപ്പോഴും എത്തിനോക്കുന്ന അധ്യാപകര്‍… വേനലില്‍ നിലം ചൂടാവും, മഴക്കാലത്ത് തണുപ്പ് അരിച്ചിറങ്ങും. അപ്പോള്‍ പുസ്തകസഞ്ചിയുമായി എത്തുന്ന കുട്ടികളും കുറയും… കര്‍ണാടകയിലെ രാംനഗര്‍ ഹുങ്കന്നൂര് ഗ്രാമത്തിലെ മുസ്ലിം വദ്യാര്‍ഥികള്‍ ഏറെ എത്തുന്ന ഉറുദു സ്കൂളിന്റെ മുറ്റത്തു നില്ക്കുമ്പോള് നെഞ്ചൊന്നു പിടഞ്ഞു. അവിടം മുതലാണ് ഇന്ത്യയിലെ ഏറ്റവും വലിയ മത സംഘടനയുടെ വിദ്യാര്‍ഥി കൂട്ടയ്മയായ എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റിക്ക് കമ്യൂണിറ്റി ലേര്‍ണിങ് സെന്റര്‍ (സി.എല്‍.സി) എന്ന പദ്ധതിയുടെ ആശയം ഉള്‍ത്തിരിയുന്നത്. പിന്നെ കര്‍ണാടകയില്‍ നിന്ന് ദില്ലിയിലേക്ക്. ശേഷം പശ്ചിമബംഗാള്‍, ബിഹാര്‍, അസം, മേഘാലയ, അരുണാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക്. സി.എല്‍.സിയുടെ അടിത്തറ ബലപ്പെടുത്താന്‍ ദിവസങ്ങളോളം ഉത്തരേന്ത്യയില്‍ സഞ്ചരിച്ച് അവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദൈന്യതയുടെ നേര്‍സാക്ഷ്യം വിവരിക്കുകയാണ് എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റി ജനറല്‍ സെക്രട്ടറി അസ്ലം ഫൈസി ബംഗളൂരു. കൂടെ പാണക്കാട് ഖാസിം ശിഹാബ് തങ്ങള്‍, സി.എച്ച് ഷാജല്‍ തച്ചംപൊയില്‍ എന്നിവരും.
കര്‍ണാടകയിലെ
ഉറുദു സ്കൂളുകള്‍
ഉന്നത വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കാനും ശാക്തീകരിക്കാനും ഇന്ന് എല്ലാ സംഘടനകളും കേരളത്തിനകത്തും പുറത്തും വിവിധ സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ കേരളത്തിനു പുറത്തെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ അവസ്ഥ വളരെ ദയനീയമാണ്. ഇതു കര്‍ണാടകയിലെ സ്കൂളുകള്‍ സന്ദര്‍ശിച്ചപ്പോഴാണ് ബോധ്യമായത്. കേരളത്തിലെ മാപ്പിള സ്കൂളുകള്‍ക്ക് സമാനമാണ് കര്‍ണാടകയില്‍ ഉറുദു സ്കൂളുകള്‍. നിര്‍ധനരായ മുസ്ലിം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളുകളുടെ കാര്യമാണ് ഏറെ ദൗര്‍ഭാഗ്യകരം. ഭൗതികസാഹചര്യങ്ങളും മതിയായ അധ്യാപകരുമില്ലാത്ത സ്കൂളുകളാണ് ഏറെയും. ഇതിനു സംഘടനയ്ക്ക് എന്തു ചെയ്യാനാവും എന്നതില്‍ നിന്നാണ് പുതിയ പദ്ധതിക്ക് തുടക്കമാവുന്നത്.
കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന കോഴിക്കോട് കൊടുവള്ളിയിലെ ജാഫര്‍ ഐ.എ.എസുമായി ബന്ധപ്പെട്ട് സംഘടന ഇക്കാര്യങ്ങള്‍ വിശദീകരിച്ചു. അദ്ദേഹം ബംഗളൂരുവിനു സമീപമുള്ള മൂന്നു ജില്ലകളിലെ സ്കൂളുകളുടെ ലിസ്റ്റ് തന്നു. പിന്നീട് ഓരോ ഉറുദു സ്കൂളുകളുകളും സന്ദര്‍ശിച്ചപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച ദൃശ്യമായത്. അധ്യാപകരില്ല, വിദ്യാര്‍ഥികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളില്ല. അധ്യാപകര്‍ക്ക് ഒരു സര്‍ക്കാര്‍ സ്കൂള്‍ എന്നതില്‍ കവിഞ്ഞ് മറ്റൊന്നുമില്ല.
നെല്ലിക്കലി
വിദ്യാഭ്യാസം
രാംനഗര്‍ ജില്ലയിലെ ഹുങ്കനൂര് ഗ്രാമത്തിലെ ഉറുദു സ്കൂള്‍ സംഘടന ദത്തെടുക്കുകയാണ് ആദ്യം ചെയ്തത്. വിദ്യാര്‍ഥികളെ സ്കൂളിലേക്ക് ആകര്ഷിപ്പിക്കാന് ക്ലാസ്മുറികള് വര്‍ണാഭമാക്കി. പ്രൈമറി വിദ്യാഭ്യാസ ശാക്തീകരണം ലക്ഷ്യംവച്ചാണ് പ്രവര്‍ത്തനം. എല്‍.കെ.ജി, യു.കെ.ജി എന്നിവ ചേര്‍ത്ത് സര്‍ക്കാരിന്റെ നെല്ലിക്കലി വിദ്യാഭ്യാസ പദ്ധതിക്കു ശക്തിപകര്‍ന്നു. അബൂദബി എസ്.കെ.എസ്.എസ്.എഫിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. കര്‍ണാടക വിദ്യാഭ്യാസ വകുപ്പിന്റെ പൂര്‍ണ പിന്തുണയും ഇതിനു ലഭിച്ചു. എസ്.കെ.എസ്.എസ്.എഫ് എന്‍.ജി.ഒ ആയ ഫോര്‍വാഡ് ഫൗണ്ടേഷന്റെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍.
അധ്യാപകര്‍ കുറവുള്ള സ്കൂളുകളാണ് മിക്കയിടത്തും. ആയതിനാല്‍ സംഘടന ശമ്പളം നല്കി ഒരു അധ്യാപകനെ സ്കൂളില്‍ നിയമിച്ചു. സ്കൂളിലെ മറ്റു അധ്യാപകരും ഇതിനു സഹകരിച്ചു. പുറമെ ആ താലൂക്കിലെ മുഴുവന്‍ സ്കൂള്‍ അധ്യപകര്ക്കും പ്രത്യേക പരിശീലനവും സംഘടന നല്കി. ഇതിനിടെ ഒരു അധ്യാപികയുടെ നിര്‍ബന്ധത്തിനു കോലാറിലെ മറ്റൊരു സ്കൂള്‍കൂടി സന്ദര്‍ശിച്ചു. ഒരു ക്ലാസില്‍ പോലും ബെഞ്ചും ഡെസ്കുമില്ല. കുട്ടികള്‍ കുറവും. അടിസ്ഥാന സൗകര്യങ്ങള്‍ തീരെയുമില്ല. കൊവിഡ് മൂലം സ്കൂള്‍ പൂട്ടിക്കിടക്കുന്നു. ഇവിടെ മതിയായ സൗകര്യങ്ങള്‍ ഒരുക്കാനുള്ള പദ്ധതി തയാറാക്കി വരികയാണ്.
ഉത്തരേന്ത്യയിലെ
ഗല്ലികളില്‍
കര്‍ണാടകയിലെ പരീക്ഷണം വിജയകരമായിരുന്നു. ഇതു മുന്‍നിര്‍ത്തിയാണ് ഉത്തരേന്ത്യയിലെ വിദ്യാലയങ്ങളുടെ സാഹചര്യങ്ങള്‍ പഠനവിധേയമാക്കാന്‍ തീരുമാനിച്ചത്. പശ്ചിമബംഗാള്‍, ബിഹാര്‍, അസം, മേഘാലയ, അരുണാചല്‍പ്രദേശ് സംസ്ഥാനങ്ങളിലൂടെ മൂന്നാഴ്ച യാത്ര നടത്തി. എന്നാല്‍ കാര്ണാടകയേക്കാള് പരിതാപകരമായിരുന്നു ഉത്തരേന്ത്യയിലെ സ്ഥിതി. കര്‍ണാടകയില്‍ ലഭിച്ച സഹകരണങ്ങളൊന്നും മറ്റു സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ സ്കൂളുകളില്‍നിന്ന് ലഭ്യമാവില്ലെന്ന് ഓരോ ഇടങ്ങളിലെത്തിയപ്പോഴും ബോധ്യമായിരുന്നു.
ബിഹാര്‍, പശ്ചിമബംഗാള്‍ എന്നിവടങ്ങളിലായിരുന്നു ഏറെ സങ്കീര്‍ണമായ സാഹചര്യങ്ങള്‍ നിലനിന്നിരുന്നത്. അസമില്‍ ഭൗതിക വിദ്യാഭ്യാസത്തില്‍ കുറച്ചുകൂടി മേന്മ കണ്ടു. മറ്റിടങ്ങളില്‍ സാമ്പത്തികമായി പിേന്നാക്കം നില്ക്കുന്നവര് മാത്രമാണ് സര്‍ക്കാര്‍ സ്കൂളിലെത്തുന്നത്. എന്നാല്‍ പേരിനു മാത്രമാണ് സര്‍ക്കാര്‍ സ്കൂളില്‍ കുട്ടികളുടെ ഹാജര്‍നില. പഠിപ്പിക്കാന്‍ അധ്യാപകരും ക്ലാസിലെത്താത്ത അവസ്ഥ. ചെറുപ്രായത്തില്‍ തന്നെ കൂലിവേലക്ക് പോകുന്ന കുട്ടികളാണ് ഇവിടങ്ങളിലേറെയും. സ്കൂള്‍ അധ്യാപകര്‍ ട്യൂഷന് സെന്റര്‍ നടത്തി പണമുണ്ടാക്കുന്ന കാഴ്ചയും കുറവായിരുന്നില്ല.
കമ്യൂണിറ്റി
ലേര്‍ണിങ് സെന്ററുകള്‍
ഉത്തരേന്ത്യയില്‍ സ്കൂള്‍ അധികൃതരുടെ സഹായത്തോടെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നായതോടെയാണ് കമ്യൂണിറ്റി ലേര്‍ണിങ് സെന്ററുകള്‍ തുറക്കാന്‍ തീരുമാനിച്ചത്. മുസ്ലിം ഭൂരിപക്ഷ ഗ്രാമങ്ങളില്‍ സാമൂഹിക ഉന്നമനവും വിദ്യാഭ്യാസ ശക്തീകരണവും സാധ്യമാക്കുക എന്നതായിരുന്നു ലക്ഷ്യം.
മുസ്ലിംകള് തിങ്ങിപ്പാര്‍ക്കുന്ന ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് ഓരോ കമ്യൂണിറ്റി ലേര്‍ണിങ് സെന്ററുകളിലും ശാന്തമായ പഠന, വായന സൗകര്യം, അത്യാവശ്യ പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ബുക്സ് ഷെല്‍ഫ്, കരിയര്‍ ഗൈഡന്‍സ് ക്ലാസ്, പരിശീലനങ്ങള്‍, കൗണ്‍സലിങ് തുടങ്ങിയവ ഇന്‍സ്ട്രക്ടര്‍മാരുടെ സഹായത്തോടെ ഉറപ്പു വരുത്തുകയാണ് ലക്ഷ്യം.
ആദ്യ യാത്രയില്‍ തന്നെ അഞ്ചു സെന്ററിനുള്ള സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഡല്‍ഹി, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാങ്ങള് കേന്ദീകരിച്ചുള്ള സെന്ററുകള്‍ക്കുള്ള സ്ഥലങ്ങള്‍ ഇനി കണ്ടെത്തേണ്ടത്. ഉത്തരേന്ത്യയില്‍ പള്ളികള്‍ നിര്‍മിക്കാനുള്ള സാധ്യതയും പഠിച്ചുവരികയാണ്. ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. അസം എം.എല്‍.എ ശര്മാന് അലി രണ്ട് കമ്യൂണിറ്റി സെന്റര്‍ ഏറ്റെടുത്ത് നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. കൊല്‍ക്കത്തക്കു സമീപം ഉത്തര്ദേവീപൂര് ഗ്രാമത്തില്‍ ലേര്‍ണിങ് സെന്റര്‍ മാര്‍ച്ച് 11ന് എസ്.കെ.എസ്.എസ്.എഫ് നാഷണല്‍ കമ്മറ്റി സുപ്രിംകൗണ്‍സില്‍ ചെയര്മാന് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാനം ചെയ്തിരിക്കുകയാണ്. എറണകുളം ജില്ലയിലെ പാറക്കോട് പുത്തന്‍പള്ളി എസ്.കെ.എസ്.എസ്.എഫ് യൂനിറ്റാണ് സ്പോര്‍സര്‍ ചെയ്തത്.
റെമഡിയല്‍ ട്യൂഷന്
രണ്ടുവര്‍ഷം മുമ്പാണ് ദില്ലി ഷി ബിഹാറില്‍ റെമഡിയല്‍ ട്യൂഷന് സെന്റര്‍ ആരംഭിച്ചത്. ഇതര മതസ്ഥരായ വിദ്യാര്‍ഥികളടക്കം 45 കുട്ടികള്‍ വൈകുന്നേരങ്ങളും സ്കൂള്‍ അവധി സമയങ്ങളിലും ഇവിടെ എത്തുന്നുണ്ട്. സൗജന്യമായ ട്യൂഷനാണ് ഇവിടെ നല്‍കുന്നത്. സ്കൂള്‍ കഴിഞ്ഞാല്‍ പിന്നീട് പഠനത്തിന് സൗകര്യവും സഹായവും ലഭിക്കാത്ത കുട്ടികള്‍ക്കാണ് റെമഡിയല്‍ ട്യൂഷന്.
ഓരോ സംസ്ഥാനത്തും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ വ്യത്യസ്തമാണ്. വിദ്യാലയത്തിലേക്ക് കടക്കാത്ത കുട്ടികളുള്ള ഗ്രാമങ്ങളിലാണ് സെന്റര്‍ തുറക്കാന്‍ തീരുമാനിച്ചത്. മാത്രവുമല്ല, രക്ഷിതാക്കളെ ബോധവല്‍ക്കരിച്ച് വിദ്യാര്‍ഥികളെ സ്കൂളിലെത്തിക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. സ്കൂളില്‍ പോകുന്ന ചില കുട്ടികള്‍ക്കെങ്കിലും വീട്ടില്‍ പഠനത്തിന് സൗകര്യങ്ങളുണ്ടാകില്ല.
ഇത്തരം കുട്ടികള്‍ക്ക് ട്യൂഷന് രീതിയില്‍ പ്രത്യേക ക്ലാസുകള്‍ സൗജന്യമായി സെന്റര്‍ ഒരുക്കും. ഐ.ടി കംപ്യൂട്ടര്‍, സ്മാര്‍ട്ട് ടി.വി അടക്കം ഉള്‍പ്പെടുത്തിയാണ് സെന്റര്‍ തുടങ്ങുന്നത്. ഒരു അധ്യാപകനെ സ്ഥിരമായി സി.എല്‍ സെന്ററില്‍ നിയമിക്കും. പിന്നോക്കം നില്ക്കുന്ന പ്രദേശത്തെ വിദ്യാഭ്യാസപരമായി മാറ്റിയെടുക്കുകയാണ് ലക്ഷ്യം.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."