സി.പി.എമ്മിലേക്കുള്ള മടക്കം സഫലമായില്ല; ചെങ്കൊടി പുതച്ച് അന്ത്യയാത്ര
ആലപ്പുഴ : ജീവനും ജീവിതവും സമര്‍പ്പിച്ച സ്വന്തം പ്രസ്ഥാനത്തിലേക്കുള്ള മടക്കയാത്ര ജീവിച്ചിരിക്കെ സഫലമായില്ലെങ്കിലും വിപ്ലവനായിക കെ.ആര്‍ ഗൗരിയമ്മയുടെ അന്ത്യയാത്ര ചെങ്കൊടി പുതച്ച്. അന്ത്യവിശ്രമം രക്തസാക്ഷികളുടെ സ്മരണകളിരമ്പുന്ന വിപ്ലവഭൂമിയില്‍. അതും ഇണങ്ങിയും പിണങ്ങിയും ജീവിതത്തില്‍ കൂട്ടായി തെരഞ്ഞെടുത്ത ഭര്‍ത്താവ് ടി.വി തോമസ് അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയ ചുടുകാട്ടിലെ രക്തസാക്ഷി സ്മാരകത്തില്‍.
നിലപാടുകളില്‍ കര്‍ക്കശക്കാരിയായ ഗൗരിയമ്മ അവസാന നാളുകളില്‍ ഏറെ കൊതിച്ചത് താന്‍ വളര്‍ത്തിയ, തന്നെ വളര്‍ത്തിയ പ്രസ്ഥാനത്തിലേക്കു മടങ്ങാനാണ്. എന്നാല്‍ ഇടതുപക്ഷത്തേക്ക് തിരിച്ചെത്തിയെങ്കിലും താന്‍ ജീവനെപ്പോലെ സ്‌നേഹിച്ച പാര്‍ട്ടിയില്‍ തിരിച്ചെത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നു. ഗൗരിയമ്മയെ സി.പി.എമ്മില്‍ തിരിച്ചെടുക്കാനുള്ള നീക്കങ്ങള്‍ പല രാഷ്ട്രീയ കാരണങ്ങളാല്‍ പരാജയപ്പെട്ടു. തിരിച്ചെടുത്തില്ലെന്നു മാത്രമല്ല 2016 മുതല്‍ ഇടതിനൊപ്പം നിലകൊ കൊണ്ട ജെ.എസ്.എസിനെ എല്‍.ഡി.എഫില്‍ ഘടകകക്ഷിയാക്കാനും തയാറായില്ല.
1994ലെ പുതുവര്‍ഷപ്പുലരിയില്‍ സി.പി.എം തന്നെ പുറത്താക്കിയപ്പോള്‍ ഗൗരിയമ്മയിലെ ധീരവനിത പുതിയൊരു ചെങ്കൊടി പാറിച്ചുകൊണ്ട് ജനാധിപത്യ സംരക്ഷണ സമിതിക്ക് (ജെ.എസ്.എസ് ) രൂപംനല്‍കി തിരിച്ചടിച്ചടിക്കുകയും കേരള രാഷ്ട്രീയത്തില്‍ കരുത്തു തെളിയിക്കുകയും ചെയ്തു. യു.ഡി.എഫിനൊപ്പം ഭരണം പങ്കിട്ടെങ്കിലും ഇടതുപക്ഷത്തേക്കു തന്നെ മടങ്ങി. എല്‍.ഡി.എഫില്‍ ഗൗരിയമ്മയ്ക്കു മാത്രം നല്‍കിയ പ്രത്യേക ക്ഷണിതാവ് സ്ഥാനം പിന്നീട് അവര്‍ വേണ്ടെന്നുവച്ചു. ഇതോടെ ജെ.എസ്.എസ് എന്ന രാഷ്ട്രിയപ്രസ്ഥാനം പിളര്‍ന്ന് ശിഥിലമായെങ്കിലും ഗൗരിയമ്മ ഇടതിനൊപ്പം പ്രതീക്ഷയോടെ നിലകൊള്ളുകയായിരുന്നു.
ഗൗരിയമ്മയുടെ പേരിലുള്ള ആസ്തികളില്‍ കണ്ണുവച്ചുള്ള സി.പി.എമ്മിന്റെ നീക്കങ്ങളാണ് ഗൗരിയമ്മയുടെ തിരിച്ചുപോക്ക് ശ്രമങ്ങളെ ദുര്‍ബലമാക്കിയത്. ഗൗരിയമ്മയെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും ഉള്‍പ്പെടെയുള്ള നേതാക്കളെത്തിയപ്പോള്‍ അവര്‍ സി.പി.എമ്മിനോടുള്ള സ്‌നേഹം അറിയിക്കുകയും ഒപ്പം തന്നെ എന്തിനാണ് പുറത്താക്കിയതെന്ന് നീണ്ടനാളത്തെ ചോദ്യം ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. സി.പി.എമ്മിലേക്കുള്ള മടക്കം സാധ്യമായില്ലെങ്കിലും സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ പുതപ്പിച്ച അരിവാള്‍ ചുറ്റിക പതിച്ച ചെങ്കൊടിയുമായിട്ടായിരുന്നു തലസ്ഥാനത്തുനിന്ന് ആലപ്പുഴയിലേക്കുള്ള അവരുടെ അന്ത്യയാത്ര. സി.പി.ഐ നേതാവായിരുന്ന ഭര്‍ത്താവ് ടി.വിതോമസിനെ സംസ്‌കരിച്ച ആലപ്പുഴയിലെ വലിയ ചുടുകാട്ടില്‍ അന്ത്യവിശ്രമമൊരുക്കണമെന്ന ഗൗരിയമ്മയുടെ ആഗ്രഹവും സഫലമായി.
സി.പി.എമ്മിന്റെയും സി.പി.ഐയുടേയും സംയുക്ത ഉടമസ്ഥതയിലുള്ള രക്തസാക്ഷി മണ്ഡപത്തില്‍ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."