ചെനീസ് പ്രധാനമന്ത്രി പദത്തിൽ പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ വിശ്വസ്തൻ; ലി ചിയാങ് അധികാരമേറ്റു
ബെയ്ജിങ്: ചൈനയുടെ പ്രധാനമന്ത്രിയായി ലി ചിയാങ് (63) അധികാരമേറ്റു. 2013 മുതൽ പ്രധാനമന്ത്രിയായിരുന്ന ലീ കെചിയാങിന്റെ പിൻഗാമിയായാണ് ലി ചിയാങ് എത്തുന്നത്. പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ വിശ്വസ്തനായ ലി ചിയാങ് അദ്ദേഹത്തിന്റെ ആശീർവാദത്തോടെയാണ് പ്രധാനമന്ത്രി കസേരയിലേക്ക് എത്തുന്നത്. 2947 പാർലമെന്റ് അംഗങ്ങളിൽ 2,936 പേരുടെ പിന്തുണയോടെയാണ് ലി ചിയാങ് പ്രധാനമന്ത്രി പദത്തിലേക്ക് എത്തുന്നത്. 3 പേർ എതിർത്ത് വോട്ട് ചെയ്തപ്പോൾ 8 പേർ വിട്ടുനിന്നു.
ചൈനീസ് പാർലമെന്റായ നാഷനൽ പീപ്പിൾസ് കോൺഗ്രസിന്റെ സമ്മേളനത്തിൽ, പ്രസിഡന്റായി മൂന്നാം തവണയും അംഗീകാരം ലഭിച്ചതിനു പിന്നാലെ ഷി ചിൻപിങ് തന്നെയാണ് പുതിയ പ്രധാനമന്ത്രിയെ നിർദേശിച്ചത്. ഷാങ്ഹായ് പ്രവിശ്യയിലെ കമ്യൂണിസ്റ്റ് പാർട്ടി മുൻ സെക്രട്ടറിയായ ലി ചിയാങ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ വിശ്വസ്തനാണ്.
ഷിയുടെ രാഷ്ട്രീയ വളർച്ചയുടെ ആദ്യനാളുകൾ മുതൽ ഒപ്പമുണ്ടായിരുന്ന ലി ചിയാങ്, ഷീ പാർട്ടി ഷെജിയാങ് പ്രവിശ്യാ സെക്രട്ടറിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ വലംകയ്യായിരുന്നു. 2011 ൽ പ്രവിശ്യയുടെ രാഷ്ട്രീയ–നിയമകാര്യ സെക്രട്ടറിയും 2013 പ്രവിശ്യാ ഗവർണറുമായി. 2019 ൽ പാർട്ടിയുടെ ഷാങ്ഹായ് ഘടകം തലവനായി.
ചൈനയിലെ ഏറ്റവും വലിയ നഗരമായ ഷാങ്ഹായിയിൽ കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്തതിന്റെ പേരിൽ പരക്കെ വിമർശനമേറ്റുവാങ്ങിയതാണ് ലീ. എന്നിട്ടും പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയത് പ്രസിഡന്റിന്റെ വിശ്വസ്തൻ ആയതുകൊണ്ടാണ് എന്ന വിമർശനവും ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."