പൊലിസിനെ വിമര്‍ശിച്ച് കോടതി; മേവാനിയെ തടവിലിടാന്‍ കേസ് കെട്ടിച്ചമച്ചു
ഗുവാഹത്തി: ഗുജറാത്ത് എം.എല്‍.എ ജിഗ് നേഷ് മേവാനിക്കെതിരേ അസം പൊലിസെടുത്ത കേസ് തടവിലിടാനായി കെട്ടിച്ചമച്ചതെന്ന് കോടതി. ഇതിനായി നിയമനടപടി ദുരുപയോഗം ചെയ്തതായും അസം ബാര്‍പേട്ട കോടതി വിമര്‍ശിച്ചു.
വനിതാ പൊലിസ് കോണ്‍സ്റ്റബിളിനോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ മേവാനിക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് അസം ബാര്‍പേട്ട കോടതി പൊലിസിനെ രൂക്ഷമായി വിമര്‍ശിച്ചത്. അസം ബാര്‍പേട്ട ജില്ലാ സെഷന്‍സ് കോടതിയാണ് പൊലിസ് രജിസ്റ്റര്‍ ചെയ്ത തെറ്റായ എഫ്.ഐ.ആറിനെ വിമര്‍ശിച്ചത്. നേരത്തെ പ്രധാനമന്ത്രിക്കെതിരേ ട്വീറ്റ് ചെയ്ത കേസില്‍ അറസ്റ്റിലായ മേവാനിക്ക് കോടതി ജാമ്യം അനുവദിച്ചതിനുപിന്നാലെയാണ് പൊലിസ് ഉദ്യോഗസ്ഥയെ അപമാനിച്ചെന്ന കേസില്‍ വീണ്ടും അറസ്റ്റ് ചെയ്തത്. മേവാനിയുടെ ജാമ്യാപേക്ഷയിലാണ് കോടതി വാദംകേട്ടത്. പൊലിസിനു മേവാനിയെ തടവിലാക്കുകയെന്ന ഉദ്ദേശ്യമാണുള്ളതെന്നും ജസ്റ്റിസ് അപരേഷ് ചക്രവര്‍ത്തി പറഞ്ഞു. പൊലിസിന്റെ തെറ്റായ നീക്കങ്ങളില്‍ ഇടപെടുന്നത് ഗോഹട്ടി ഹൈക്കോടതി പരിഗണിക്കണമെന്നും പൊലിസ് പരിഷ്കരണത്തില്‍ ഇടപെടണമെന്നും കോടതി പറഞ്ഞു. കഠിനാധ്വാനം ചെയ്ത് നേടിയ നമ്മുടെ ജനാധിപത്യത്തെ പൊലിസ് രാഷ്ട്രമാക്കി മാറ്റുന്നത് ചിന്തിക്കാന്‍ പോലും കഴിയില്ല. അസം പൊലിസ് ഇങ്ങനെയാണ് ചിന്തിക്കുന്നതെങ്കില്‍ അത് വികൃതമാണ്.
യൂനിഫോമില്‍ കാമറ ഘടിപ്പിക്കുന്നതും വാഹനത്തിലും സ്റ്റേഷനിലും സി.സി.ടി.വി കാമറ വയ്ക്കുന്നതും തെളിവെടുപ്പ് ചിത്രീകരിക്കുന്നതും പരിഗണിക്കണമെന്നും കോടതി പറഞ്ഞു. തെറ്റായ എഫ്.ഐ.ആറുകള്‍ പൊലിസിന്റെ വിശ്വാസ്യതയെയും കാഴ്ചപ്പാടിനെയും പ്രതികൂലമായി ബാധിക്കും. ഉത്തരവിന്റെ പകര്‍പ്പ് ഹൈക്കോടതി രജിസ്ട്രാറിന് നല്‍കാനും ചീഫ് ജസ്റ്റിനു മുന്നില്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."