ഇരട്ട സെഞ്ച്വറിക്കരികെ വീണ് കോഹ്‌ലി; ഇന്ത്യക്ക് 91 റൺസ് ലീഡ്
അഹമ്മദാബാദ്: ബോർഡർ-ഗവാസ്കർ ട്രോഫിയിലെ അവസാന ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യക്ക് 91 റൺസ് ലീഡ്. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 480 റൺസിനെതിരെ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 571 റൺസ് നേടി. പരിക്കേറ്റതിനാല്‍ ശ്രേയസ് അയ്യര്‍ ബാറ്റിങിന് ഇറങ്ങിയില്ല.
ഇന്ത്യക്കായി മുന്‍നിര ബാറ്റര്‍മാരെല്ലാം തിളങ്ങി. ഇരട്ട സെഞ്ച്വറിക്ക് അരികെയെത്തിയാണ് കോഹ്‌ലി വീണെങ്കിലും താരം 364 പന്തുകള്‍ നേരിട്ട് 186 റണ്‍സെടുത്തു. നേരത്തെ ശുഭ്മാന്‍ ഗില്ലും സെഞ്ച്വറി നേടിയിരുന്നു. ഗില്‍ 128 റണ്‍സെടുത്തു. അക്ഷര്‍ പട്ടേല്‍ 79 റണ്‍സെടുത്ത് മടങ്ങി. ശ്രീകര്‍ ഭരത് (44), ചേതേശ്വര്‍ പൂജാര (42), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (35), ജഡേജ (28) എന്നിവരും രണ്ടക്കം കടന്നു. വാലറ്റം ക്ഷണത്തില്‍ മടങ്ങി. അശ്വിന്‍ ഏഴ് റണ്‍സിലും ഉമേഷ് യാദവ് റണ്ണൊന്നുമെടുക്കാതെയും മടങ്ങി. മുഹമ്മദ് ഷമി റണ്ണൊന്നുമില്ലാതെ പുറത്താകാതെ നിന്നു.
കരിയറിലെ 28ാം ടെസ്റ്റ് സെഞ്ച്വറിയാണ് കോഹ്‌ലി അഹമ്മദാബാദില്‍ സ്വന്തമാക്കിയത്. 241 പന്തുകള്‍ നേരിട്ട് അഞ്ച് ഫോറുകള്‍ സഹിതമായിരുന്നു താരത്തിന്റെ നിര്‍ണായക സെഞ്ച്വറി. മൂന്ന് വര്‍ഷത്തെ ടെസ്റ്റ് സെഞ്ച്വറി വരള്‍ച്ചക്കാണ് കോഹ്‌ലി വിരാമമിട്ടത്.
മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സെന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം ബാറ്റിങ് തുടങ്ങിയത്. ഓസ്ട്രേലിയക്കായി ടോഡ് മര്‍ഫി, ലിയോണ്‍ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. മാത്യു കുനെമന്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ ഒരു വിക്കറ്റെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."