ഈ ആശാരിമാരല്ല ആ കാര്‍പെന്റേഴ്‌സ്.. ഇത് അതല്ല
പറ്റിപ്പോയി ആശാനേ.... എന്ന് തലയില്‍ കൈവച്ച് പറയേണ്ട അവസ്ഥയാണിപ്പോള്‍. ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ ഏറെ ചര്‍ച്ചചെയ്യപ്പെട്ടത് സംഗീതസംവിധായകന്‍ എം എം കീരവാണി നടത്തിയ പ്രസംഗമാണ്. വേറൊന്നുമല്ല, കാര്‍പെന്റേഴ്‌സിനെ കേട്ടാണ് താന്‍ വളര്‍ന്നതെന്ന പ്രസ്താവന കീരവാണി നടത്തിയിരുന്നു. പിന്നാലെ ചില മലയാളം മാധ്യമങ്ങള്‍ കീരവാണിയുടെ പ്രസംഗത്തിന്റെ വിവര്‍ത്തനം നടത്തി. കാര്‍പെന്റേഴ്‌സിനെ ആശാരിയോട് ഉപമിച്ച ഒരൊന്നൊന്നര വിവര്‍ത്തനം.
'ആശാരിമാരെ കൊട്ട് കേട്ടാണ് താന്‍ വളര്‍ന്നതെന്ന് കീരവാണി, മരത്തില്‍ കൊത്തുപണികള്‍ നടത്തുന്നവരുടെ തട്ടുംമുട്ടും കേട്ട് അതില്‍ താളം പിടിച്ചിരുന്നു' ഇങ്ങനെയൊക്കെയായിരുന്നു കീരവാണിയുടെ പ്രസംഗത്തിന് ചിലര്‍ നല്‍കിയ പരിഭാഷ. എന്നാല്‍ കീരവാണി പറഞ്ഞ കാര്‍പെന്റേഴ്‌സ് മരപ്പണിക്കാരല്ല. 60കളിലും 70കളിലും ലോകമെമ്പാടുമുള്ള യുവാക്കളെ ഹരംകൊള്ളിച്ച അമേരിക്കന്‍ പോപ്പ് ബാന്‍ഡാണ് കാര്‍പെന്റേഴ്‌സ്.
ആരാണ് കാര്‍പെന്റേഴ്‌സ്
യഥാര്‍ഥത്തില്‍ കാര്‍പെന്റേഴ്‌സ് ചില്ലറക്കാരല്ല. ഒരു കാലത്ത് അമേരിക്കയെ കിടിലംകൊള്ളിച്ച സംഗീത ബാന്‍ഡാണ് കാര്‍പെന്റേഴ്‌സ്. രണ്ടംഗങ്ങള്‍ ചേര്‍ന്ന് ആരംഭിച്ച സംഗീത ബാന്‍ഡ്. കാരന്‍ കാര്‍പെന്റര്‍, റിച്ചാര്‍ഡ് കാര്‍പെന്റര്‍ എന്ന സഹോദരങ്ങള്‍ തുടങ്ങിയതാണ് കാര്‍പെന്റേഴ്‌സ്.
1968 ല്‍ ഡൗണിയില്‍ ആണ് ബാന്‍ഡ് രൂപം കൊണ്ടത്. വ്യത്യസ്തമായ ഒരു സോഫ്റ്റ് മ്യൂസിക്കല്‍ ശൈലിയാണ് കാര്‍പെന്റേഴ്‌സ് നിര്‍മ്മിച്ചത്. ക്ലോസ് ടു യു, യെസ്റ്റര്‍ഡേ വണ്‍സ് മോര്‍, സൂപ്പര്‍സ്റ്റാര്‍ തുടങ്ങിയ പാട്ടുകള്‍ കാര്‍പെന്റേഴ്‌സിന്റെ ഹിറ്റുകളാണ്. 14 വര്‍ഷത്തെ കരിയറില്‍ 10 ആല്‍ബങ്ങളും നിരവധി സിംഗിള്‍സും നിരവധി ടെലിവിഷന്‍ സ്‌പെഷ്യലുകളും റെക്കോര്‍ഡ് ചെയ്തു. 1973ല്‍ വൈറ്റ് ഹൗസിലെ അവരുടെ പരിപാടിക്കിടെ അന്നത്തെ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണ്‍ കാര്‍പെന്റേഴ്‌സിനെ വിശേഷിപ്പിച്ചത് 'യങ് അമേരിക്ക അറ്റ് ഇറ്റ്‌സ് ബെസ്റ്റ്' എന്നായിരുന്നു. ആ വിശേഷണം കാര്‍പെന്റേഴ്‌സിനെ അജയ്യരായ ബാന്‍ഡ് ആയി അമേരിക്കയില്‍ പ്രതിഷ്ഠിച്ചു.
1983ല്‍ കരേന്‍ അകാലത്തില്‍ മരിക്കുന്നതോടെയാണ് കാര്‍പെന്റേഴ്‌സ് ബാന്‍ഡും വിസ്മൃതിയിലേക്ക് പോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."