കാരണം കാണിക്കല്‍ നോട്ടിസിനെ ചൊല്ലി കോണ്‍ഗ്രസില്‍ പടയൊരുക്കം,<br>കേരളത്തിലെ സംഘടനാ സംവിധാനം കുത്തഴിഞ്ഞു, കെ.സുധാകരനെതിരേ ഏഴ് എം.പിമാര്‍
ന്യുഡല്‍ഹി: കോണ്‍ഗ്രസ് എം.പിമാരായ കെ.മുരളീധരനും എം.കെ രാഘവനും കാരണം കാണിക്കല്‍ നോട്ടിസ് നല്കിയ സംഭവത്തില്‍ കോണ്‍ഗ്രസില്‍ പുതിയ വിവാദം. സംസ്ഥാന പ്രസിഡന്റ് കെ.സുധാകരനെതിരേയാണ് പടപ്പുറപ്പാട്. കേരളത്തിലെ സംഘടനാ സംവിധാനം കുത്തഴിഞ്ഞുവെന്ന പരാതിയുമായി എഴ് എംപിമാരാണ് രംഗത്തെത്തിയത്.
സംഘം ദില്ലിയില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ കണ്ടാണ് പരാതി അറിയിച്ചിരിക്കുന്നത്. കെ. സുധാകരന് നോട്ടിസ് നല്‍കിയത് ഇല്ലാത്ത അധികാരം ഉപയോഗിച്ചാണെന്ന് എം.പിമാര്‍ പരാതി അറിയിച്ചു.
എ.ഐ.സി.സി അംഗങ്ങളായ എം.പിമാര്‍ക്ക് കെ.പി.സി.സി പ്രസിഡന്റ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത് കീഴ് വഴക്കം ലംഘിച്ചാണെന്ന് എം.പിമാര്‍ പരാതിയറിയിച്ചു. നോട്ടീസിന് മുരളീധരനും, രാഘവനും മറുപടി നല്‍കില്ലെന്ന് കെ.സി വേണുഗോപാലിനെ അറിയിച്ച എംപിമാര്‍ കേരളത്തിലെ സംഘടനാ സംവിധാനം കുത്തഴിഞ്ഞുവെന്ന പരാതിയാണ് പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്.
ഏകപക്ഷീയമായ പാര്‍ട്ടി പുന:സംഘടന നിര്‍ത്തിവയ്ക്കണമെന്നും എം.പിമാര്‍ ആവശ്യം ഉന്നയിക്കുന്നു. കോഴിക്കോട് എം.പി എം.കെ രാഘവനും, വടകര എം.പി കെ.മുരളീധരനുമടക്കം എംപിമാര്‍ കെ.സി വേണുഗോപാലിനെ കണ്ട സംഘത്തില്‍ ഉണ്ടായിരുന്നു. അതേ സമയം 'നേതൃത്വം ബോധപൂര്‍വം അപമാനിക്കുകയാണെന്നും അതിന്റെ പേരില്‍ ഇനി മത്സരരംഗത്തേക്കില്ലെന്ന് കെ മുരളീധരന് വ്യക്തമാക്കിയിരുന്നു.
കെ.മുരളീധരനും എം.കെ രാഘവനുമെതിരായ അച്ചടക്ക നടപടിയില്‍ കെപിസിസിയെ തള്ളി ചെന്നിത്തലയും എം.എം ഹസ്സനും രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ ഗ്രൂപ്പിന് അതീതമായ പിന്തുണയാണ് രാഘവനും കെ.മുരളീധരനും പാര്‍ട്ടിക്കുള്ളില്‍ ലഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."