ന്യൂനമര്‍ദം ചുഴലിക്കാറ്റാവും; വീണ്ടും അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്; തിരുവനന്തപുരത്ത് കടലാക്രമണവും മഴയും; 263 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. നാളെ പുലര്‍ച്ചെയോടെ കര്‍ണ്ണാടക തീരത്ത് വച്ച് ഇത് ടൗട്ടെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുള്ളതിനാല്‍
കേരളത്തില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്. അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എറണാകുളം ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച മൂന്ന് ജില്ലകളിലെ റെഡ് അലര്‍ട്ട് ഇന്നത്തേക്ക് പിന്‍വലിച്ചിരുന്നു. അതാണ് വീണ്ടും നാലു ജില്ലകളിലായി പ്രഖ്യാപിച്ചത്.
തീവ്ര ന്യൂനമര്‍ദം നേരിട്ട് സംസ്ഥാനത്തെ ബാധിക്കില്ലെങ്കിലും വടക്കന്‍ കേരളത്തില്‍ ചുഴലിക്കാറ്റിന്റെ സ്വാധീനം ഉണ്ടാവും.
തിരുവനന്തപുരത്ത് തീരദേശത്തടക്കം കടലാക്രമണവും മഴയും ഇപ്പോഴും തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. ജില്ലയില്‍ 263 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ശ്രീലങ്കയില്‍ നിന്ന് ഗോവയിലേക്ക് അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയതടക്കം 5 ബാര്‍ജുകള്‍ മോശം കാലാവസ്ഥയെത്തുടര്‍ന്ന് കൊല്ലം തീരത്തടുപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ കോന്നിയിലാണ് സംസ്ഥാനത്ത് ഏറ്റവുമധികം മഴ പെയ്തത്.
തിരുവനന്തപുരത്ത് നെയ്യാര്‍ ഡാം നാല് ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട് അരുവിക്കര ഡാമിന്റെ ഷട്ടറുകളും കൂടുതല്‍ ഉയര്‍ത്തി. നെയ്യാറ്റിന്‍കരയില്‍ കൃഷിയിടങ്ങളില്‍ വെള്ളം കയറി. തിരുവനന്തപുരം നഗരത്തില്‍ കിള്ളിയാര്‍, കരമനയാര്‍ വെള്ളം കരകവിഞ്ഞ് ധര്‍മ്മമുടുമ്പ്, കാലടിക്കടുത്ത പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറി.
പത്തനംതിട്ട കോന്നിയില്‍ ഇന്നലെ രാവിലെ മുതല്‍ ഇന്ന് രാവിലെ വരെ പെയ്തത് 153 മില്ലി മീറ്റര്‍ മഴയാണ്. അപ്പര്‍കുട്ടനാട്ടില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. 530 ക്യാംമ്പുകള്‍ തുറക്കാന്‍ സജ്ജമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."