ആശ്വാസം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും വേനൽ മഴ
തിരുവനന്തപുരം: കടുത്ത വേനലിനും കൊടും ചൂടിനും താത്കാലിക വിരാമമിട്ട് മഴയെത്തുന്നു. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയുണ്ടാകും. മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യത കല്പിക്കുന്നുണ്ട്. നേരിയതോതിൽ ഇടിയോടുകൂടിയ വേനൽ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
ബുധനാഴ്ച മലപ്പുറം, എറണാകുളം, ഇടുക്കി, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് മഴ പ്രതീക്ഷിക്കുന്നത്. വ്യാഴാഴ്ച കേരളതീരത്ത് 0.4 മുതൽ 0.9 മീറ്റർ വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. എന്നാൽ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. മഴ സമയത്ത് ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ ജനം ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."