കടുത്ത ഇസ്ലാമോഫോബിയയുമായി ആര്‍.എസ്.എസ് സെല്‍ പ്രവര്‍ത്തനം പൊലിസിലും
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലിസ് സേനയില്‍ ആര്‍.എസ്.എസ് വത്കരണമുണ്ടെന്നു എല്‍.ഡി.എഫില്‍ നിന്നടക്കം ആശങ്ക ഉയര്‍ന്നെങ്കിലും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോഴും കുറ്റകരമായ മൗനത്തിലാണ്. കേരള പൊലിസില്‍ ആര്‍.എസ്.എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുവെന്നു മാധ്യമങ്ങളോട് പറഞ്ഞത് സി.പി.ഐ ദേശീയ നേതാവ് ആനിരാജയാണ്. മന്ത്രി റിയാസും സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനും സി.പി.എം സമ്മേളനങ്ങളില്‍ ഇതു സംബന്ധിച്ച് ആശങ്ക പങ്കുവെച്ചിരുന്നു.
അതേസമയം കടുത്ത ഇസ്ലാമോഫോബിയയുമായി ആര്‍.എസ്.എസ് സെല്‍ പ്രവര്‍ത്തനം പൊലിസിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമിടയില്‍ സജീവമായി തുടരുന്നു. ഉന്നത പൊലിസ് ഓഫിസറായിരുന്ന ടി.പി സെന്‍കുമാര്‍ ജോലിയില്‍ നിന്നു വിരമിച്ച ശേഷം കടുത്ത വര്‍ഗീയ വിഷം വിളമ്പി കേരളത്തില്‍ വിദ്വേഷം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സംസ്ഥാനത്തെ ഒന്നാമനായ സെന്‍കുമാര്‍ സര്‍വീസിലിരിക്കുമ്പോള്‍ എന്തുമാത്രം സങ്കുചിതമായി കേസുകളെ സമീപിച്ചിട്ടുണ്ടാകുമെന്നും ആശങ്ക നിലനില്‍ക്കുകയാണ്.
എറണാകുളത്തെ മുസ്ലിം യുവാവിനെ സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി തീവ്രവാദിയാക്കാന്‍ നടത്തിയ ശ്രമം പൊളിച്ചത് കോടതിയില്‍ നിന്നാണ്. നിരവധി യുവാക്കളെയാണ് ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്ന തരത്തില്‍ അകത്താക്കാന്‍ പൊലിസ് ശ്രമിച്ചത്. ഇതെല്ലാം പൊലിസിലെ ആര്‍.എസ്.എസ് സെല്‍ പ്രവര്‍ത്തനത്തെത്തുടര്‍ന്നാണ്.
സമൂഹമാധ്യമങ്ങളില്‍ മുസ്ലിങ്ങള്‍ക്കെതിരേ നിരന്തരം വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ പൊലിസ് കേസെടുക്കാന്‍ മടിക്കുന്നു. അതേസമയം വര്‍ഗീയതയെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ കേസെടുക്കുകയും ചെയ്യുന്നു. മുസ്ലിം നാമധാരികളായാല്‍ കേസില്‍ പ്രതിയാക്കുക ഇത്തരം പൊലിസുകാരുടെ പതിവാണ്. മലപ്പുറത്ത് വെന്നിയൂര്‍ പൂക്കിപ്പറമ്പില്‍ തെന്നല മുസ്ലിം കോ ഓഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ന്യൂനപക്ഷാവകാശ സംരക്ഷണ സമ്മേളനത്തില്‍ പ്രസംഗിച്ചതിന് സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂരിനെതിരേ പൊലിസ് കേസെടുത്തിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന പേരിലാണ് കേസെടുത്തത്. പൊലിസിന്റെ ഇസ്ലാമോഫോബിയയാണ് പൂക്കോട്ടൂരിനെതിരേ കേസെടുക്കാന്‍ പ്രേരിപ്പിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആര്‍.എസ്.എസ് ബന്ധത്തെ തുറന്നെതിര്‍ത്ത ജമാഅത്തെ ഇസ്ലാമി ആര്‍.എസ്.എസുമായി ചര്‍ച്ച നടത്തിയെന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."