സർക്കാരിനും സ്പീക്കർക്കുമെതിരെ പ്രതിഷേധം : നിയമലംഘന സമരം ശക്തമാക്കുമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം : സർക്കാരും സ്പീക്കറും കടുത്ത നിലപാടുകളുമായി പ്രതിപക്ഷത്തോട് യുദ്ധപ്രഖ്യാപനം നടത്തുന്ന സാഹചര്യത്തിൽ നിയമസഭയ്ക്കുള്ളിലും പുറത്തും പ്രതിഷേധ സമരങ്ങൾ കടുപ്പിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം. സമരം നിയമസഭയ്ക്ക് പുറത്തേക്ക് കൂടി വ്യാപിപ്പിക്കുന്നതിനെ കുറിച്ചാണ് പ്രതിപക്ഷം ആലോചിക്കുന്നത്. നിയമങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് പ്രതിപക്ഷത്തോട് സ്പീക്കറിലൂടെ സർക്കാർ യുദ്ധം നടത്തുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ.
സഭയിൽ ആക്രമിക്കപ്പെട്ടവർ പ്രതികളാകുകയും അക്രമത്തിന് നേതൃത്വം കൊടുത്തവർ ഇരകളായി ചിത്രീകരിക്കപ്പെടുകയും ചെയ്തത് തങ്ങളുടെ ഫാസിസ്റ്റ് നയനിലപാടുകൾ കേരളത്തിൽ നടപ്പാക്കുന്നതിന്റെ ട്രയൽ റണ്ണായാണ് പ്രതിപക്ഷം കരുതുന്നത്. നിയമങ്ങൾ ലംഘിച്ചുകൊണ്ട് പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ ഹനിക്കുന്ന സ്പീക്കറോടും സർക്കാരിനോടും അതേ നിയമങ്ങൾ ലംഘിച്ചുകൊണ്ട് സമരം ചെയ്യാനാണ് പ്രതിപക്ഷ തീരുമാനം. ഭരണബെഞ്ചിനില്ലാത്ത ഒരു നിയമവും പ്രതിപക്ഷത്തിനും ആവശ്യമില്ലെന്നതാണ് അവരുടെ നിലപാട്.
ഏകപക്ഷീയ നിലപാടുകളിൽ പ്രവർത്തിക്കുന്ന സഭാ ടി.വിയുമായി ബന്ധപ്പെട്ട് സ്പീക്കർക്ക് രണ്ട് പരാതികൾ നൽകിയിട്ടും സ്പീക്കർ അതേക്കുറിച്ച് പ്രതികരിക്കുന്നുപോലുമില്ലെന്ന് പ്രതിപക്ഷം പരിതപിക്കുന്നു.പരാതിയിൽ നടപടി ഉണ്ടാകാത്തതിനെ തുടർന്ന് സഭാ ടി.വി ഹൈപവർ കമ്മിറ്റിയിൽ നിന്നും നാല് പ്രതിപക്ഷ എം.എൽ.എമാർ രാജിവച്ചിരുന്നു. ഇന്നലേയും സ്പീക്കർക്ക് ഇതുമായി ബന്ധപ്പെട്ട് കത്ത് നൽകിയിട്ടുണ്ട്. നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിന്റെ വീഡിയോ എടുത്തത് ചട്ടവിരുദ്ധമാണെന്നാണ് സ്പീക്കർ പറഞ്ഞത്. ഞങ്ങളുടെ കൂടി ചെലവിൽ പ്രവർത്തിക്കുന്ന സഭാ ടി.വി പ്രതിപക്ഷ പ്രതിഷേധം കാണിക്കുന്നില്ലെങ്കിൽ അതിന്റെ വീഡിയോ ഇനിയും പുറത്ത് വിടേണ്ടിവരുമെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."