പൊലിസ് ക്വാട്ടേഴ്സിലെ ആത്മഹത്യ: പൊലിസുകാരനെതിരെ കേസെടുത്തു; ആത്മഹത്യയിലേക്കു നയിച്ചത് ഭര്‍ത്താവിന്റെ പീഡനമെന്ന് കുടുംബം; നജ്ലയുടെ ഡയറി കാണാതായി
ആലപ്പുഴ: പൊലിസ് ക്വാട്ടേഴ്സില്‍ പിഞ്ചുമക്കളെ കൊലപ്പെടുത്തി മാതാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവായ പൊലിസുകാരനെതിരെ കേസെടുത്തു. സിവില്‍ പൊലിസ് ഓഫീസര്‍ റെനീസിനെതിരെയാണ് സ്ത്രീപീഡനം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. റെനീസ് ഭാര്യ നെജ്ലയെ പീഡിപ്പിച്ചിരുന്നതായി ബോധ്യപ്പെട്ടെന്നും ഇതിന് ആധാരമായ ഡിജിറ്റല്‍ തെളിവുകളടക്കം ലഭിച്ചെന്നും പൊലിസ് അറിയിച്ചു. ഇന്നലെ രാവിലെ മുതല്‍ പൊലിസ് കസ്റ്റഡിയിലായിരുന്നു ഇയാള്‍.
നജ്ലയുടെയും മക്കളുടെയും മരണത്തിന് ഉത്തരവാദി റെനീസാണെന്നാണ് ബന്ധുക്കളുടെ പരാതി. ഭര്‍ത്താവിന്റെ നിരന്തര മാനസിക ശാരിരീക പീഡനങ്ങളില്‍ മനം നൊന്താണ് നജ്ല ആത്മഹത്യ ചെയ്തതെന്നും സഹോദരി നഫ്ല പറയുന്നു. എല്ലാ കാര്യങ്ങളും നജ്ല ഡയറിയില്‍ എഴുതിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ ഡയറി കാണുന്നില്ല. റെനീസ് എടുത്ത് മാറ്റിയിട്ടുണ്ടാകുമെന്ന് സംശയിക്കുന്നതായും നഫ്ല പറയുന്നു. റെനീസ് നജ്ലയെ നിരന്തരം മര്‍ദ്ദിക്കുമായിരുന്നുവെന്നും മറ്റൊരു സ്ത്രീയുമായി ഇയാള്‍ക്ക് ബന്ധം ഉണ്ടായിരുന്നുവെന്നും ആത്മഹത്യക്ക് തലേദിവസം ഇവര്‍ ക്വാര്‍ട്ടേഴ്സില്‍ വന്നിരുന്നതായും ഇവര്‍ ആരോപിച്ചു.
അതേ സമയം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം നജ്ലയുടേയും മക്കളുടേയും മൃതദേഹങ്ങള്‍ വൈകിട്ട് കോട്ടപ്പള്ളി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. കൊവിഡ് പരിശോധന ഫലം വൈകിയതിനാല്‍ ഇന്ന് രാവിലെയാണ് മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."