കെ. സുധാകരന്‍ ചെന്നിത്തല ക്യാംപ് വിട്ടു; ഒപ്പം ചേര്‍ന്ന് സതീശനും കെ.വി തോമസും
കോട്ടയം: പ്രതിപക്ഷനേതൃസ്ഥാനത്തിനായുള്ള പോരില്‍ രമേശ് ചെന്നിത്തലയെ കൈയൊഴിഞ്ഞ് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്‍. സുധാകരന്റെ നീക്കത്തി ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ.വി തോമസും വി.ഡി സതീശനും കൈകൊടുത്തതോടെ കോണ്‍ഗ്രസിലും ഐ ഗ്രൂപ്പിലും പുതിയ ചേരിക്കു തുടക്കമായി.
പ്രതിപക്ഷനേതാവിന്റെ കസേര ഉറപ്പിക്കാന്‍ കെ.സി ജോസഫിനെ കെ.പി.സി.സി അധ്യക്ഷനാക്കിയുള്ള സമവായ നീക്കത്തിന് ഐ, എ വിഭാഗങ്ങള്‍ കൈകോര്‍ത്തതോടെയാണ് സുധാകരന്‍ ചെന്നിത്തല ക്യാംപ് വിട്ടത്. ചെന്നിത്തലയുടെയും ഉമ്മന്‍ ചാണ്ടിയുടെയും അടുപ്പക്കാരല്ലാതെ ഐ, എ ഗ്രൂപ്പുകളിലെ സുധാകരനടക്കമുള്ള മുതിര്‍ന്ന നേതാക്കളൊന്നും സമവായനീക്കം അറിഞ്ഞിരുന്നില്ല. ഇതോടെയാണ് വി.ഡി സതീശനായി സുധാകരനും കെ.വി തോമസും രംഗത്തിറങ്ങിയത്.
സുധാകരന്റെ നേതൃത്വത്തില്‍ നടത്തിയ നീക്കത്തില്‍ 12 എം.എല്‍.എമാരുടെ പിന്തുണ സതീശന് അനുകൂലമായി. ഒന്‍പതുപേരുടെ പിന്തുണയാണ് ചെന്നിത്തലയ്ക്ക് കിട്ടിയത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പി.ടി തോമസും പ്രതിപക്ഷനേതൃസ്ഥാനത്തിനായി അവകാശമുന്നയിച്ചതിനൊപ്പം മാറ്റം വേണമെന്ന നിലപാടെടുത്തതും സതീശന് ഗുണകരമായി. എ.ഐ.സി.സി നിരീക്ഷകരായ മല്ലികാര്‍ജുന ഗാര്‍ഖേയെയും വി. വൈദ്യലിംഗത്തെയും കണ്ട ഭൂരിപക്ഷം എം.പിമാരും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളും മുതിര്‍ന്ന നേതാക്കളും നേതൃസ്ഥാനങ്ങളില്‍ മാറ്റം വേണമെന്ന നിലപാടിലായിരുന്നു.
ദേശീയ നേതാക്കളുമായി അടുപ്പമുള്ള പ്രൊഫ. കെ.വി തോമസും ചെന്നിത്തലയ്‌ക്കെതിരായ നീക്കത്തിന്റെ മുന്‍നിരയിലെത്തിയതോടെ കെ.സി ജോസഫിനെ കെ.പി.സി.സി അധ്യക്ഷനാക്കിയുള്ള ഒത്തുതീര്‍പ്പു ഫോര്‍മുല തകര്‍ന്നു.ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ചെന്നിത്തലയെ പിന്തുണയ്ക്കാനുള്ള നീക്കത്തോട് എ വിഭാഗത്തിലും കടുത്ത എതിര്‍പ്പാണുയര്‍ന്നത്. തലമുറമാറ്റം വേണമെന്ന ആവശ്യം ഹൈക്കമാന്‍ഡ് പ്രതിനിധികളെ ബോധ്യപ്പെടുത്താന്‍ പുതിയ ചേരിക്കായിട്ടുണ്ട്. പ്രതിപക്ഷനേതാവിനെ ഇന്നോ നാളെയോ ഹൈക്കമാന്‍ഡ് പ്രഖ്യാ പിക്കും.
സുധാകരന്‍ എതിര്‍നീക്കം നടത്തിയിട്ടും 19 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നാണ് ചെന്നിത്തല അനുകൂലികളുടെ അവകാശവാദം. ചെന്നിത്തലയ്ക്ക് ഒരവസരം കൂടി ഹൈക്കമാന്‍ഡ് നല്‍കുമെന്ന ഉറച്ച പ്രതീക്ഷയില്‍ തന്നെയാണ് ഐയിലെ ഒരു വിഭാഗം. കെ. പി.സി.സി ഉപാധ്യക്ഷരായ ശൂരനാട് രാജശേഖരനും ജോസഫ് വാഴക്കനും ഐ വിഭാഗത്തിന്റെ നിലപാട് ബോധ്യപ്പെടുത്താന്‍ നിരീക്ഷകരെ കണ്ടിരുന്നു.
സുധാകരന്റെ നേതൃത്വത്തില്‍ ഗ്രൂപ്പുകള്‍ക്കതീതമായ പുതിയ ശാക്തിക ചേരിയാണ് രൂപപ്പെടുന്നത്. പുതിയ നീക്കം ഐ, എ വിഭാഗങ്ങളില്‍ വിള്ളല്‍ വീഴ്ത്തിയിട്ടുണ്ട്. എ ഗ്രൂപ്പിലെ ഒരു വിഭാഗത്തിന്റെ പിന്തുണയും സുധാകരനുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ പിന്തുണയില്‍ ഹൈക്കമാന്‍ഡില്‍ സ്വാധീനം ചെലുത്തി ചെന്നിത്തല വീണ്ടും നേതൃസ്ഥാനത്തെത്തിയാല്‍ അത് കോണ്‍ഗ്രസില്‍ പുതിയ പൊട്ടിത്തെറിക്കു വഴിയൊരുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."