നോക്കുകുത്തിയാവുന്ന ഐക്യരാഷ്ട്രസഭ
ഇസ്‌റാഈലിന്റെ ആക്രമണത്തെ തുടര്‍ന്ന് ഫലസ്തീനില്‍ ആരംഭിച്ച സംഘര്‍ഷം ഗുരുതരമായ സാഹചര്യത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. പശ്ചിമേഷ്യയിലെ ഈ സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ ബാധ്യതയുള്ള ഐക്യരാഷ്ട്രസഭയും അമേരിക്കയടക്കമുള്ള വന്‍കിട രാഷ്ട്രങ്ങളും പരിഹാരം കാണുന്നതിനുള്ള ആത്മാര്‍ഥമായ യാതൊരു നീക്കവും ഇപ്പോഴും നടത്തുന്നില്ല. അമേരിക്കയുടെ ഇസ്‌റാഈല്‍ അനുകൂല നിലപാട് ഇപ്പോഴും തുടരുകയാണ്. ട്രംപ് മാറി ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ പശ്ചിമേഷ്യന്‍ നയത്തില്‍ വലിയ മാറ്റങ്ങള്‍ വരുമെന്ന് പലരും പ്രതീക്ഷ പുലര്‍ത്തിയിരുന്നു. എന്നാല്‍ ഇസ്‌റാഈലിനും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും ബൈഡന്‍ പിന്തുണ പ്രഖ്യാപിച്ചതോടെ ആ ധാരണയെല്ലാം അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞു. അമേരിക്ക തുടര്‍ന്നുവരുന്ന സാമ്രാജ്യത്വ അനുകൂല സമീപനങ്ങളില്‍ യാതൊരു മാറ്റവും ബൈഡന്‍ പ്രസിഡന്റായി വന്നതുകൊണ്ട് ഉണ്ടാകാന്‍ പോകുന്നില്ലെന്ന് പ്രഖ്യാപിക്കുന്നതാണ് ഈ നിലപാട്. സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്തുന്നതിന്റെ ഭാഗമായി വെടിനിര്‍ത്തലിനുള്ള ശക്തമായ ഇടപെടല്‍ നടത്താന്‍ പോലും ഇപ്പോള്‍ അമേരിക്ക തയാറല്ലെന്ന് തെളിഞ്ഞിരിക്കുന്നു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇത്തരം ആഹ്വാനത്തിന് സമയമായിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഇരുകൂട്ടരും വെടിനിര്‍ത്തിലിന് തയാറായാല്‍ അതിനെ സ്വാഗതം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ വെടിനിര്‍ത്തലിനുവേണ്ടി നേതൃത്വപരമായ പങ്കുവഹിക്കാന്‍ രാജ്യം തയാറല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ദിവസങ്ങളായി തുടരുന്ന മേഖലയിലെ സംഘര്‍ഷം അവസാനിപ്പിക്കണമെന്ന വിവിധ രാജ്യങ്ങളുടെയും സാര്‍വദേശീയ സംഘടനകളുടെയെല്ലാം ആവശ്യം ഇസ്‌റാഈല്‍ നിഷ്‌കരുണം തള്ളിക്കളയുകമാത്രമല്ല, സംഘര്‍ഷം മൂര്‍ച്ഛിപ്പിക്കാനും ഗസ്സയില്‍ കൂട്ടക്കുരുതി തുടരാനുമാണ് സിയോണിസ്റ്റ് ഭരണകൂടം തയാറായിട്ടുള്ളത്. ഇസ്‌റാഈല്‍ വ്യോമാക്രമണത്താല്‍ ഗസ്സയില്‍ മാത്രം 230 പേര്‍ ഇതിനകം മരിച്ചെന്നാണ് റിപ്പോര്‍ട്ട്. 65 കുട്ടികള്‍ ഈ ആക്രമണത്തില്‍ പിടഞ്ഞുവീണ് മരിച്ചിരിക്കുകയാണ്. 35 സ്ത്രീകളും മരണപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ട്. ഗസ്സയിലെ ആശുപത്രികളും സ്‌കൂളുകളും ഇതിനകം തകര്‍ക്കപ്പെട്ടു. ഈ ആശുപത്രികളില്‍ ബഹുഭൂരിപക്ഷവും കൊവിഡ് ബാധിതരായിരുന്നുവെന്നത് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കുകയാണ്. ആക്രമണം ഈ നിലയില്‍ തുടര്‍ന്നാല്‍ ഗസ്സ നഗരത്തിലെ വൈദ്യുതി, ജലവിതരണം തുടങ്ങിയവ പൂര്‍ണമായും നിലയ്ക്കുമെന്ന് യു.എന്‍ ഏജന്‍സികള്‍ അറിയിച്ചു.
സംഘര്‍ഷം അവസാനിപ്പിക്കാന്‍ ശ്രമം തുടരുകയാണെന്നാണ് യു.എന്‍ രക്ഷാസമിതിയില്‍ യു.എസ് അംബാസിഡര്‍ ലിന്‍ഡാ തോമസ് ഗ്രീന്‍ ഫീല്‍ഡ് പറഞ്ഞത്. ഗസ്സയില്‍ നിരപരാധികളെ കൊന്നൊടുക്കുന്നത് ഇസ്‌റാഈല്‍ നിര്‍ത്തണമെന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പറേഷന്‍ (ഒ.ഐ.സി.) യോഗം ശക്തമായി ആവശ്യപ്പെടുകയും ചെയ്തു. ഗസ്സയിലെ മനുഷ്യക്കുരുതികള്‍ക്കെതിരേ അമേരിക്കയിലും യൂറോപ്പിലും ഏഷ്യയിലും മറ്റുമുള്ള വിവിധ രാജ്യങ്ങളില്‍ പ്രകടനങ്ങള്‍ നടന്നുവരികയാണ്. മാധ്യമസ്ഥാപനമായ അല്‍ ജസീറ ഓഫിസ് ഉള്‍പ്പെടെ ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്. മാധ്യമസ്ഥാപനങ്ങള്‍ക്കെതിരായ കിരാതമായ ഈ ആക്രമണങ്ങളില്‍ ലോകത്തെ മാധ്യമ സംഘടനകള്‍ ഒന്നടങ്കം ശക്തമായി പ്രതിഷേധിച്ചിരിക്കുകയാണ്.
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുവേണ്ടി അടിയന്തരയോഗം ചേര്‍ന്ന യു.എന്‍ രക്ഷാസമിതി കാര്യമായ ഒരു തീരുമാനവും എടുക്കാതെ പിരിഞ്ഞിരിക്കുകയാണ്. ആക്രമണം അവസാനിപ്പിക്കുകയും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും വേണമെന്നാവശ്യപ്പെട്ട് യു.എന്‍ സംയുക്ത പ്രസ്താവന ഇറക്കണെമെന്ന ചൈന, നോര്‍വേ, തുണേഷ്യ എന്നീ രാജ്യങ്ങളുടെ ആവശ്യം അമേരിക്ക യോഗത്തില്‍ വീറ്റോ ചെയ്തു. ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ തവണയാണ് അമേരിക്ക യു.എന്‍ പ്രമേയം തടയുന്നത്. വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും യുദ്ധങ്ങളും തടയാനും അവസാനിപ്പിക്കാനും ഇടപെട്ട് ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ട ഐക്യരാഷ്ട്രസഭ ഇന്ന് വെറുമൊരു നോക്കുകുത്തിയായി മാറിയിരിക്കുന്നതിന്റെ ദൃഷ്ടാന്തം തന്നെയാണ് രക്ഷാസമിതിയിലെ ഈ നടപടിയും.
രക്ഷാസമിതിയിലെ ഫലസ്തീന്‍ വിഷയം സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത ഇന്ത്യന്‍ പ്രതിനിധി ടി.എസ് തിരുമൂര്‍ത്തിയുടെ പ്രസംഗം എങ്ങും തൊടാത്ത ഒന്നായിരുന്നു. ഇരുവിഭാഗവും സംയമനം പാലിച്ച് ഉടന്‍ സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഫലസ്തീന് അനുകൂലമായി എന്നും നിലകൊണ്ടിട്ടുള്ള ഇന്ത്യ വ്യക്തമായ ചില നിര്‍ദേശങ്ങള്‍ അവിടെ വയ്ക്കാന്‍ വൈമുഖ്യം കാട്ടുകയാണുണ്ടായത്. എന്തായാലും ഇസ്‌റാഈലും ഫലസ്തീനും പരസ്പരം രാഷ്ട്രങ്ങളായി അംഗീകരിക്കുന്നതാണ് പ്രശ്‌നപരിഹാരത്തിനുള്ള മാര്‍ഗമെന്ന് അദ്ദേഹം പറഞ്ഞത് സ്വാഗതാര്‍ഹമാണ്. അത്രയെങ്കിലും പറയാന്‍ ഇന്ത്യന്‍ പ്രതിനിധി തയാറായത് മികച്ച കാര്യമാണ്.
2017-ല്‍ ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഡല്‍ഹിയില്‍ വരികയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുകയും തങ്ങളുടെ വിമോചന പോരാട്ടങ്ങള്‍ക്ക് പിന്തുണ അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. അന്നു ഫലസ്തീന്‍ ഒരു സ്വതന്ത്രപരമാധികാര രാഷ്ട്രമായി കാണാനും ആ രാജ്യം പുരോഗതിയിലേക്ക് നീങ്ങാനും ഇന്ത്യ ആഗ്രഹിക്കുകയാണെന്ന് നരേന്ദ്രമോദി പ്രസ്താവിച്ചിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ അമേരിക്കയുമായുള്ള നമ്മുടെ രാജ്യത്തിന്റെ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ പ്രഖ്യാപിക്കപ്പെട്ട നയത്തില്‍ നിന്നുതന്നെ ഇന്ത്യ പുറകോട്ടുപോയിട്ടുണ്ട്. ഫലസ്തീന്‍ - ഇസ്‌റാഈല്‍ പ്രശ്‌നം പരിഹരിക്കുന്നതിന് മുന്‍കൈയെടുക്കേണ്ടത് ഐക്യരാഷ്ട്രസഭയും ലോകത്തെ പ്രധാനപ്പെട്ട രാജ്യങ്ങളും തന്നെയാണ്. അമേരിക്കയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കുമെല്ലാം ഇതില്‍ സുപ്രധാനപങ്കാണ് വഹിക്കാനുള്ളത്. എക്കാലവും ഫലസ്തീന്‍ ജനതയോടൊപ്പം നിലകൊള്ളുകയും ഫലസ്തീനിനെ അംഗീകരിക്കുകയും ചെയ്ത ചേരിചേരാനയത്തിന്റെ വലിയ പാരമ്പര്യമുള്ള ഇന്ത്യയ്ക്ക് ഈ പ്രശ്‌നം പരിഹരിക്കുന്നതിന് വലിയ ഉത്തരവാദിത്വമാണുള്ളതെന്ന കാര്യം നമ്മുടെ ഭരണാധികാരികള്‍ ഇനിയെങ്കിലും വിസ്മരിക്കരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."