HOME
DETAILS

ഊർജമായിരുന്നു അവനിൽ നിറയെ

  
backup
May 13 2022 | 20:05 PM

896535963-2022-may-14

വി. അബ്ദുൽ മജീദ്


ഊർജസ്വലത ആൾരൂപമെടുത്തതാണെന്നാണ് സിദ്ദീഖിനെ കാണുമ്പോൾ എനിക്കു തോന്നാറ്. മൈതാന ഗാലറികളിൽ ദീർഘനേരം തളരാതെയിരുന്ന് കളിയെഴുതുമ്പോൾ, രാഷ്ട്രീയമെഴുതുമ്പോൾ, മാധ്യമപ്രവർത്തകരുടെ അവകാശപ്പോരാട്ടമടക്കമുള്ള യൂനിയൻ പ്രവർത്തനങ്ങളിൽ, സഹജീവികളോട് കലഹിക്കുന്നതിൽ, വീണ്ടും വന്ന് ഇണങ്ങുന്നതിൽ എല്ലാം ആ ഊർജം ജ്വലിച്ചുതന്നെ നിന്നു.
ഓർക്കുന്നു, സുപ്രഭാതത്തിന്റെ തുടക്കം. നിലമൊരുക്കാൻ എഡിറ്റോറിയൽ വിഭാഗത്തിൽ ആദ്യം നിയോഗിക്കപ്പെട്ട ഞാനടക്കമുള്ള ചുരുക്കം ചില മുതിർന്നവർ ആദ്യഘട്ട പണികൾ തീർത്തുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് അടിത്തറ പണിയാൻ അനിവാര്യരായ അടുത്ത നിര കടന്നുവരുന്നത്. തീർത്തും ജൂനിയറല്ലാത്ത, കുറച്ചുകാലത്തെ പരിചയസമ്പത്തുള്ള ചെറുപ്പക്കാരുടെ നിര. കടുത്ത മത്സരം നേരിടുന്ന മാധ്യമക്കളിയിൽ പൊരുതി മുന്നേറാൻ ടീമിന് കരുത്തായ മിഡ്ഫീൽഡർമാർ. അക്കൂട്ടത്തിലൊരാളായാണ് സിദ്ദീഖ് ഈ മേഖലയിലെ മുൻകാല നേട്ടങ്ങളുടെ ജേഴ്‌സിയണിഞ്ഞെത്തിയത്.


മാധ്യമപ്രവർത്തകരിൽ അധികമാളുകൾക്കും കാര്യമായ പിടിപാടില്ലാത്ത മേഖലയാണ് സ്‌പോർട്‌സ്. അറിവുള്ള കുറച്ചുപേരിൽ തന്നെ സൂക്ഷ്മജ്ഞാനമുള്ളവർ ഏറെക്കുറവായിരിക്കും. ആ ജ്ഞാനം താനെ ഉണ്ടായിവരുന്നതൊന്നുമല്ല. കുട്ടിക്കാലം മുതൽ ഉള്ളിലൂറിവരുന്ന കമ്പം നിരന്തരമായ അന്വേഷണത്തിലൂടെയും സാധനയിലൂടെയുമൊക്കെ തേച്ചുമിനുക്കിയെടുക്കുന്നതാണ്. അങ്ങനെയുള്ളവരിലൊരാളാണ് സിദ്ദീഖ്. തുടക്കകാലത്ത് കളിയെഴുത്ത് ചുമതലകൾ അവൻ ചോദിച്ചു വാങ്ങുമായിരുന്നു. അധികം വൈകാതെ ആ ചുമതലയേൽപ്പിക്കാൻ ഞങ്ങളുടെ കൂട്ടത്തിൽ സിദ്ദീഖല്ലാതെ ആരുമില്ലെന്ന അവസ്ഥ വന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ഓടിച്ചെന്ന് അന്തർദേശീയ തലത്തിലുള്ളവയടക്കം നിരവധി മത്സരങ്ങൾ അവൻ റിപ്പോർട്ട് ചെയ്തു. ന്യൂസ് ഡസ്‌കിലിരുന്ന് കായിക വാർത്തകൾ എഡിറ്റ് ചെയ്തു. അവന്റെ കൈകളിലൂടെ മനോഹരമായ കായികവാർത്തകൾ ഞങ്ങളുടെ സ്‌പോർട്‌സ് പേജിലേക്ക് ഒഴുകിയെത്തി. അതിനിടയിൽ ഏറെ പുരസ്‌കാരങ്ങൾ അവനെ തേടിയുമെത്തി.
രാഷ്ട്രീയം, പ്രത്യേകിച്ച് കോൺഗ്രസ് രാഷ്ട്രീയം ആയിരുന്നു സിദ്ദീഖിന് ഏറെ വൈദഗ്ധ്യമുള്ള മറ്റൊരു മേഖല. കേരളത്തിന് നിരന്തരം വാർത്തകൾ സംഭാവനചെയ്തുകൊണ്ടിരിക്കുന്ന കോൺഗ്രസിലെ അന്തർനാടകങ്ങൾ നിർണായക സന്ധികളിലെത്തുന്ന ഘട്ടങ്ങളിൽ സിദ്ദീഖിനെ ഇറക്കിവിട്ടാൽ കൃത്യതയുള്ള വാർത്തകൾ വരുമെന്ന ഉറപ്പ് ഞങ്ങൾക്കുണ്ടായിരുന്നു. അങ്ങനെ വാർത്തകളുടെ രണ്ടു പ്രധാന മേഖലകളിൽ വൈദഗ്ധ്യമുള്ള അവൻ കളംനിറഞ്ഞു കളിച്ചു. വന്ന് അധികകാലമാവുന്നതിനു മുമ്പു തന്നെ ഞങ്ങളുടെ പത്രത്തിലെ പ്രധാന ബൈലൈനുകളിലൊന്നായി 'യു.എച്ച് സിദ്ദീഖ്' മാറി.


ഊർജസമൃദ്ധി ജന്മസിദ്ധമായതിനാലാവാം, പലതിനോടും അവൻ രൂക്ഷമായാണ് പ്രതികരിച്ചിരുന്നത്. പത്രപ്രവർത്തക യൂനിയൻ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അവൻ ജീവനക്കാരുടെ അവകാശപ്പോരാട്ടങ്ങളിലും തീവ്രമായി തന്നെ ഇടപെട്ടിരുന്നു. തൊഴിൽ മേഖല ഏറെ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കാലമായതിനാൽ യൂനിയൻ ഘടകങ്ങളിൽ ചൂടുപിടിച്ച ചർച്ചകൾ പതിവാണ്. വ്യത്യസ്ത കാഴ്ചപ്പാടുള്ളവരെ ഉൾക്കൊള്ളുന്ന സംഘടനയായതിനാൽ അഭിപ്രായഭിന്നതകളും സ്വാഭാവികം. ചിലപ്പോൾ ചെറിയ ഭിന്നതകളിൽ പിടിച്ചുകയറി സിദ്ദീഖ് സഹപ്രവർത്തകരോട് രൂക്ഷമായി കലഹിക്കും, പിണങ്ങും. അവന്റെ പിണക്കത്തിനിരകളായവരിൽ ഞാനുമുണ്ടായിരുന്നു. എന്നാൽ തൊട്ടടുത്ത തവണ കാണുമ്പോൾ ഇക്കാ എന്നു വിളിച്ച് അരികിൽ ഓടിയെത്തി കൈപിടിക്കും. അവൻ പിണങ്ങാത്തവരായി ആരുമുണ്ടാവില്ല ഞങ്ങളുടെ കൂട്ടത്തിൽ, അതുപോലെ അവൻ തീക്ഷ്ണമായി സ്‌നേഹിക്കാത്തവരായും ആരുമുണ്ടാവില്ല. തെളിഞ്ഞ മനസ്സുകളിൽ മാത്രം രൂപംകൊള്ളുന്നതാണല്ലോ ഇപ്പറഞ്ഞ രണ്ടും.


കൂടെയുള്ളവർ നന്നായി പണിയെടുക്കുമ്പോൾ അവരുടെ ഊർജം നമ്മളിലേക്കും പ്രസരിക്കും. അതിന്റെ രസതന്ത്രം നന്നായറിഞ്ഞിരുന്നു തിരുവനന്തപുരം ബ്യൂറോയിൽ ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്ന കാലത്ത്. നിന്നുതിരിയാനാവാത്ത വിധം പണിയുണ്ടാകും നിയമസഭ കൂടുന്ന കാലമടക്കം മിക്ക സന്ദർഭങ്ങളിലും. ബ്യൂറോയുടെ തലവനായിരുന്ന എന്റെ തലവേദന ലഘൂകരിക്കാൻ കൂടെ നിന്നവരായിരുന്നു സിദ്ദീഖടക്കമുള്ള അന്നത്തെ സഹപ്രവർത്തകർ. കഠിനാധ്വാനത്തിനിടയിലുള്ള സൗഹൃദത്തിന് തീവ്രതയും മധുരവും കൂടും. അതായിരുന്നു എനിക്കും അവനുമിടയിൽ.


തികഞ്ഞ ആരോഗ്യവാനായിരുന്ന സിദ്ദീഖ് തീർത്തും അപ്രതീക്ഷിതമായാണ് വിടപറഞ്ഞത്. അതും യൂനിയൻ പ്രവർത്തനത്തിന്റെ ഭാഗമായൊരു യാത്രയിൽ. കലഹിക്കാനും അതിലേറെ സ്‌നേഹിക്കാനും ഇനി അവനില്ല എന്ന അറിവിന്റെ നീറ്റലിൽ വീണുപോയത് ഞാൻ മാത്രമാവില്ല, കൂടെയുള്ള എല്ലാവരുമായിരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  7 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  7 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  8 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  9 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  9 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  9 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  9 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  9 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  10 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  10 hours ago