HOME
DETAILS

വിഷം തുപ്പുന്നവരും നന്മ നിറഞ്ഞവരും

  
backup
May 22 2021 | 20:05 PM

veenduvicharam-by-a-sajeevan-3

 

ഗസ്സ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ചിലര്‍ ഇസ്‌ലാമിനും മുഹമ്മദ് നബിക്കും നേരേ സമൂഹമാധ്യമങ്ങളില്‍ അതിഭീകരമായ അധിക്ഷേപങ്ങള്‍ കുത്തിനിറച്ചുകൊണ്ടിരിക്കുന്ന വേളയിലാണ്, തികച്ചും വ്യത്യസ്തമായ രണ്ടു വാര്‍ത്തകള്‍ മനസു കുളിര്‍പ്പിച്ചുകൊണ്ട് മുന്നിലെത്തുന്നത്. അന്ത്യശ്വാസം വലിക്കുന്ന മുസ്‌ലിം വയോധികയ്ക്ക് ശഹാദത്ത് കലിമ ചൊല്ലിക്കൊടുത്ത ഹിന്ദു വനിതാ ഡോക്ടറെക്കുറിച്ചുള്ളതായിരുന്നു ആദ്യവാര്‍ത്ത. കൊവിഡ് ബാധിച്ചു മരിച്ച ആയിരത്തിലേറെപ്പേരുടെ മൃതശരീരങ്ങള്‍ ജാതിയും മതവും പരിഗണിക്കാതെ അവരവരുടെ വിശ്വാസമനുസരിച്ചു ദഹിപ്പിക്കുകയോ ഖബറടക്കുകയോ ചെയ്ത വിഖായപ്രവര്‍ത്തകരെക്കുറിച്ചുള്ളതായിരുന്നു രണ്ടാമത്തെ വാര്‍ത്ത. മനസിനെ വേദനിപ്പിച്ച മതഭ്രാന്തു ജല്‍പനങ്ങളുടെയും മനസിനെ സന്തോഷിപ്പിച്ച വനിതാ ഡോക്ടറുടെയും വിഖായപ്രവര്‍ത്തകരുടെയും നടപടികളുടെയും പശ്ചാത്തലത്തില്‍ ചിലതു പറയാതിരിക്കാന്‍ വയ്യെന്നതു കൊണ്ടാണ് ഈ കുറിപ്പെഴുതുന്നത്.


ഓരോരുത്തര്‍ക്കും തന്റെ മതം പ്രിയപ്പെട്ടതായിരിക്കും. ഇതര മതങ്ങളിലെ ആചാരങ്ങളോടും വിശ്വാസങ്ങളോടും പ്രബോധനങ്ങളോടും വിയോജിപ്പുണ്ടാകാം. എന്നാല്‍, പൊതുസമൂഹത്തില്‍, പ്രത്യേകിച്ചു ബഹുസ്വര സമൂഹത്തില്‍ പാലിക്കേണ്ട മിനിമം മര്യാദയുണ്ട്. അത് അന്യന്റെ ആചാരങ്ങളെയും വിശ്വാസങ്ങളെയും പരിഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്യരുത് എന്നതാണ്. ഈ അടിസ്ഥാനപരമായ സുജനമര്യാദ ലംഘിച്ചുകൊണ്ടാണ് ഫലസ്തീന്‍ പ്രശ്‌നത്തെ ആയുധമാക്കി കേരളത്തിലെ ചിലര്‍ അത്യധികം മ്ലേച്ഛമായ തരത്തില്‍ ഇസ്‌ലാമിനെയും പ്രവാചകനെയും അവഹേളിച്ചുകൊണ്ടിരിക്കുന്നത്. പൂര്‍വകാല മുസ്‌ലിംകള്‍ കൂടി ഈ അധിക്ഷേപക്കൂട്ടത്തില്‍ ഉണ്ടെന്നു വരുമ്പോള്‍ പ്രചരിപ്പിക്കപ്പെടുന്ന വിദ്വേഷസന്ദേശങ്ങള്‍ക്കു വിശ്വാസ്യത കൂടുമല്ലോ. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയനേട്ടം കൊയ്യാന്‍ തക്കം പാര്‍ത്തിരിക്കുന്ന മറ്റൊരു കൂട്ടര്‍ സമൂഹമാധ്യമങ്ങളില്‍ ഇതു പ്രചരിപ്പിച്ചുകൊണ്ടേയിരിക്കുകയും ചെയ്യുന്നു.


വര്‍ഗീയവിദ്വേഷം ആളിക്കത്തിക്കാനുള്ള ശ്രമങ്ങള്‍ ഇങ്ങനെ നാലുചുറ്റും ബോധപൂര്‍വം നടന്നുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് മനസിന് ആശ്വാസം പകരുന്ന ചില നല്ല വര്‍ത്തമാനങ്ങള്‍ മുന്നിലെത്തുന്നത്. അതിലൊന്നാണ് ഡോ. രേഖാകൃഷ്ണന്റെ പുണ്യപ്രവൃത്തി. പട്ടാമ്പിയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ഡോ. രേഖ ജോലിചെയ്യുന്നത്. ആ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന വയോധികയായ മുസ്‌ലിം സ്ത്രീ കഴിഞ്ഞദിവസം മരിച്ചു. മരണസമയത്ത് ഡോ. രേഖ ഐ.സി.യുവില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. വൈദ്യശാസ്ത്രത്തിന് ഒന്നും ചെയ്യാനില്ലാത്ത ഘട്ടമായിരുന്നു അത്. ആ സ്ത്രീയുടെ ബന്ധുക്കളാരും സമീപത്തില്ല. അന്ത്യശ്വാസം വലിച്ചുകൊണ്ടിരിക്കുന്ന ആ വയോധികയുടെ കിടപ്പുകണ്ടപ്പോള്‍ അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കാനാണ് ഡോ. രേഖയ്ക്ക് ആദ്യം തോന്നിയത്. എന്നാല്‍, അപ്പോള്‍ മനസില്‍ അത്ഭുതകരമായി ഒരു ചിന്തയുണ്ടായി, മരണത്തിലേയ്ക്കു വഴുതി വീഴുന്ന ആ വയോധികയ്ക്ക് അവരുടെ വിശ്വാസപ്രകാരം ശഹാദത്ത് കലിമ ചൊല്ലിക്കൊടുക്കുക. യു.എ.ഇയില്‍ ജനിച്ചുവളര്‍ന്ന, ഇസ്‌ലാമിനെക്കുറിച്ചു പഠിച്ച ഡോ. രേഖയ്ക്ക് പിന്നെ മറ്റൊന്നും ചിന്തിക്കേണ്ടതില്ലായിരുന്നു. ആ വയോധികയുടെ കണ്ണുകള്‍ പതുക്കെ തഴുകിയടച്ച്, അവരുടെ കാതില്‍ ശഹാദത്ത് കലിമ ചൊല്ലിക്കൊടുത്തു. മരണം ആ സ്ത്രീയെ വാരിപ്പുണരുമ്പോള്‍ ഒരു പുണ്യപ്രവൃത്തി ചെയ്യാനായെന്ന നിര്‍വൃതിയായിരുന്നു ഡോ. രേഖയുടെ മനസില്‍. തീര്‍ച്ചയായും പ്രകീര്‍ത്തിക്കേണ്ടേ ഡോ. രേഖയെ.


കൊവിഡ് ബാധിച്ച് അവശനായി വയലില്‍ വീണു കിടക്കുന്ന മനുഷ്യന് അവസാനത്തെ ദാഹനീര് കൊടുക്കാന്‍ തുനിയുന്ന മകളെ അതിനു സമ്മതിക്കാതെ മാതാവ് വലിച്ചു മാറ്റുന്ന ദൃശ്യം നാം മാധ്യമങ്ങളില്‍ അടുത്തിടെ കണ്ടതാണ്. ഗംഗയുള്‍പ്പെടെ ഉത്തരേന്ത്യയിലെ പല നദികളിലൂടെയും എണ്ണമില്ലാത്തത്ര മൃതദേഹങ്ങള്‍ ചീഞ്ഞളിഞ്ഞ് ഒഴുകുന്ന വാര്‍ത്തകളും നാം വായിച്ചതാണ്. കൊവിഡ് ബാധിച്ചവരോടും കൊവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹത്തോടും സമൂഹത്തില്‍ മിക്കയാളുകളുടെയും മനോഭാവമെന്തെന്നു വ്യക്തമാക്കിത്തരുന്നതാണ് ഈ ദൃശ്യങ്ങളും വാര്‍ത്തകളും.
വിഖായയുടെ സന്നദ്ധപ്രവര്‍ത്തകരെ ആ അര്‍ഥത്തില്‍ ഏറെ പ്രകീര്‍ത്തിക്കേണ്ടതുണ്ട്. കാരണം, കൊവിഡിന്റെ രണ്ടാംതരംഗ കാലത്ത് ആ രോഗം ബാധിച്ചു മരണമടഞ്ഞ 1034 പേരുടെ മൃതദേഹങ്ങളാണ് അവര്‍ യഥാസമയം, യഥാവിധി സംസ്‌കരിച്ചത്. ഈ കണക്ക് മെയ് മാസം 16 വരെയുള്ളതാണ്. അതിനുശേഷം വീണ്ടും എണ്ണം ഉയര്‍ന്നിട്ടുണ്ടാവണം. തങ്ങളുടെ സേവനം ആര് ആവശ്യപ്പെടുന്നോ അവിടെയെത്തി മൃതദേഹ സംസ്‌കാരം നടത്തിക്കൊടുക്കും, പ്രതിഫലേച്ഛയില്ലാതെ.


ഡോ. രേഖയുടെയും വിഖായ പ്രവര്‍ത്തകരുടെയും സല്‍ക്കര്‍മങ്ങളെ ഇവിടെ പ്രത്യേകമായി പറഞ്ഞത് അവര്‍ മാത്രമാണ് പ്രകീര്‍ത്തിക്കപ്പെടേണ്ടവര്‍ എന്ന അര്‍ഥത്തിലല്ല. വാര്‍ത്തകളില്‍ സ്ഥാനം പിടിക്കാതെ, നമ്മുടെ അറിവില്‍പ്പെടാതെ ധാരാളം സംഘടനകളും വ്യക്തികളും പ്രകീര്‍ത്തിക്കപ്പെടേണ്ടവരായി തീര്‍ച്ചയായും ഉണ്ടാവുമെന്നറിയാം. അവരെല്ലാവരും തീര്‍ച്ചയായും സുമനസ്സുകളും വിവേകികളും മാതൃകകളും തന്നെയാണ്. അന്യജീവനുതകി സ്വജീവിതം ധന്യമാക്കും അമലേ വിവേകികള്‍ എന്നാണല്ലോ മഹാകവി പാടിയിട്ടുള്ളത്. അവരുടെയെല്ലാം ജീവിതം ധന്യമാകട്ടെ. ഇത്തരം മാതൃകാവ്യക്തികളുടെ നന്മനിറഞ്ഞ പ്രവൃത്തികളുടെ പശ്ചാത്തലത്തില്‍, വീണ്ടും, വര്‍ഗീയ സ്പര്‍ദ്ധ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന കുടിലമനസുകളുടെ നടപടികളെക്കുറിച്ചു ചിലതു കൂടി പറയട്ടെ.


ഗസ്സയിലെ ഇസ്‌റാഈല്‍ ആക്രമണത്തെ ന്യായീകരിച്ചുകൊണ്ട് ചിലര്‍ സമൂഹമാധ്യമങ്ങളില്‍ സ്ഥാപിക്കാന്‍ ശ്രമിച്ചത് യഥാര്‍ഥ അക്രമകാരികളും ഭീകരവാദികളും ഫലസ്തീനുകാരാണ് എന്നാണ്. അതിനു കാരണമായി അവര്‍ കുറ്റപ്പെടുത്തുന്നത് ഇസ്‌ലാമിനെയാണ്. സമാധാനത്തിന്റെ മതമെന്നു പലരും പറഞ്ഞു പരത്തുന്ന ഇസ്‌ലാം സത്യത്തില്‍ അക്രമത്തിന്റെ മതമാണെന്നും അതിനാലാണ് അവര്‍ ലോകത്തെവിടെയും അക്രമം അഴിച്ചുവിടുന്നതെന്നുമാണ് ഇത്തരക്കാരുടെ ആരോപണം. ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ സമൂഹത്തിന് എന്തു സന്ദേശമാണ് നല്‍കുക. അത് എത്രമാത്രം സ്പര്‍ദ്ധയാണ് സമൂഹത്തില്‍ ഉണ്ടാക്കുക. തീര്‍ച്ചയായും അതിഗുരുതരമായ പ്രത്യാഘാതമാണ് അതു സൃഷ്ടിക്കുക.


ഇത്തരം പ്രചാരകര്‍ ആരോപിക്കുന്ന പോലെയാണോ ഗസ്സയില്‍ സംഭവിച്ചത്. റമദാനിലെ അവസാന പത്തിലാണ് എല്ലാറ്റിനും തുടക്കമിട്ട തീപ്പൊരിയുണ്ടാകുന്നത്. മുസ്‌ലിംകളുടെ സുപ്രധാന ആരാധനാലയമായ അല്‍ അഖ്‌സയിലേയ്ക്ക് ഇസ്‌റാഈലി പട്ടാളം കുതിച്ചെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. പ്രകോപനപരമായ ഈ നടപടിക്കെതിരേയുണ്ടായ പ്രതിഷേധം കച്ചിത്തുരുമ്പാക്കിയെടുത്താണ് പിന്നീട് അതിഭീകരമായ നടപടികളെല്ലാം ഇസ്‌റാഈലിന്റെ ഭാഗത്തുനിന്നുണ്ടായത്. ഹമാസ് തിരിച്ചടിച്ചുവെന്നത് സത്യം തന്നെയാണ്. മലയാളി നഴ്‌സും ഒരു ഇസ്‌റാഈലി പട്ടാളക്കാരനുമുള്‍പ്പെടെ 13 പേരാണ് ഹമാസിന്റെ പ്രത്യാക്രമണത്തില്‍ മരിച്ചത്. അതേസമയം, പതിനൊന്നു ദിവസത്തെ അതിഭീകരമായ ഇസ്‌റാഈല്‍ അക്രമണത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 243 ആണ്. അതില്‍ അറുപത്തഞ്ചും കൊച്ചുകുട്ടികള്‍. ആയിരങ്ങള്‍ക്കു പരുക്കേറ്റു. പതിനായിരങ്ങള്‍ക്കു പലായനം ചെയ്യേണ്ടിവന്നു. ഇതാണ് കണക്ക്, എന്നിട്ടും പ്രചരിപ്പിക്കപ്പെടുന്നത് ഇസ്‌ലാമിനെതിരേയുള്ള കഥകളും വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും.


ഞാന്‍ മുസ്‌ലിമല്ല, പലമതസാരവുമേകം എന്നു വിശ്വസിക്കുന്ന തികഞ്ഞ മതേതരവാദിയാണ്. അതുകൊണ്ടുതന്നെ, കള്ളപ്രചാരണങ്ങളിലൂടെ മതസ്പര്‍ദ്ധ സൃഷ്ടിക്കാന്‍ ഇറങ്ങിത്തിരിച്ചവരോട് ഒരു അഭ്യര്‍ഥന... ഇതു തീക്കളിയാണ്. ആളിക്കത്തിയാല്‍ സമൂഹമാകെ നശിക്കും. ദയവായി പിന്മാറൂ...



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കന്നിയങ്കത്തില്‍ വയനാടിന്റെ പ്രിയപ്പെട്ടവളായി പ്രിയങ്ക, വന്‍ഭൂരിപക്ഷത്തോടെ പാലക്കാടന്‍ കോട്ടകാത്ത് രാഹുല്‍, ചേലക്കരയില്‍ പ്രദീപ് 

Kerala
  •  22 days ago
No Image

നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും, സ്‌നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും നന്ദി,  ജനങ്ങളുടെ ഇടയില്‍തന്നെയുണ്ടാവും: പി സരിന്‍

Kerala
  •  22 days ago
No Image

ജാര്‍ഖണ്ഡില്‍ അടിച്ചുകയറി ഇന്ത്യാ സഖ്യം ; മഹാരാഷ്ട്രയില്‍ എന്‍ഡിഎ 

National
  •  22 days ago
No Image

3920ല്‍ ഒതുങ്ങി എന്‍.കെ സുധീര്‍; ചേലക്കരയില്‍ ലഭിച്ചത് പിണറായിസത്തിന് എതിരെയുള്ള വോട്ടെന്ന് പി.വി അന്‍വര്‍

Kerala
  •  22 days ago
No Image

ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രത്യേകിച്ച് ഒന്നുമില്ല; വോട്ട് കുറഞ്ഞത് പരിശോധിക്കും: കെ സുരേന്ദ്രന്‍

Kerala
  •  22 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  22 days ago
No Image

മഹാരാഷ്ട്രയില്‍ 50 പോലും തികക്കാതെ മഹാവികാസ്; ഇത് ജനവിധിയല്ല, തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ എന്തോ കുഴപ്പമുണ്ടെന്ന് സഞ്ജയ് റാവത്

National
  •  22 days ago
No Image

കന്നിയങ്കത്തില്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ പ്രിയങ്ക; മറ്റന്നാള്‍ മുതല്‍ പാര്‍ലമെന്റില്‍, പ്രതിപക്ഷത്തിന് കരുത്തുപകരാന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഇനി അനിയത്തിയും

Kerala
  •  22 days ago
No Image

ചേലക്കര, ഇളക്കമില്ലാത്ത ഇടതുകോട്ടയെന്ന് ഉറപ്പിച്ച് പ്രദീപ്; രമ്യയ്ക്ക് തിരിച്ചടി

Kerala
  •  22 days ago
No Image

പാലക്കാടിന് മധുര 'മാങ്കൂട്ടം' ; പത്തനംതിട്ടയില്‍ നിന്ന് പാലക്കാട് വഴി നിയമസഭയിലേക്ക് രാഹുല്‍

Kerala
  •  22 days ago