ഐ.എസ്.എല്‍ മൂന്നാം സീസണ്; കിക്കോഫ് ഒക്ടോബര്‍ ഒന്നിന് ഗുവാഹത്തിയില്‍
ആലപ്പുഴ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) ഫുട്ബോളിന്റെ മൂന്നാം സീസണിന് ഒക്ടോബര്‍ ഒന്നിന് തുടക്കമാവും. വടക്കുകിഴക്കിന്റെ ഫുട്ബോള്‍ ശക്തികളായ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്.സിയുടെ തട്ടകമായ അസമിലെ ഗുവാഹത്തിയിലാണ് ഇത്തവണ ഉദ്ഘാടന പോരാട്ടം നടക്കുന്നത്. ആദ്യ മത്സരത്തില്‍ നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡ് കേരള ബ്ലാസ്റ്റേഴ്സിനെ നേരിടും.
ഇന്ത്യന്‍ ഫുട്ബോളിലെ പുതിയ ശക്തികളായി മാറിയ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ഊര്‍ജം പകരാനാണ് ഇത്തവണ ഉദ്ഘാടന വേദി ഗുവാഹത്തിയായി നിശ്ചയിച്ചത്. ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന പോരാട്ടം നടക്കുന്നത്.
30000 കാണികളെ ഉള്‍ക്കൊള്ളുന്നതാണ് ഇന്ദിരാഗാന്ധി സ്റ്റേഡിയം. വടക്കുകിഴക്കിന്റെ തനത് കലാരൂപങ്ങള്‍ ഉള്‍പ്പെടെ വിസ്മയിപ്പിക്കുന്ന പരിപാടികളാണ് ഉദ്ഘാടന ചടങ്ങിന് കൊഴുപ്പേകാന്‍ ഇത്തവണ ഒരുക്കുന്നത്.
ഉദ്ഘാടന പോരാട്ടത്തില്‍ വടക്കുകിഴക്കന്‍ ശക്തികളും കേരളത്തിന്റെ കൊമ്പന്മാരും ഏറ്റുമുട്ടുമ്പോള്‍ മത്സരത്തിന് തീപാറുമെന്ന് ഉറപ്പാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."