പുതിയ ഭരണ നിയമനങ്ങളില്‍ യു.എ.ഇ പ്രസിഡന്റിന്<br>അറബ്മുസ്‌ലിം നേതാക്കളുടെ അഭിനന്ദനം
ദുബായ്: ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാനെ യുഎഇ വൈസ് പ്രസിഡന്റും, ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനെ അബുദാബി കിരീടാവകാശിയുമായി ബുധനാഴ്ച വൈകുന്നേരം തെരഞ്ഞെടുത്ത ശേഷം പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന് അറബ്മുസ്‌ലിം നേതാക്കളുടെ അഭിനന്ദനം.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനൊപ്പം മറ്റൊരു വൈസ് പ്രസിഡന്റായി ശൈഖ് മന്‍സൂര്‍ സേവനമനുഷ്ഠിക്കും.
ശൈഖ് തഹ്‌നൂന്‍ ബിന്‍ സായിദിനെയും ശൈഖ് ഹസ്സ ബിന്‍ സായിദിനെയും അബുദാബിയുടെ ഉപ ഭരണാധികാരികളായി അബുദാബിയുടെ ഭരണാധികാരി എന്ന നിലയില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് നിയമിച്ചിരുന്നു.
തീരുമാനങ്ങള്‍ രാജ്യത്തിന്റെ വികസനത്തിന് ശക്തമായ പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തര്‍ അമീര്‍ ശൈഖ് തമീം പറഞ്ഞു. യുഎഇയുടെയും ജനങ്ങളുടെയും 'തുടര്‍ച്ചയായ പുരോഗതിക്കും സമൃദ്ധിക്കും' വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കട്ടെയെന്ന് ഫോണ്‍ കോളില്‍ തന്റെ പിന്തുണ വാഗ്ദാനം ചെയ്ത് ശൈഖ് തമീം ആശംസിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ 'വാം' റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഇതിന് നന്ദി സൂചകമായി ശൈഖ് മുഹമ്മദ് ശൈഖ് തമീമിന് നന്ദി അറിയിക്കുകയും ഖത്തറിന്റെ തുടര്‍ച്ചയായ പുരോഗതിക്കും വികസനത്തിനും ആഹ്വാനം ചെയ്യുകയും ചെയ്തു.
ഉഭയ കക്ഷി ബന്ധം അവലോകനം ചെയ്യാന്‍ ഈ മാസമാദ്യം ഇരു നേതാക്കളും ടെലിഫോണില്‍ സംസാരിച്ചിരുന്നു.
2026ല്‍ അന്താരാഷ്ട്ര നാണയ നിധിയുടെയും ലോക ബാങ്കിന്റെയും വാര്‍ഷിക യോഗങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നതില്‍ ഖത്തറിനുള്ള യുഎഇയുടെ പിന്തുണ ശൈഖ് മുഹമ്മദ് ആവര്‍ത്തിച്ചറിയിച്ചു. ഇതിന് അമീര്‍ യുഎഇ പ്രസിഡന്റിന് കൃതജ്ഞത പ്രകാശിപ്പിച്ചു.
സൗദി അറേബ്യയിലെ സല്‍മാന്‍ രാജാവ് യുഎഇക്ക് ഹൃദ്യമായ അഭിനന്ദനങ്ങള്‍ നേരുകയും യുഎഇയുടെ കൂടുതല്‍ പുരോഗതിക്കും സമൃദ്ധിക്കും ആശംസയറിയിക്കുകയും ചെയ്തതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഗള്‍ഫ് അയല്‍ക്കാര്‍ തമ്മിലുള്ള ആഴത്തിലുള്ള സാഹോദര്യ ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ സല്‍മാന്‍ രാജാവ് അഭ്യര്‍ത്ഥിച്ചു.
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും യുഎഇ പ്രസിഡന്റിന് ആശംസാ സന്ദേശം അയച്ചു.
പുതിയ നേതൃ നിയമനങ്ങളെ അഭിനന്ദിച്ച തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, യുഎഇക്കും ജനങ്ങള്‍ക്കും ഐശ്വര്യവും സമൃദ്ധിയും ആശംസിച്ചു.
ബഹ്‌റൈന്‍ കീരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയും, പാക്കിസ്താന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാനെ അഭിനന്ദിച്ച് സന്ദേശമയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."