വയറ്റിനുള്ളില്‍ ശസ്ത്രക്രിയാ ഉപകരണം സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
തിരുവനന്തപുരം: നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ ശസ്ത്രക്രിയക്കു ശേഷം സ്ത്രീയുടെ വയറ്റില്‍ ശസ്ത്രക്രിയാ ഉപകരണം കണ്ടെത്തിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.
ചികിത്സാ പിഴവിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് സംഭവമെന്ന് കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി കോശി ഉത്തരവില്‍ പറഞ്ഞു. ശസ്ത്രക്രിയക്ക് വിധേയയായ സ്ത്രീക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നും കമ്മിഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി. സംഭവത്തെ കുറിച്ച് ജില്ലാ മെഡിക്കല്‍ ഓഫിസറും മെഡിക്കല്‍ കോളജ് സൂപ്രണ്ടും നെടുമങ്ങാട് താലൂക്ക് ആശുപത്രി സൂപ്രണ്ടും വിശദീകരണം നല്‍കണം. നഷ്ടപരിഹാരം നല്‍കേണ്ട തുകയെ കുറിച്ച് സര്‍ക്കാരിന് വേണ്ടി ആരോഗ്യവകുപ്പ് സെക്രട്ടറിയും മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കണം. നഷ്ടപരിഹാരം നല്‍കിയശേഷം ഉത്തരവാദികളായവരില്‍ നിന്ന് തുക തിരിച്ചുപിടിക്കാവുന്നതാണെന്നും ജസ്റ്റിസ് ജെ.ബി കോശി പറഞ്ഞു.
അതേസമയം, ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിശദീകരണവുമായി ഗവ. മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തി. ഗര്‍ഭാശയ മുഴ നീക്കം ചെയ്യാനുപയോഗിച്ച ക്ലിപ്പ് ശസ്ത്രക്രിയക്കിടെ ഒടിഞ്ഞുവീഴുകയായിരുന്നു. പ്രസ്തുത വിഷയത്തില്‍ ഡോക്ടര്‍മാരുടെയോ മറ്റു ജീവനക്കാരുടെയോ ഭാഗത്ത് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും രോഗിക്ക് എല്ലാവിധ പരിചരണങ്ങളും നല്‍കിയ നെടുമങ്ങാട് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരെയും ജീവനക്കാരെയും അഭിനന്ദിക്കുന്നതായും മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."