മുന്നൊരുക്കം ചരിത്രസ്മാരകങ്ങൾ കൈയടക്കാൻ
ബാബരിക്ക് പിന്നാലെ രാജ്യത്തിന്റെ അഭിമാനമായ താജ്മഹലും ഖുതുബ് മിനാറും കൈയടക്കാനുള്ള നീക്കത്തിലാണ് സംഘ്പരിവാർ. താജ്മഹൽ തേജോ മഹാലയമാണെന്ന് അവകാശപ്പെട്ടുള്ള കേസ് അലഹബാദ് ഹൈക്കോടതി തള്ളിയെങ്കിലും വിഷയം അവസാനിച്ചിട്ടില്ല. ഖുതുബ് മിനാർ വിഷ്ണു സ്തംഭമാണെന്നും അവിടെയുള്ള ഗണേശ വിഗ്രഹങ്ങൾ നീക്കം ചെയ്യരുതെന്നും ആവശ്യപ്പെട്ടുള്ള മറ്റൊരു ഹരജി ഡൽഹി സാകേത് കോടതിയുടെ പരിഗണനയിലാണ്. ഡൽഹി ജുമാ മസ്ജിദ് ഹിന്ദു രാജാവ് നിർമിച്ച കൊട്ടാരമാണെന്ന വാദവും ഇപ്പോൾ സംഘ്പരിവാർ ഉയർത്തിയിട്ടുണ്ട്. ഖുതുബ് മിനാറിനും താജ്മഹലിനും മേലുള്ള സംഘ്പരിവാർ വാദങ്ങളൊന്നും പുതിയതല്ല.
ചരിത്രവുമായി ബന്ധമില്ലാത്ത ഇത്തരം കഥകൾ സംഘ്പരിവാർ കാലങ്ങളായി ആവർത്തിച്ചു പോരുന്നതാണ്.
ഇത്രയും കാലം അതാരും കണക്കിലെടുത്തിരുന്നില്ലെന്ന് മാത്രമല്ല പരിഹസിച്ച് ചിരിക്കാനുള്ള വകയുമായിരുന്നു. ഇപ്പോൾ സാഹചപര്യം മാറി. സമാനമായൊരു കഥയിൽ നിന്നാണ് ബാബരി ഭൂമിയിൽ ഇപ്പോൾ രാമക്ഷേത്ര നിർമാണം നടക്കുന്നതെന്ന വസ്തുത കാണാതിരിക്കരുത്. ബാബരിക്ക് പിന്നാലെ വരാണസിയിലെ ജ്ഞാൻവാപി പള്ളിയും മഥുരയിലെ ഷാഹി മസ്ജിദും കൈയടക്കാനുള്ള നീക്കവും ശക്തമാണ്.
അതോടൊപ്പമാണ് രാജ്യത്തെ ചരിത്രസ്മാരകങ്ങൾ കൂടി കൈയടക്കാനുള്ള ആസൂത്രിത ശ്രമം കൂടി നടക്കുന്നത്. ഇതിനിടെ, ഖുതുബ് മിനാർ വിഷ്ണു ക്ഷേത്രമാണെന്ന ഹിന്ദുത്വവാദികളുടെ അവകാശവാദം പരിശോധിക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കുഴിച്ചു നോക്കൽ പരിശോധന നടത്താൻ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ഉത്തരവിട്ടതായാണ് റിപ്പോർട്ട്. ഖുതുബ് മിനാർ സ്ഥാപിച്ചത് ഖുതുബുദ്ദീൻ ഐബക്കല്ല ഗുപ്ത സാമ്രാജ്യത്തിലെ ചന്ദ്രഗുപ്ത വിക്രമാദിത്യയായിരുന്നുവെന്ന സംഘ്പരിവാർ അവകാശവാദം ശരിയാണോയെന്ന് പരിശോധിക്കുകയാണത്രെ ലക്ഷ്യം. അങ്ങനെയൊരുത്തരവില്ലെന്ന് മന്ത്രാലയം വാദിക്കുന്നുണ്ടെങ്കിലും അത്ര നിഷ്‌കളങ്കമല്ല കാര്യങ്ങൾ.
കഴിഞ്ഞ ദിവസം സാംസ്‌കാരിക സെക്രട്ടറി ഗോവിന്ദ് മോഹൻ ഖുതുബ് മിനാറിൽ ചില ചരിത്രകാരൻമാർക്കൊപ്പം സന്ദർശനം നടത്തുകയും അവിടെ രണ്ടു മണിക്കൂറിലധികം ചെലവഴിക്കുകയും ചെയ്തു. വിഗ്രഹങ്ങൾ സൂക്ഷിച്ച ഖുതുബ് മിനാർ സമുച്ചയത്തിനുള്ളിലെ കൂവ്വത്തുൽ ഇസ് ലാം പള്ളിയിലും സാംസ്‌കാരിക സെക്രട്ടറിയും സംഘവും പരിശോധന നടത്തി. സന്ദർശനത്തിന് പിന്നാലെ, ഖുതുബ് മിനാറിനുള്ളിലുള്ള ഹിന്ദു, ജൈന വിഗ്രങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ അവിടെ രേഖപ്പെടുത്തി വയ്ക്കാനും അടയാള ബോർഡുകൾ സ്ഥാപിക്കാനും സാംസ്‌കാരിക സെക്രട്ടറി നിർദേശം നൽകി. ഇതെല്ലാം നിഷേധിക്കാത്ത വസ്തുതയാണ്. ഖുവ്വത്തുൽ ഇസ് ലാം മസ്ജിദിൽ നിന്ന് 15 മീറ്റർ അകലെ മിനാരത്തിന്റെ തെക്ക് ഭാഗത്ത് ഖനനം ആരംഭിക്കാനാണ് നിർദേശമെന്നാണ് റിപ്പോർട്ട് പറയുന്നത്.
ഖുതുബ് മിനാറിനുള്ളിലെ രണ്ടു ഗണേശ വിഗ്രഹങ്ങൾ നാഷണൽ മ്യൂസിയത്തിലേക്ക് മാറ്റണമെന്ന് നേരത്തെ നാഷണൽ മ്യൂസിയം അതോറിറ്റി നേരത്തെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരേ ഹിന്ദുത്വവാദികൾ കോടതിയെ സമീപിക്കുകയും കോടതി ഈ നീക്കം തടയുകയും ചെയ്തു. ഖുതുബ് മിനാറുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ദുരൂഹമായ ചില സംഘടനകൾ ഇടയ്ക്കിടെ പ്രതിഷേധ പരിപാടികൾ നടത്തുന്നുണ്ട്. ഈ സംഘടനകൾക്ക് സർക്കാറിനെ നിയന്ത്രിക്കുന്ന ആർ.എസ്.എസിന്റെ പിന്തുണയുമുണ്ട്. പ്രതിഷേധവും ഒരു സർക്കാർ സ്‌പോൺസേഡ് പദ്ധതിയാണെന്ന് വ്യക്തമാണ്.
ഖുതുബ് മിനാർ വിഷ്ണു സ്തംഭമാണെന്ന അവകാശവാദം ആദ്യം നടത്തുന്നത് വിശ്വഹിന്ദു പരിഷത്താണ്. 2020ൽ ഇതെ അവകാശവാദവുമായി ഡൽഹി സാകേത് കോടതിയിൽ ഹരിശങ്കർ ജയ്‌നെന്നയാൾ ഹരജി സമർപ്പിച്ചു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ മുൻ റീജിയണൽ ഡയറക്ടർ ധരംവീർ ശർമയും ഇതെ അവകാശവാദവുമായി വന്നു. ഇതിന് പിന്നാലെയാണ് സർക്കാർ തന്നെ ചില നീക്കങ്ങൾ നടത്തുന്നത്.താജ്മഹൽ ശിവക്ഷേത്രമാണെന്നും അവിടെ പൂജ നടത്താൻ അനുമതി വേണമെന്നും ആവശ്യപ്പെട്ട് 2015ൽ ആഗ്ര സീനിയർ സിവിൽ ജഡ്ജി മുമ്പാകെ ഏഴുപേർ ഹരജി സമർപ്പിച്ചതാണ് താജ്മഹൽ കൈയടക്കാൻ നടന്ന സുപ്രധാന നീക്കങ്ങളിലൊന്ന്. കേസിൽ കോടതി കേന്ദ്ര സർക്കാറിന് നോട്ടിസയച്ചു. താജ് മഹൽ മൃതികുടീരമാണെന്നും ക്ഷേത്രമല്ലെന്നുമായിരുന്നു കേന്ദ്രം ഇതിന് നൽകിയ മറുപടി. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും ഇക്കാര്യം കോടതിയിൽ പറഞ്ഞു. എന്നാൽ, താജ്മഹൽ ക്ഷേത്രമാണെന്ന വാദവുമായി ആർ.എസ്.എസ് തന്നെ രംഗത്തെത്തി. ചരിത്രകാരനെന്ന് സ്വയം അവകാശപ്പെടുന്ന പുരുഷോത്തം നാഗേഷ് ഓക്കിന്റെ പുസ്തകത്തിലെ പരിഹാസ്യമായ ചില വാദങ്ങളാണ് ഇതിന് തെളിവായി ഹാജരാക്കിയത്.
സംഘ്പരിവാറിന്റെ ചരിത്രത്തിന് നിരക്കാത്ത കഥകളും ചരിത്രസ്മാരകങ്ങൾ കൈയടക്കാനുള്ള നീക്കങ്ങളുമെല്ലാം കഴിഞ്ഞ കാലങ്ങളിൽ ചരിത്രകാരൻമാരും സർക്കാരും ചേർന്ന് ചെറുത്തു തോൽപ്പിക്കുകയായിരുന്നു പതിവ്. എന്നാൽ, മോദി സർക്കാരിന്റെ കാലത്ത് ഇത്തരത്തിലുള്ള ചെറുത്തു നിൽപ്പുകൾ ദുർബലമായി വരികയാണ്. റൊമീലാ ഥാപ്പറെപ്പോലെയോ ഇർഫാൻ ഹബീബിനെപ്പോലെയോ വസ്തുനിഷ്ഠമായ ചരിത്രം രാജ്യത്ത് നിലനിൽക്കണമെന്ന് വാശിയുള്ള തലയെടുപ്പുള്ള ചരിത്രകാരൻമാർ പുതിയ തലമുറയിലില്ല.
ചരിത്ര സ്മാരകങ്ങൾക്ക് സംരക്ഷണമൊരുക്കേണ്ട സർക്കാറാകട്ടെ മറുപക്ഷത്തുമാണ്. പ്രതിരോധം ദുർബലമായ സാഹചര്യത്തിലാണ് അധികാരത്തിന്റെ പിൻബലത്തിൽ രാജ്യത്തിന്റെ യഥാർഥ ചരിത്രം കുഴിച്ചുമൂടാനുള്ള നീക്കം നടക്കുന്നത്. ഇതിനെതിരേ ജനാധിപത്യ സമൂഹം ശക്തമായ പ്രതിരോധം തീർക്കേണ്ട സമയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."