ആലപ്പുഴ നിയോജകമണ്ഡലത്തിലെ എല്ലാ വീടുകളിലേക്കും വൈദ്യുതിയെത്തുന്നു
ആലപ്പുഴ: ആലപ്പുഴ നിയോജകമണ്ഡലത്തിലെ എല്ലാ വീടുകളിലും വൈദ്യുതിയെത്തിക്കാനുള്ള നടപടികള്‍ക്കു തുടക്കമായി. സമ്പൂര്‍ണ വൈദ്യുതീകരണം മൂന്നാംഘട്ടത്തിന്റെ ഭാഗമായി കലക്ടറ്റേറി ല്‍ കൂടിയ പ്രവര്‍ത്തക സമിതി യോഗത്തില്‍ ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം തോമസ് ഐസക് അധ്യക്ഷനായി.
കെ.എസ്.ഇ.ബി.യുടെ കണക്കുകള്‍ പ്രകാരം മണ്ഡലത്തില്‍ 88 കുടുംബങ്ങള്‍ക്ക് വൈദ്യുതി ലഭ്യമായിട്ടില്ല. വീട് വയറിങ് ചെയ്തിട്ടില്ലാത്തതിനാല്‍ 53 കുടുംബങ്ങള്‍ക്കും സമീപവാസികളുടെ സമ്മതപത്രം ലഭിക്കാത്തതിനാല്‍ 13 പേര്‍ക്കും വൈദ്യുതി ലൈനില്‍നിന്ന് സുരക്ഷിത അകലം പാലിച്ച് വീട് നിര്‍മിക്കാത്തതിനാല്‍ ആറു പേര്‍ക്കും വൈദ്യുതി കണക്ഷന്‍ നല്‍കിയിട്ടില്ലെ ന്ന് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥര്‍ പറഞ്ഞു. വൈദ്യുതി ലഭിക്കാത്തവരില്‍ 71 കുടുംബങ്ങള്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരും 11 കുടുംബങ്ങള്‍ പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുമാണ്.
വാര്‍ഡുതോറുമുള്ള വൈദ്യുതിയില്ലാത്ത കുടുംബങ്ങളുടെ പട്ടിക തയാറാക്കി ഒരാഴ്ചയ്ക്കുള്ളില്‍ നല്‍കാന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും നഗരസഭയ്ക്കും മന്ത്രി നിര്‍ദേശം നല്‍കി.
ഗ്രാമപഞ്ചായത്തിനും നഗരസഭയ്ക്കും വീട് വയറിങിന് സഹായം നല്‍കുന്നതിന് സ്‌കീം തയാറാക്കി നടപ്പാക്കാം. ഇതിന് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പ്രത്യേകാനുമതി വാങ്ങി നല്‍കും. വൈദ്യുതി കണക്ഷന്‍ എടുക്കുന്നതിന് സമീപവാസികളുടെ സമ്മതപത്രം ലഭിക്കാത്ത വിഷയം പരിഹരിക്കാന്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിനെ ചുമതലപ്പെടുത്തി. ഇത്തരം കേസുകളുടെ പട്ടിക തയാറാക്കി എ.ഡി.എം. സ്ഥലം സന്ദര്‍ശിച്ച് അനുമതി ലഭ്യമാക്കാന്‍ നടപടിയെടുക്കും.
സുരക്ഷിതമായ അകലം പാലിക്കാതെ വീട് നിര്‍മിച്ച കേസുകളില്‍ വൈദ്യുതി ലൈനുകള്‍ മാറ്റി സ്ഥാപിക്കാനുള്ള എസ്റ്റിമേറ്റ് തയാറാക്കാന്‍ കെ.എസ്.ഇ.ബി.ക്ക് നിര്‍ദേശം നല്‍കി. ഇതിനുള്ള പണം എം.എല്‍.എ.യുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് നല്‍കും. പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്കും വൈദ്യുതി കണക്ഷന്‍ നല്‍കണമെന്ന് മന്ത്രി പറഞ്ഞു.
കണക്ഷന്‍ ലഭ്യമാക്കാനുള്ള സഹായം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കണം. കെ.എസ്.ഇ.ബി. നോര്‍ത്ത് സെക്ഷന്‍ ഓഫീസിനെ വിഭജിച്ച് രണ്ടാക്കാന്‍ സര്‍ക്കാരിനു ശുപാര്‍ശ നല്‍കാന്‍ യോഗം തീരുമാനിച്ചു. ആര്യാട് പഞ്ചായത്തിലെ രണ്ടാംവാര്‍ഡില്‍ വീടിനു നാലുവശവും വേലികെട്ടിയടച്ച് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുടുംബത്തിന് സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ച കേസ് അന്വേഷിച്ച് രണ്ടു ദിവസത്തിനുള്ളില്‍ നടപടി സ്വീകരിക്കാന്‍ മന്ത്രി ആര്‍.ഡി.ഒ.യ്ക്ക് നിര്‍ദേശം നല്‍കി. സഞ്ചാരസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ആവശ്യമെങ്കില്‍ പൊലീസിന് നിര്‍ദേശം നല്‍കണം.
ബന്ധുവിന്റെ സ്ഥലത്ത് വീടുവച്ചു കഴിയുന്ന കലവൂര്‍ ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് വൈദ്യുതി കണക്ഷന്‍ ലഭ്യമല്ലാത്തതിനാല്‍ സൗരോര്‍ജ വിളക്ക് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും. കണക്ഷന്‍ എടുക്കുന്നതിന് ബന്ധു അനുമതി നല്‍കാത്തതിനാല്‍ കെ.എസ്.ഇ.ബി.ക്കു നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. മാരാരിക്കുളം വടക്ക്, മാരാരിക്കുളം തെക്ക്, മണ്ണഞ്ചേരി, ആര്യാട് പഞ്ചായത്തുകളും ആലപ്പുഴ നഗരസഭയിലെ 22 വാര്‍ഡുകളും ഉള്‍പ്പെടുന്ന നിയോജക മണ്ഡലത്തില്‍ മന്ത്രി ചെയര്‍മാനായി ല്‍ സമിതി രൂപവത്കരിച്ചു.
ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എ. പ്രസന്നകുമാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുഴുവന്‍ വീടുകളുടെയും വൈദ്യുതീകരണം 2017 മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, കെ.എസ്.ഇ.ബി.-തദ്ദേശസ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."