എക്സൈസ് ഓഫിസിൽ കൈക്കൂലി; 14 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
പാലക്കാട്
അണക്കപ്പാറ വ്യാജ കള്ള് നിർമാണ കേന്ദ്രത്തിന് ഒത്താശ ചെയ്ത സംഭവത്തിൽ കൂട്ട നടപടി നേരിട്ടതിനു പിന്നാലെ പാലക്കാട് ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥർക്ക് വീണ്ടും കൂട്ട സസ്പെൻഷൻ. പാലക്കാട് എക്സൈസ് ഡിവിഷണൽ ഓഫിസിൽനിന്ന് കൈക്കൂലി പണം പിടിച്ച കേസിലാണ് 14 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരേയാണ് നടപടി.
ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ എം.എം നാസർ, എക്സൈസ് സർക്കിൾ ഇൻസ്പെക്ടറും എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻഡ് ആൻ്റിനാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് ഓഫിസറുമായ എസ്. സജീവ്, ചിറ്റൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. അജയൻ, ചിറ്റൂർ എക്സൈസ് ഇൻസ്പെക്ടർ ഇ. രമേശ്, എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയിലെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ സെന്തിൽകുമാർ, എക്സൈസ് സിവിഷൻ ഓഫിസിലെ ഓഫിസ് അറ്റൻ്റഡ് നൂറുദ്ദീൻ, പ്രിവൻ്റീവ് ഓഫിസർ എ.എസ് പ്രവീൺകുമാർ, സിവിൽ എക്സൈസ് ഓഫിസർ സൂരജ്, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ പി. സന്തോഷ് കുമാർ, പ്രിവൻ്റീവ് ഓഫിസർ മൻസൂർ അലി, സിവിൽ എക്സൈസ് ഓഫിസർ വിനായകൻ, ചിറ്റൂർ എക്സൈസ് ഓഫിസിലെ സിവിൽ എക്സൈസ് ഓഫിസർ ശശികുമാർ, എക്സൈസ് ഇൻ്റലിജൻസ് ഓഫിസിലെ പ്രിവൻ്റീവ് ഓഫിസർ പി. ഷാജി, ചിറ്റൂർ റെയ്ഞ്ച് ഓഫിസിലെ പ്രിവൻ്റീവ് ഓഫിസർ ശ്യാംജിത് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ഈ മാസം 16 നാണ് വിജിലൻസ് വിഭാഗം പാലക്കാട് എക്സൈസ് ഡിവിഷൻ ഓഫിസിൽ റെയ്ഡ് നടത്തിയത്. വിവിധ ഓഫിസുകളിലെ ഉദ്യോഗസ്ഥർക്ക് കൈമാറാനായി കൊണ്ടുപോയ കൈക്കൂലി പണമാണ് പിടിച്ചെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."