20 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ബോയകള്‍ നോക്കുകുത്തി
പൂച്ചാക്കല്‍: കായലില്‍ സ്ഥാപിച്ച ബോട്ട് സുരക്ഷാ ബോയകള്‍ രാത്രി സമയങ്ങളില്‍ പ്രകാശിക്കുന്നില്ല. സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലൈറ്റുകളാണ് ബോയകളില്‍ സ്ഥാപിച്ചിട്ടുള്ളത്. വൈക്കം തവണക്കടവ് റൂട്ടിലും പാണാവള്ളി പെരുമ്പളം പൂത്തോട്ട റൂട്ടിലും 50 ലേറെ ബോയകളാണ് സ്ഥാപിച്ചിട്ടുള്ളത്.
ഒരു വര്‍ഷം മുമ്പ് 20 ലക്ഷം രൂപ മുടക്കി ജലഗതാഗത വകുപ്പാണ് ഇത് സ്ഥാപിച്ചത്. രാത്രി സമയങ്ങളില്‍ യാത്രാബോട്ടുകള്‍ വഴി തെറ്റാതിരിക്കാനും മത്സ്യ ബന്ധന വലകള്‍ ബോട്ട് പോകുന്ന റൂട്ടില്‍ ഇടാതിരിക്കാനും ബോട്ടും ജങ്കാറും രണ്ട് റൂട്ടില്‍ സര്‍വ്വീസ് നടത്തുവാനുമാണ് ബോയകള്‍ സ്ഥാപിച്ചത്.
പാണാവള്ളി പെരുമ്പളം പൂത്തോട്ട റൂട്ടില്‍ സ്ഥാപിച്ചിരുന്ന ബോയകള്‍ ഒഴുകിപ്പോയിരുന്നു. കോണ്‍ക്രീറ്റ് കട്ടകള്‍ നങ്കൂരമായി സ്ഥാപിച്ച് ചങ്ങല ഉപയോഗിച്ച് ബോയകള്‍ ഇതില്‍ ബന്ധിച്ചിരിക്കുകയാണ്.ബന്ധിച്ചതിലെ അപാകതയാണ് ഒഴുകിപ്പോകാന്‍ ഇടയാക്കിയത്. എട്ട് വര്‍ഷം മുമ്പ് ദേശീയ ജലപാതക്ക് വേണ്ടി കായലില്‍ സ്ഥാപിച്ച ബോയകള്‍ ഇപ്പോഴും പ്രകാശിക്കുന്നുണ്ട്.
ജങ്കാര്‍ സര്‍വ്വീസ് നടത്തുന്ന ഭാഗങ്ങളില്‍ സ്ഥാപിച്ച ബോയകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ബോട്ടുകള്‍ മണല്‍ തിട്ടയില്‍ തട്ടുന്നതും മല്‍സ്യബന്ധന വലകള്‍ നശിക്കുന്നതും പതിവായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."