തെരുവ് നായ്ക്കള്‍ കൊലവിളി നടത്തുന്നു; അധികൃതര്‍ മൗനത്തില്‍
തൊടുപുഴ: നാടും നഗരവും തെരുവ് നായ്ക്കള്‍ കൈയ്യടക്കിയിട്ടും ഇവയുടെ ശല്യം നിയന്ത്രിക്കാന്‍ അധികതര്‍ നടപടി സ്വീകരിക്കുന്നില്ല.
തലസ്ഥാനത്ത് തെരുവ് നായ്ക്കള്‍ നരനായാട്ട് നടത്തിയ വാര്‍ത്തകൂടി പുറത്തുവന്നതോടെ ജനം ഭീതിയിലായി. ഫണ്ടില്ലെന്ന പേരില്‍ നായ്ക്കളുടെ വന്ധ്യകരണ പദ്ധതി ഇപ്പോള്‍ അവതാളത്തിലാണ്. 2012 വരെ ജില്ലാ മൃഗസംരക്ഷണ വകുപ്പ് തെരുവ് നായ്ക്കളുടെ വന്ധ്യകരണ പദ്ധതി നടപ്പാക്കിയിരുന്നു. 125 നായ്ക്കളെ 2012 ല്‍ വന്ധ്യകരണം ചെയ്തു. ഇതിനാവശ്യമായ ഫണ്ട് തദ്ദേശ സ്ഥാപനങ്ങളാണ് അനുവദിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഫണ്ട് അനുവദിക്കാത്തതിനാല്‍ പദ്ധതി നിലച്ചിരിക്കുകയാണെന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് പി ആര്‍ ഒ ഡോ ബിജു ചെമ്പരത്തി സുപ്രഭാതത്തോട് പറഞ്ഞു. നായ്ക്കളെ വന്ധ്യകരണം നടത്താനുള്ള എസ്.പി.സി. എ (സോഷ്യല്‍ പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു ആനിമല്‍സ്) പദ്ധതിയും നിലച്ചു.
ഹൈറേഞ്ച് - ലോറേഞ്ചി ഭേദമില്ലാതെ എല്ലാ മുക്കിലും മൂലയിലും നൂറു കണക്കിന് നായ്ക്കളാണ് ജനങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തി വിലസുന്നത്. അലഞ്ഞു തിരിയുന്ന നായ്ക്കള്‍ ആക്രമണകാരികളാണെങ്കിലും ഇതിനെതിരെ തദ്ദേശസ്ഥാപന അധികൃതര്‍ അനങ്ങുന്നില്ല. അലഞ്ഞു തിരിയുന്ന നായ്ക്കളെ കൊല്ലാന്‍ നേരത്തെ വകുപ്പുണ്ടായിരുന്നുവെങ്കിലും പിന്നീട് ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവന്നതോടെ നായ്ക്കള്‍ നാട്ടില്‍ വിലസുന്നവരായി.
നായ്ക്കള്‍ കടിച്ചാല്‍ പ്രതിരോധ കുത്തി വയ്പ് എടുക്കണമെന്നത് നിര്‍ബന്ധമാണ്. സാധാരണ സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം നായ്ക്കളുടെ കടിയേറ്റാലുള്ള പ്രതിരോധ കുത്തിവയ്പ് ലഭിക്കും. തെരുവ്‌നായകള്‍ കടിച്ചാല്‍ പത്തു ദിവസം ഇവയെ നിരീക്ഷണത്തില്‍ വയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിനിടെ ഇവ ചത്താല്‍ പേ വിഷബാധയെന്ന് അനുമാനിക്കാം. പേവിഷ ബാധ സ്ഥിരീകരിച്ചാല്‍ ഇതിനെതിരെയുള്ള പ്രതിരോധ കുത്തിവയ്പു നല്‍കണം. പേവിഷ ബാധയുള്ള നായാണെങ്കില്‍ വായില്‍ നുരയും പതയും വരുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. പേ വിഷബാധയ്ക്കുള്ള മരുന്ന് ജില്ലയില്‍ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ടി ആര്‍ രേഖ അറിയിച്ചു. അത്യാധുനിക വാക്‌സിനായ എ ആര്‍ എസ് (ആന്റി റാബിസ് സിറം) ഇടുക്കി ജില്ലാ ആശുപത്രിയിലും അടിമാലി താലൂക്ക് ആശുപത്രിയിലും ലഭ്യമാണ്. മറ്റ് താലൂക്ക് ആശുപത്രികളില്‍ ഈ ആഴ്ച തന്നെ മരുന്ന് എത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഡി എം ഒ പറഞ്ഞു.
1960-ല്‍ പാര്‍ലമെന്റില്‍ മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുന്നതിനായി നിയമം പാസാക്കുകയും ഇന്ത്യയിലെ എല്ലാ ജില്ലകളിലും എസ്.പി. സി.എ സ്ഥാപിച്ച് ഇതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയും ചെയ്തിരുന്നു. ഓരോ ജില്ലയിലും ജില്ലാ കലക്ടര്‍മാര്‍ ചെയര്‍മാനും ജില്ലാ പൊലിസ് മേധാവി വൈസ് ചെയര്‍മാനുമാണ്. ജില്ലാ വെറ്ററിനറി ഓഫീസര്‍ ഹോണററി സെക്രട്ടറിയായി രൂപീകരിക്കപ്പെടുന്ന സമിതിയാണ് എസ്.പി.സി.എയുടെ ജില്ലാതല പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. എം എന്‍ ജയചന്ദ്രനാണ് ഇപ്പോള്‍ ചെയര്‍മാന്‍. എസ് പി സി എ യുടെ പദ്ധതികളെല്ലാം ഇപ്പോള്‍ നിലച്ചിരിക്കുകയാണ്. തെരുവുനായ്ക്കള്‍ക്ക് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തുന്നതിനായി ഒരു ഡോക്ടറെ മുഴുവന്‍ സമയവും നിയോഗിക്കുകയാണെങ്കില്‍ നായ്ക്കളുടെ എണ്ണം കാലക്രമേണ ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് എസ്.പി. സി.എ അധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."