മസ്ജിദുല്‍ അഖ്‌സയില്‍ വീണ്ടും ഇസ്‌റാഈല്‍ അതിക്രമം; നിസ്‌ക്കരിക്കാനെത്തിയവരെ തല്ലിച്ചതച്ചു, സ്ത്രീകളും കുട്ടികളും ഉള്‍പെടെ നിരവധി പേര്‍ക്ക് പരുക്ക്
ജറൂസലം: മസ്ജിദുല്‍ അഖ്‌സയില്‍ വീണ്ടും ഇസ്‌റാഈല്‍ പൊലിസിന്റെ തേര്‍വാഴ്ച. നിസ്‌ക്കരിക്കാനെത്തിയ ഫലസ്തീനികളെ പൊലിസ് തല്ലിച്ചതച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു.
'ഞാനൊരു കസേരയിലിരുന്ന് ഖുര്‍ആന്‍ പാരായണം ചെയ്യുകയായിരുന്നു. അവര്‍ മസ്ജിദിനകത്തേക്ക് സ്റ്റണ്‍ ഗ്രനേഡുകള്‍ എറിഞ്ഞു. അതിലൊന്ന് എന്റെ നെഞ്ചിലാണ് തട്ടിയത്' ഒരു വയോധിക മാധ്യമങ്ങളോട് പറഞ്ഞു. ശ്വാസമെടുക്കാന്‍ പോലും പ്രയാസപ്പെടുന്ന അവസ്ഥയിലായിരുന്നു അവര്‍. വിശ്വാസികള്‍ക്കു നേരെ വെടിവെപ്പും ഉണ്ടായിരുന്നു. ചികില്‍സിക്കാനെത്തിയ ഡോക്ടറെ സൈന്യം പള്ളിയിലേക്ക് കയറ്റിവിട്ടില്ലെന്നും ഫലസ്തീനികള്‍ പറയുന്നു.
പള്ളിയില്‍ പ്രവേശിച്ച തങ്ങള്‍ക്കു നേരെ ഫലസ്തീനികള്‍ കല്ലെറിഞ്ഞെന്നും അതിനുള്ള മറുപടിയായിരുന്നു വെടിവെപ്പെന്നുമാണ് പൊലിസ് ഭാഷ്യം. സംഭവത്തിന് പിന്നാലെ വെസ്റ്റ് ബാങ്കിലുടനീളം കനത്ത പ്രതിഷേധമാണ് ഉയരുന്നത്. ഗാസയില്‍ നിന്ന് ഇഇ്രസ്‌റാഈലിലേക്ക് ഒമ്പത് റോക്കറ്റുകള്‍ തൊടുത്തുവിട്ടതായി ഇസ്‌റാഈല്‍ സൈന്യം പറഞ്ഞു. അധിനിവേശ വെസ്റ്റ് ബാങ്കിലും ജറുസലേമിലും കഴിഞ്ഞ ഒരു വര്‍ഷമായി അക്രമം വര്‍ധിച്ച് വരികയാണ്. റമദാനും ഈസ്റ്ററും ഒന്നിച്ചായതിനാല്‍ ഈ മാസം സംഘര്‍ഷം വര്‍ദ്ധിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
എന്നാല്‍, മുഖംമൂടി ധരിച്ചെത്തിയ പ്രക്ഷോഭകര്‍ ആക്രമണം നടത്തിയതിനാലാണ് കോമ്പൗണ്ടിനുള്ളിലേക്ക് കടക്കാന്‍ നിര്‍ബന്ധിതരായതെന്ന് ഇസ്‌റാഈല്‍ പൊലിസ് പ്രസ്താവനയില്‍ പറഞ്ഞു. പൊലിസ് പ്രവേശിച്ചപ്പോള്‍, അവര്‍ക്ക് നേരെ കല്ലെറിയുകയും ഒരു വലിയ സംഘം പ്രക്ഷോഭകര്‍ പള്ളിക്കുള്ളില്‍ നിന്ന് പടക്കം പൊട്ടിക്കുകയും ചെയ്തു. ആക്രമണത്തില്‍ ഒരു പൊലിസുകാരന്റെ കാലിന് പരിക്കേറ്റെന്നും ഇസ്‌റാഈല്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."