ഇരവാദം പരിഹാരമല്ല
വെള്ളിപ്രഭാതം
അൻവർ സ്വാദിഖ് ഫൈസി താനൂർ
ഒരു മത സമൂഹമെന്ന നിലക്ക് മുസ് ലിംകൾക്ക് പലപ്പോഴും പ്രതിസന്ധികളും വെല്ലുവിളികളുമുണ്ടായിട്ടുണ്ട്. തിരമാലകളടങ്ങിയ ശാന്തസമുദ്രമായിരുന്നില്ല എപ്പോഴും ഈ സമുദായ നൗകയുടെ മുന്നിലുണ്ടായിരുന്നത്. മക്കാ മുശ് രിക്കുകൾ, മദീനാ യഹൂദികൾ, റോം- പേർഷ്യൻ സാമ്രാജ്യങ്ങൾ, ഗ്രീക്ക് - യവന ഫിലോസഫികൾ, പോപ്പിൻ്റെ കുരിശു പട, താർത്താരികളുടെ തേർവാഴ്ച, യൂറോപ്യൻ അധിനിവേശം... ഇതിനെയെല്ലാം അതിജീവിച്ചാണ് ഇസ് ലാമും മുസ്‌ലിംകളും ഇന്ന് ഇവിടെ എത്തിയത്. ലോക ജനസംഖ്യയുടെ നാലിലൊന്നിനെ സ്വന്തമാക്കി മുന്നോട്ടു പോയി കൊണ്ടിരിക്കുന്നത്.
പരീക്ഷണങ്ങളെ മതം
നിരീക്ഷിക്കുന്ന വിധം
പ്രതിസന്ധികൾക്കു മുന്നിൽ മൂന്നു വഴികളാണ് ഇസ്‌ലാം വിശ്വാസികകൾക്കു മുന്നിൽ തുറന്നു വയ്ക്കുന്നത്. ഒന്ന്, ഈ ദുനിയാവ് പരീക്ഷണങ്ങളുടേതാണെന്ന് നിരന്തരം ഓർമപ്പെടുത്തുക. രണ്ട്, ആ പരീക്ഷങ്ങളെ നേരിടാനും അതിജയിക്കാനും വിശ്വാസിയെ പ്രാപ്തമാക്കുക. മൂന്ന്, പരീക്ഷണ-പ്രതിസന്ധി ഘട്ടങ്ങളിൽ വേദനകളുണ്ടായാലും പരാജയപ്പെട്ടാലും നിരാശപ്പെടാതെ പരലോകത്ത് ഇതിനെല്ലാം പ്രതിഫലം ലഭിക്കുമെന്നു അവരെ ബോധ്യപ്പെടുത്തി മുന്നോട്ടു കൊണ്ടു പോകുക.
ഭൗതികലോകം പരീക്ഷണങ്ങളുടേതാണ് എന്ന് ഉറപ്പിച്ചു പറയുകയാണ് ഇസ് ലാം. മനുഷ്യനു സ്രഷ്ടാവ് സുഖവും സന്തോഷവും നൽകുന്നതും ദുഃഖവും ദുരിതവും നൽകുന്നതും അവനെ പരീക്ഷിച്ചറിയാനാണ്. 'നന്മ കൊണ്ടും തിന്മകൊണ്ടും നാം നിങ്ങളെ പരീക്ഷിക്കുന്നതാണ് ' (ഖുർആൻ 21:35). ഇവിടെ സുഖങ്ങളിൽ മതിമറന്നാറാടാനോ ദുഃഖങ്ങളിൽ എല്ലാം മറന്നു വേദനിക്കാനോ കഴിയില്ല. കാരണം രണ്ടും പരീക്ഷണമാണ്.
'ഏതെങ്കിലുമൊരു മുസ്ലിമിന് ക്ഷീണം, രോഗം, സങ്കടം, ദുഃഖം, പ്രയാസം, അസ്വസ്ഥത എന്നിങ്ങനെ വല്ലതും പിടികൂടുകയോ, കാലിൽ ഒരു മുള്ളു തറച്ചാൽ പോലും അതു കാരണം അല്ലാഹു അയാളുടെ തെറ്റുകുറ്റങ്ങളെ പൊറുത്തു കൊടുക്കുന്നതാണ് '(ബുഖാരി: 5641, മുസ് ലിം: 2573) എന്നാണ് പ്രവാചക വചനം. പ്രവാചകന്മാരാണ് ഏറ്റവും കൂടുതൽ ദുരിതങ്ങളും ദുരന്തങ്ങളും ഏറ്റെടുക്കേണ്ടിവന്നവർ (ഇബ്നുമാജ: 4023) മുഹമ്മദ് നബി (സ) പറഞ്ഞതു കാണാം. ജീവിതത്തിൽ പ്രതിസന്ധികളും പ്രയാസങ്ങളും വരുമ്പോൾ പ്രവാചകന്മാരുടെ മാതൃക ഉൾക്കൊണ്ട് ക്ഷമിച്ചു നിൽക്കണമെന്നാണ് വിശ്വാസികളോടുള്ള അല്ലാഹുവിൻ്റെ ആഹ്വാനം. പ്രയാസ ഘട്ടങ്ങളിൽ അങ്ങനെ ക്ഷമിച്ചവർക്ക് അറ്റവും അളവുമില്ലാത്ത അനന്തമായ പ്രതിഫലം നൽകുമെന്നും ( ഖുർആൻ 39:10 ) അവരോടൊപ്പം സ്രഷ്ടാവിൻ്റെ സാന്നിധ്യം ഉണ്ടാകുമെന്നും അവൻ ഉറപ്പ് നൽകുന്നു.
പരീക്ഷണങ്ങളിൽ ചെയ്യാനുള്ളത്
ശത്രുക്കളാൽ സത്യവിശ്വാസികളെ പരീക്ഷിക്കുമെന്നത് ഖുർആനിൻ്റെ മുന്നറിയിപ്പാണ്. അവിടെ ഇരവാദമുയർത്തി വാവിട്ടു കരയാനോ, എല്ലാം ദൈവ വിധിയെന്നു പറഞ്ഞു എതിരാളിക്കു മുന്നിലേക്കു കഴുത്തു നീട്ടിക്കൊടുക്കാനോ അല്ല ഇസ് ലാം വിശ്വാസികളോട് പറയുന്നത്. പ്രതീക്ഷയോടെ പുതിയൊരു പ്രഭാതത്തെ മുന്നിൽ കണ്ടു പണിയെടുക്കാനും പ്രയത്നിക്കാനുമാണ്. സൗർ ഗുഹയുടെ പൊത്തിൽ പതുങ്ങിയിരിക്കുന്ന നേരത്ത് ശത്രുക്കൾ തൊട്ടു മുകളിൽ വന്നു നിന്നപ്പോൾ സതീർഥനായ അബൂബക്ർ സ്വിദ്ദീഖ് (റ) ന് പ്രവാചകൻ നൽകിയത് ആ ഒരു പ്രതീക്ഷയാണ്. ആ പ്രതീക്ഷയുടെ തേരിലേറിയാണവർ മദീനയിലേക്ക് പലായനം ചെയ്യുന്നത്.
നേരിൻ്റെ വഴിയിൽ ഉറച്ചു നിൽക്കുമ്പോൾ ശത്രുവിനാൽ പരീക്ഷപ്പെട്ടവരുടെ ചരിത്രം എമ്പാടുമുണ്ട്. അതുപോലെ തന്നെയാണ് ട്രാക്ക് തെറ്റിയോടുന്ന വിശ്വാസിയെ ഉണർത്താനും ചിലപ്പോൾ ശത്രുവിനാൽ പരീക്ഷിക്കപ്പെടും. ഇതു തിരിച്ചറിഞ്ഞു പ്രവർത്തിക്കുകയാണ് വിശ്വാസികളുടെ ദൗത്യം. ഒരു ഖുദ്സിയായ ഹദീസിലൂടെ അല്ലാഹു പറയുന്നു:
''ഞാനാണ് അല്ലാഹു. രാജാധിരാജൻ ഞാനാണ്. എൻ്റെ കരങ്ങളിലാണ് സർവ അധികാരികളുടെയും ഹൃദയമിരിക്കുന്നത്. എൻ്റെ അടിമകൾ എനിക്ക് വഴിപ്പെട്ടാൽ, എല്ലാ അധികാരിവർഗത്തിൻ്റെയും ഹൃദയങ്ങളെ ഞാൻ സ്നേഹത്താലും കരുണയാലും അവരിലേക്ക് തിരിച്ചുവിടും. എൻ്റെ അടിമകൾ എനിക്ക് എതിരുപ്രവർത്തിച്ചാൽ അധികാരികളുടെ ഹൃദയങ്ങളെ വെറുപ്പിനാലും പ്രതികാരദാഹത്താലും ഞാൻ അവരിലേക്ക് തിരിച്ചു വിടും. അപ്പോൾ മോശകരമായ ദുരിതങ്ങൾ അധികാരികൾ അവർക്ക് നൽകിക്കൊണ്ടിരിക്കും. അതുകൊണ്ട് അധികാരികൾക്ക് എതിരെരേയുള്ള പ്രാർഥനയിലല്ല നിങ്ങൾ മുഴുകേണ്ടത്. ദൈവിക ചിന്തയിലും അവനിലേക്ക് പൂർണമായും ഒരുങ്ങിയിറങ്ങലിലുമാണ് നിങ്ങൾ മുഴുകേണ്ടത്. അപ്പോൾ, അധികാരികളെ നിങ്ങൾക്കൊത്ത വിധം അവൻ പാകപ്പെടുത്തും.'' (ത്വബ്റാനി: 8962, അബൂനുഐം 2/388).
ഈ ഹദീസിൻ്റെ സാക്ഷാൽകാരം ഇസ് ലാമിക ചരിത്രത്തിൽ നിരവധി തവണ ആവർത്തിച്ചതു കാണാം. സുവർണ പ്രതാപത്തിൽ ജ്വലിച്ചു നിന്നിരുന്ന ഇസ്‌ലാമിക നാഗരികതയെ ചെങ്കിസ്ഖൻ്റെ താർത്താരിപ്പട തകർത്തു തരിപ്പണമാക്കിയത് ഉദാഹരണം.
ഏതു ക്രൂര ഫിർഔനാണെങ്കിലും അയാളോട് സൗമ്യ സമീപനം വേണമെന്നാണ് ഇസ്ലാം. വികാരം മൂത്ത ഖുവാരസം ഷാ ആ സൗമ്യത മറന്നു. ഖുവാറസമിൽ വസ്ത്രം വാങ്ങാൻ വന്ന ചെങ്കിസ്ഖാൻ്റെ സംഘത്തെ ഷാ പിടികൂടി അക്രമിച്ചു. കുറ്റവാളികൾക്കെതിരേ നടപടി എടുക്കണമെന്ന് പറഞ്ഞു ചെങ്കിസ്ഖാൻ മറ്റൊരു സംഘത്തെ അയച്ചു. ദൂതുമായി അംബാസിഡർമാരെയും ഷാ മുടി വടിച്ചു അപമാനിച്ചു വിട്ടു.
അതോടെ ആ കാട്ടു ക്രൂരൻ മഹാക്രൂരനായി മാറി. ഷായുടെ കീഴിയിലുള്ള ബുഖാറയിലും സമർഖന്ദിലും അയാൾ കയറി മേഞ്ഞു. 1.2 ദശലക്ഷം മനുഷ്യരെയാണത്രെ അവർ കൊന്നത്.
ബുഖാറയിൽ പ്രവേശിച്ച ചെങ്കിസ്ഖാൻ തൻ്റെ മുന്നിൽ കീഴടങ്ങിയ മുസ് ലിംകളെ കൂട്ടക്കൊല നടത്തുന്നതിനു മുമ്പ് പറഞ്ഞ ഒരു വാക്കുണ്ട്; നിങ്ങൾ വലിയ പാപങ്ങൾ ചെയ്തിട്ടില്ലായിരുന്നെങ്കിൽ ദൈവം എന്നെപ്പോലെ ഒരു ശിക്ഷ നിങ്ങളുടെ മേൽ അയക്കുമായിരുന്നില്ല...."
താമസിയാതെ താർത്താരിപ്പട ബഗ്ദാദിലെത്തി. 18 ലക്ഷം മനുഷ്യരെയാണ് അവർ അവിടെ കൊന്നു തള്ളിയത് എന്ന് ഇബ്നു കസീർ. ബഗ്ദാദിനു ശേഷം സിറിയലേക്ക് അവർ ഇരച്ചു കയറി. അലപ്പോ നഗരത്തിൽ മാത്രം 50,000 പേരെ വധിച്ചു.
"നിങ്ങൾ വലിയ പാപങ്ങൾ ചെയ്തിട്ടില്ലായിരുന്നെങ്കിൽ ദൈവം എന്നെപ്പോലെ ഒരു ശിക്ഷ നിങ്ങളുടെ മേൽ അയക്കുമായിരുന്നില്ല...." എന്ന ചെങ്കിസ്ഖാൻ്റെ വാക്കുകകളിൽ എന്തുകൊണ്ട് മുസ്‌ലിം സമുദായവും ഇസ്ലാമിക നാഗരികതയും തകർന്നു തരിപ്പണമായി എന്നതിൻ്റെ മതപരമായ മറുപടിയുണ്ട്. "എൻ്റെ അടിമകൾ എനിക്ക് എതിരുപ്രവർത്തിച്ചാൽ അധികാരികളുടെ ഹൃദയങ്ങളെ വെറുപ്പിനാലും പ്രതികാരദാഹത്താലും ഞാൻ അവരിലേക്ക് തിരിച്ചു വിടും" എന്ന നബി വചനത്തിൻ്റെ വിശദീകരണമുണ്ട്. എന്നാൽ, ഇതേ ചെങ്കിസ്ഖാൻ്റെ പിന്മുറക്കാരെ വേരോടെ പിഴുതെടുത്തു ഇസ്ലാമിൻ്റെ മുറ്റത്തു കൊണ്ടുവന്നു പ്രതിഷ്ഠിക്കാനും മുസ് ലിംകൾക്ക് സാധിച്ചിട്ടുണ്ട്.
ഇത്തരം സംഭവങ്ങൾ ചരിത്രത്തിൽ പലവട്ടം ആവർത്തിച്ചതുകൊണ്ടാണ് ഇസ്ലാം ഒരു സൂര്യനാണെന്നും ഒരിടത്ത് അത് അസ്തമിച്ചാൽ, മറ്റൊരിടത്ത് അതിൻ്റെ പ്രഭാ കിരണം ഉദിച്ചുയരുന്നത് നിങ്ങൾക്ക് കാണാനാകുമെന്നും പല ചരിത്രകാരന്മാരും പറയുന്നത്. പുതിയ ലോകത്തിൻ്റെ അവസ്ഥയും ഇങ്ങനെ തന്നെ.
ഇരവാദം പരിഹാരമല്ല
ഞങ്ങൾ മുസ്ലിംകളായതു കൊണ്ടു മാത്രം പീഡിപ്പിക്കപ്പെടുന്നു, അക്രമിക്കപ്പെടുന്നു, വിവേചനം നേരിടേണ്ടി വരുന്നു എന്നിങ്ങനെയുള്ള പരിഭവങ്ങളും പരാതി പറച്ചിലുകളുമാണ് പലയിടത്തും വിശ്വാസികളിൽ നിന്നുയരുന്നത്. ഇതിൽ വസ്തുതകൾ ഉണ്ടെന്നത് ശരിയാണ്. സത്യമാണ്.
വിശുദ്ധമായ ഒരു ആദർശത്തിൻ്റെ വക്താക്കളെന്ന നിലക്ക് മുസ് ലിംകളുടെ പ്രഥമവും പ്രധാനവുമായ പരിഗണന ഇത്തരം വിലാപങ്ങൾക്ക് കൂടുതൽ ഉച്ചത്തിലാക്കലും അതിൻ്റെ കണക്കുകൾ നിരന്തരം ആവർത്തിച്ചു പേപഥു പൂണ്ടു നിൽക്കലുമല്ല. മനുഷ്യാവകാശങ്ങളുടെ പ്രശ്നങ്ങായി ഇത് ഒരു ഭാഗത്ത് അവതിപ്പിക്കപ്പെടുമ്പോഴും അതിലേറെ പ്രാധാന്യത്തോടെ ഉമ്മത്തിലെ താനടക്കമുള്ള ഓരോ വ്യക്തിയുടെയും ആത്മീയമായ ക്ഷതം കാരണമാണോ ഇത്തരം തിരിച്ചടികൾ എന്ന് ഓരോ വിശ്വാസിയും ആലോചിക്കണം.
ഇസ്ലാം എന്നത് കേവലമായ ഒരു ഭൗതിക ജീവിത പദ്ധതിയല്ല. ആത്മീയതയാണ് അതിൻ്റെ കാതൽ. കാര്യകാരണ ബന്ധങ്ങളുടെ അപ്പുറവും ഇപ്പുറവും അതിന് വേരുകളുണ്ട്. സമുദായം നേരിടുന്ന പ്രതിസന്ധികൾക്ക് ആത്മീയവും ഭൗതികവുമായ കാരണങ്ങളുണ്ട്.
അതിൽ ഒരു കാരണം മാത്രം അന്വേഷിക്കുന്നതും അതിൻ്റെ മാത്രം പിന്നാലെ പോകുന്നതും ശരിയല്ല. ഭൗതിക കാരണങ്ങൾ ചർച്ച ചെയ്യുന്നവർ പോലും പരിഹാരം പറയാതെ കുറേ പീഡന കഥകൾ പറഞ്ഞു വിലപിക്കുന്നതാണ് മറ്റൊരു ദുരന്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."