HOME
DETAILS

തെരുവുനായ്ക്കളുടെ വന്ധ്യംകരണം പുനരാരംഭിക്കണം

  
backup
May 29 2022 | 19:05 PM

956346523-2022-may-30-editorial


സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ശല്യം കൂടിവരികയാണ്. നഗര, ഗ്രാമ വ്യത്യാസമില്ലാതെ തെരുവുനായ്ക്കൾ പെരുകിക്കൊണ്ടിരിക്കുന്നു. അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കൾ കാൽനടക്കാർക്കു മാത്രമല്ല ഭീഷണിയാകുന്നത്. വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്ക് വരെ ജീവഹാനിയുണ്ടാക്കുന്നു.


ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവരെ നായ്ക്കൾ പിന്തുടർന്ന് ആക്രമിക്കുന്നതും വാഹനങ്ങൾക്കു മുന്നിൽച്ചാടി അപകടമുണ്ടാകുന്നതും സാധാരണയായിരിക്കുന്നു. രാവിലെ സ്കൂളുകളിലേക്കു പോകുന്ന വിദ്യാർഥികളും അതിരാവിലെ ആരാധനാ സ്ഥലങ്ങളിലേക്കു പോകുന്നവരും പാൽ, പത്രവിതരണക്കാരും ഭയത്തോടെയാണ് പുറത്തിറങ്ങുന്നത്. ഇവരിൽ പലർക്കും തെരുവുനായ്ക്കളുടെ കടിയേൽക്കുന്നത് പതിവ് വാർത്തകളായിരിക്കുന്നു. രാത്രി ടൗണിലൂടെ നടന്നുപോകേണ്ടിവരുന്നവർക്കു ഭീതിയോടെ മാത്രമേ യാത്ര ചെയ്യാനാകുന്നുള്ളൂ. ഗ്രാമങ്ങളിലെ ഉൾറോഡുകളിലും ഏറെ ഭയാനകമാണവസ്ഥ. സന്ധ്യ മയങ്ങിയാൽ ഗ്രാമങ്ങളിലെ ഉൾറോഡുകൾ നായ്ക്കൾ കൈയടക്കുകയാണ്.


തെരുവുനായ്ക്കളുടെ ശല്യം കൂടിയിട്ടും പരിഹാര നടപടികൾ സ്വീകരിക്കാൻ അധികൃതർ തയാറാകുന്നില്ല. നേരത്തെ ചില പ്രവർത്തനങ്ങൾ നടത്തിയിരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇപ്പോൾ കാര്യമായിട്ടൊന്നും ചെയ്യുന്നില്ല. തെരുവുനായ്ക്കളുടെ കടിയേറ്റ് നൂറുകണക്കിന് ആളുകളാണ് വിവിധ ജില്ലകളിലെ ആശുപത്രികളിൽ ചികിത്സ തേടുന്നത്. കോഴിക്കോട് മെഡിക്കൽ കോളജിൽ തെരുവുനായ്ക്കളുടെ കടിയേറ്റ് ഒരു ദിവസം എൺപതിലധികം പേർ ചികിത്സ തേടുന്നുണ്ട്. കോഴിക്കോട് ബീച്ച് ആശുപത്രിയിൽ മുപ്പതിനു മുകളിലാണ് ചികിത്സ തേടുന്നവർ. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നവർ ഇതിലുമിരട്ടിയാണ്.


മാലിന്യങ്ങൾ വഴിയിൽ തള്ളുന്നവരും തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നവരും ഇവയുടെ വർധനവിനു കാരണമാകുന്നുണ്ട്. പാഴ്സൽ ഭക്ഷണവിതരണം വ്യാപകമായതോടെ ഇവയുടെ അവശിഷ്ടങ്ങൾ തെരുവോരങ്ങളിൽ ഉപേക്ഷിക്കുന്നതും വർധിച്ചിട്ടുണ്ട്. ഇത്തരം ഭക്ഷണാവശിഷ്ടങ്ങൾക്കായി തെരുവുനായ്ക്കൾ കൂട്ടത്തോടെയാണ് വരാറ്. കോഴിക്കടകളിൽനിന്നും മത്സ്യക്കടകളിൽനിന്നുമുള്ള മാലിന്യങ്ങൾ തോന്നിയ ഇടങ്ങളിൽ നിക്ഷേപിക്കുന്നതും തെരുവുനായ്ക്കളുടെ വർധനവിന് കാരണമാണ്. ഇതിനെതിരേ നടപടി സ്വീകരിക്കേണ്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ചെറുവിരൽപോലും അനക്കുന്നില്ല.


തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായതിനാൽ മനുഷ്യാവകാശ കമ്മിഷൻ കോഴിക്കോട്ടും മലപ്പുറത്തുമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടതാണ്. നായ്ക്കൾ പെരുകുന്നത് അവസാനിപ്പിക്കാൻ അനിമൽ ബർത്ത് കൺട്രോളർ (എ.ബി.സി) പദ്ധതി പുനരാരംഭിക്കണമെന്ന് കഴിഞ്ഞദിവസം മനുഷ്യാവകാശ കമ്മിഷൻ ജുഡിഷ്യൽ അംഗം കെ. ബൈജുനാഥ് മലപ്പുറം ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്.


2016- 17 വാർഷിക പദ്ധതിയിൽ മലപ്പുറം ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും എ.ബി.സി പദ്ധതി നടപ്പാക്കുന്നതിന് ഫണ്ട് വകയിരുത്തിയതാണ്. ഹ്യൂമൺ സൊസൈറ്റി ഇന്റർനാഷനൽ എന്ന സംഘടനയെയായിരുന്നു ഇതിനായി ചുമതലപ്പെടുത്തിയിരുന്നത്. ഇവരുടെ കാലാവധി 2019ന് അവസാനിച്ചു. തുടർന്ന് കുടുംബശ്രീയെ പദ്ധതി നടപ്പാക്കാൻ നിശ്ചയിച്ചു. ഇതിനെതിരേ ഹൈക്കോടതിയിൽ ഹരജി പോകുകയും ഹൈക്കോടതി ഉത്തരവിനെ തുടർന്ന് തെരുവുനായ്ക്കളുടെ ജനനം നിയന്ത്രിക്കുന്ന എ.ബി.സി പദ്ധതി അവസാനിക്കുകയും ചെയ്തു. തുടർന്ന് സംസ്ഥാനത്തൊട്ടാകെ എ.ബി.സി പദ്ധതി നിലയ്ക്കുകയും ചെയ്തു. ഇതോടെയാണ് സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ശല്യവും ഏറിത്തുടങ്ങിയത്.


ആദ്യഘട്ടത്തിൽ രണ്ടായിരത്തിലധികം തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചിരുന്നു. പിടികൂടുന്ന നായ്ക്കളെ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി നാലുദിവസത്തിനു ശേഷം അതേസ്ഥലത്ത് കൊണ്ടുവിടുകയായിരുന്നു പതിവ്. എന്നാൽ, ഇപ്പോൾ സംസ്ഥാനത്ത് എ.ബി.സി പദ്ധതി നിലച്ച മട്ടാണ്. ഫണ്ട് ഇല്ലെന്നാണ് കാരണമായി പറയുന്നത്. ജനങ്ങളുടെ സുരക്ഷയ്ക്ക് അതീവ പ്രാധാന്യം കൊടുത്ത് നിർവഹിക്കേണ്ട പ്രവൃത്തിയാണ് എ.ബി.സി പദ്ധതി. തെരുവുനായ്ക്കളിൽ പലതും പേ ബാധിതരാണെന്നതിനാൽ ഇവയുടെ കടിയേൽക്കുന്ന വിദ്യാർഥികളുടെയും സാധാരണക്കാരുടെയും ജീവനാണ് അപകടത്തിൽപ്പെടുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് പദ്ധതി നടപ്പാക്കേണ്ടത്. പക്ഷേ, ഇതുമായി ബന്ധപ്പെട്ട് കടുത്ത നിബന്ധനകളാണ് കേന്ദ്രസർക്കാർ മുന്നോട്ടുവയ്ക്കുന്നത്. അതിനാലാണ് എ.ബി.സി പദ്ധതി പാതിവഴിയിൽ നിലയ്ക്കാൻ കാരണമായത്. പല സ്ഥലങ്ങളിലും നാട്ടുകാരുടെ എതിർപ്പും പദ്ധതി പാതിവഴിയിൽ അവസാനിക്കാനുള്ള കാരണമായി.
പദ്ധതിപ്രകാരം 450 രൂപയാണ് ഒരു നായയുടെ വന്ധ്യംകരണത്തിന് നൽകുക. ഇതിന്റെ പകുതിയേ കേന്ദ്രസർക്കാർ നൽകൂ. ബാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കണ്ടെത്തണം. ശസ്ത്രക്രിയ നടത്താനുള്ള സാധന സാമഗ്രികൾ, ഡോക്ടർമാരെ കണ്ടെത്തുക, കെട്ടിടമൊരുക്കുക, മുറിവ് ഉണങ്ങാനുള്ള മരുന്ന് കണ്ടെത്തുക, മൂന്നു ദിവസം നായ്ക്കളെ സംരക്ഷിക്കുക എന്നീ ചുമതലകളെല്ലാം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർവഹിക്കണമെന്നാണ് കേന്ദ്രസർക്കാർ നിബന്ധന. ഈ നിബന്ധനകളെല്ലാം പാലിക്കാൻ പല തദ്ദേശ സ്ഥാപനങ്ങൾക്കും കഴിയാറില്ല.


നായ്ക്കളെ കൊല്ലാൻ പാടില്ലെന്ന നിയമവും വിലങ്ങുതടിയാണ്. ഒരുവർഷത്തിൽ ഒരു ലക്ഷം പേർക്ക് സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ കടിയേൽക്കുന്നുണ്ടെന്നാണ് കണക്ക്. എന്നിട്ടുപോലും ഈ വിപത്തിനെതിരേ കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ ഉണർന്ന് പ്രവർത്തിക്കുന്നില്ല. കേന്ദ്ര സർക്കാർ നിബന്ധനകളിൽ ഇളവുവരുത്തി എത്രയുംപെട്ടെന്ന് തെരുവുനായ വന്ധ്യംകരണം പദ്ധതി പുനരാരംഭിക്കാൻ നടപടി സ്വീകരിക്കുകയാണ് വേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിനുള്ള ആയുധകയറ്റുമതി നിര്‍ത്തിവെച്ച് ഫ്രാന്‍സ്; നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നെതന്യാഹു

International
  •  2 months ago
No Image

ഒരു സമുദായത്തെ മുഴുവന്‍ കുറ്റവാളികളാക്കുന്നു; ആര്‍.എസ്.എസ് പോലും പറയാത്ത കാര്യമാണ് ജലീല്‍ പറഞ്ഞത്; രൂക്ഷവിമര്‍ശനവുമായി പി.എം.എ സലാം

Kerala
  •  2 months ago
No Image

എം.ടിയുടെ വീട്ടിലെ മോഷണം; ജോലിക്കാരിയും ബന്ധുവും കസ്റ്റഡിയില്‍

Kerala
  •  2 months ago
No Image

ഭാര്യയെ കൊലപ്പെടുത്തി, ഭര്‍ത്താവ് കസ്റ്റഡിയില്‍ 

Kerala
  •  2 months ago
No Image

ആശുപത്രികള്‍, ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, അഭയകേന്ദ്രങ്ങള്‍....ജനജീവിതത്തിന്റെ ഒരടയാളം പോലും ശേഷിപ്പിക്കാതെ ആക്രമണം 

International
  •  2 months ago
No Image

അതിക്രമം.. കയ്യേറ്റം; ഫലസ്തീനെ അദൃശ്യ ഭൂപടമാക്കാനുള്ള തന്ത്രം നടപ്പിലാക്കിയ ഏഴരപ്പതിറ്റാണ്ട്  

International
  •  2 months ago
No Image

സമ്മേളന സ്ഥലത്ത് 'അര്‍ജ്ജുനും മനാഫും', മതേതരത്വത്തിന്റെ അടയാളങ്ങളെന്ന് അന്‍വര്‍; പാര്‍ട്ടി പ്രഖ്യാപനം ഇന്ന്

Kerala
  •  2 months ago
No Image

വംശഹത്യാ കൂട്ടക്കൊലകള്‍ക്ക് വര്‍ഷം തികയാനിരിക്കേ ഗസ്സയില്‍ പള്ളിക്ക് നേരെ ആക്രമണം; 18 ലേറെ മരണം

International
  •  2 months ago
No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago