HOME
DETAILS
MAL
പ്രധാനമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും കാണാന്‍ ലക്ഷദ്വീപ് സര്‍വകക്ഷിസംഘം ഡല്‍ഹിയിലേക്ക്
backup
May 30 2021 | 05:05 AM
കവരത്തി: അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിന്റെ ഏകാധിപത്യ ഭരണത്തിനെതിരേ നിവേദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും കാണാന്‍ ലക്ഷദ്വീപിലെ രാഷ്ട്രീയ സര്‍വകക്ഷി സംഘം ഡല്‍ഹിക്ക് പോകും. ജൂണ്‍ ഒന്നിന് കൊച്ചിയില്‍ ചേരുന്ന സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ദ്വീപില്‍ തുടക്കം കുറിച്ചു. പട്ടേലിന്റെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരേ ഘട്ടം ഘട്ടമായി ഒറ്റക്കെട്ടായി നീങ്ങാനാണ് ഇന്നലെ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിന്റെ കോര്‍ കമ്മിറ്റി തീരുമാനം. സേവ് ലക്ഷദ്വീപ് ഫോറം എന്ന പേരില്‍ എല്ലാ കക്ഷികളും ഒരുമിച്ച് നീങ്ങും. പുതിയ നിയമത്തിന്റെ ഭേദഗതി നിര്‍ദേശങ്ങള്‍ എല്ലാ പാര്‍ട്ടികളും നേരത്തെ തന്നെ നല്‍കിയിട്ടുണ്ട്.
ഭരണ പരിഷ്‌കാരങ്ങളില്‍ ജനവികാരം മാനിച്ചുകൊണ്ടുള്ള പുനപരിശോധന ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ നേരില്‍ കണ്ടു ആവശ്യപ്പെടും. ഓണ്‍ലൈന്‍ പ്രതിഷേധങ്ങള്‍ തുടരും. സര്‍വ കക്ഷി സംഘത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് മുന്നിലും ഒരുമിച്ച് ഉന്നയിക്കും. നിയമപരമായ പോരാട്ടങ്ങള്‍ സംബന്ധിച്ച് നിയമ വിദഗ്ധരുമായി ചര്‍ച്ച ചെയ്ത ശേഷം ജൂണ്‍ ഒന്നിന് തീരുമാനമെടുക്കും.അനൂകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ പ്രത്യക്ഷ സമര പരിപാടികള്‍ ആവിഷ്‌കരിക്കും. ഫോറത്തിന്റെ ജോയിന്റ് കണ്‍വീനര്‍മാരായി മുന്‍ എം.പി. പി.പി കോയ ( എന്‍.സി. പി ), മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യു.സി.കെ തങ്ങള്‍ (കോണ്‍ഗ്രസ്), കോ ഓഡിനേറ്ററായി ഡോ. മുഹമ്മദ് സാദിഖ് (ജനതാദള്‍ -യു ),ജോ. കോ-ഓഡിനേറ്റര്‍മാരായി സെയ്തുമുഹമ്മദ് കാസിം (സി. പി. എം), സി. പി നജ്മുദ്ദിന്‍( സി.പി.ഐ), സ്ഥിരാംഗമായി കാസിം കോയ ( ബി.ജെ.പി ) എന്നിവരെ തെരഞ്ഞെടുത്തു. എ.പി.പി മുഹമ്മദ് ഫൈസല്‍ എം.പി, മുന്‍ എം.പി ഹംദുള്ള സഈദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹസന്‍ ബഡുമുക്കഗോത്തി എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളാണ്. ഇന്നലെ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ ഭാരവാഹികളെ കൂടാതെ ഡോ. മുനീര്‍ മണിക് ഫാന്‍, അബ്ദുല്‍ മുത്തലിബ്, സിറാജ് കോയ. അലി അക്ബര്‍, കെ.പി മുഹമ്മദ് സലിം, മുഹമ്മദ് കാസിം എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."