മഞ്ഞുരുകുന്നു; നിര്‍ത്തിവെച്ച വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ധാരണയായി സഊദിയും സിറിയയും
ദമാസ്‌കസ്/റിയാദ്: നിര്‍ത്തിവെച്ച കോണ്‍സുലാര്‍ സേവനങ്ങളും വിമാന സര്‍വീസുകളും പുനരാരംഭിക്കാന്‍ ധാരണയിലെത്തി സഊദിയും സിറിയയും. സിറിയന്‍ വിദേശകാര്യ മന്ത്രിയായ ഫൈസല്‍ മെക്ക്ദാദ് സഊദി സന്ദര്‍ശിച്ചതിന് പിന്നാലെയാണ് തീരുമാനമുണ്ടായത്.
2011ല്‍ സിറിയന്‍ ആഭ്യന്തര യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് സിറിയന്‍ വിദേശകാര്യ മന്ത്രി സഊദി സന്ദര്‍ശിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
സിറിയന്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും പുറത്ത് വിട്ട ഔദ്യോഗിക അറിയിപ്പില്‍ നിന്നും ഇരു രാജ്യങ്ങളും തമ്മില്‍ കോണ്‍സുലാര്‍ സേവനങ്ങളും വിമാന സര്‍വീസുകളും പുനരാരംഭിക്കാന്‍ ബുധനാഴ്ച തീരുമാനമായിട്ടുണ്ടെന്നും കൂടാതെ രാജ്യസുരക്ഷ, ഭീകരതക്കെതിരെയുള്ള പോരാട്ടം എന്നിവയില്‍ പരസ്പര സഹായത്തിന് ധാരണയായിട്ടുണ്ടെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
സിറിയ രാഷ്ട്രീയപരമായി നേരിടുന്ന പ്രശ്‌നങ്ങളും അസ്ഥിരതയും പരിഹരിക്കാനും, അറബ് രാജ്യങ്ങള്‍ക്കിടയില്‍ സിറിയക്ക് മുമ്പുണ്ടായിരുന്ന നിര്‍ണായകമായ പങ്കിലേക്കും സ്വാധീനത്തിലേക്കും രാജ്യത്തെ തിരികേയെത്തിക്കാനുള്ള ശ്രമങ്ങള്‍ക്കും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിലൂടെ സാക്ഷ്യം വഹിക്കുമെന്നും സിറിയന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
കൂടാതെ യുദ്ധവും മൂലം ദുരിതമനുഭവിക്കുന്ന സിറിയയുടെ പല പ്രവിശ്യകളിലേക്കും സഹായ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തന്നെ സഊദി ആരംഭിക്കുമെന്നും നിരവധി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതിന് പുറമേ സിറിയന്‍ അഭയാര്‍ഥികളെ രാജ്യത്തേക്ക് തിരികേ കൊണ്ട് വരാനും സിറിയയില്‍ സമാധാനം പുനസ്ഥാപിക്കാനും ഇരു രാജ്യങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയായിട്ടുണ്ട്.
അതേസമയം സഊദിയും സിറിയയും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിന്റെ ഭാഗമായി സൗദി വിദേശ കാര്യ മന്ത്രിയായ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സഊദ് രാജകുമാരനാണ് ഫൈസല്‍ മെക്ദാദിനെ സഊദിയിലേക്ക് ക്ഷണിച്ചത്.
ബുധനാഴ്ച തുണീഷ്യയും സിറിയയും എംബസികള്‍ വീണ്ടും തുറക്കുകയും ഡിപ്ലോമാറ്റിക്ക് ബന്ധം പുനരാരംഭിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."