നീലജലപ്പരപ്പിലെ പെരുന്നാപ്പിറ
തൗഫിറ കാരന്തൂര്‍
ളുങ്കുപോലുള്ള കടലും ഹൃദയം കൊണ്ട് വരവേല്‍ക്കുന്ന മനുഷ്യരുമാണ് ലക്ഷദ്വീപിന്റെ ഭംഗി. അടി തെളിഞ്ഞ നീലക്കടലും വെണ്‍തരി മണലും പവിഴപ്പുറ്റുകളും അലങ്കരിക്കുന്ന ഇന്നാട്ടിലെ മനുഷ്യരും തെളിഞ്ഞ ഹൃദയത്തോടെയും നിഷ്‌കളങ്കതയോടെയും കൊണ്ടും കൊടുത്തും പങ്കുവച്ചും സന്തോഷത്തോടെ ജീവിക്കുന്നു. കേരളക്കരയില്‍നിന്ന് പടിഞ്ഞാറു ഭാഗത്തായി 200 മുതല്‍ 400 കിലോമീറ്റര്‍ വരെ അകലത്തില്‍ അറബിക്കടലില്‍ ചിതറിക്കിടക്കുന്ന ലക്ഷദ്വീപുകള്‍ മുപ്പത്തിയാറ് ദ്വീപുകളുടെ സമൂഹമാണ്. അവയില്‍ പതിനൊന്ന് ദ്വീപുകളിലാണ് ജനവാസമുള്ളത്.
കേരളത്തില്‍ നിന്ന് ഒടുവിലത്തെ ചേരമാന്‍ പെരുമാള്‍ ഇസ്‌ലാം സ്വീകരിച്ച് മക്കയിലേക്ക് പുറപ്പെട്ട വിവരമറിഞ്ഞ് അദ്ദേഹത്തെ അന്വേഷിച്ചുചെന്ന പായ്ക്കപ്പലുകളില്‍ ചിലത് വഴിതെറ്റി അമിനി ദ്വീപില്‍ എത്തിപ്പെടുകയും പ്രതികൂല കാലാവസ്ഥ കാരണം അവിടെ താമസിക്കാന്‍ നിര്‍ബന്ധിതരാക്കപ്പെടുകയും ചെയ്തുവെന്നാണ് ലക്ഷദ്വീപിലെ ആദിമ കുടിയേറ്റത്തെ കുറിച്ചുള്ള ചരിത്രങ്ങളിലൊന്ന്.
കൃഷിക്കുപയുക്തമായ മണ്ണും കാലാവസ്ഥയും കാരണം പിന്നീട് കേരളത്തില്‍ നിന്ന് കൂട്ടമായി ആളുകള്‍ ഇങ്ങോട്ട് കുടിയേറിപ്പാര്‍ത്തു തുടങ്ങിയെന്നും ഹൈന്ദവരായിരുന്നു അന്നിവിടത്തെ താമസക്കാര്‍ എന്നും പറയപ്പെടുന്നു. മറ്റുപല കഥകളും ഇതേക്കുറിച്ച് പ്രചാരത്തിലുണ്ട്. ഇന്ന് മുഴുവന്‍ ദ്വീപു നിവാസികളും ഇസ്‌ലാം മത വിശ്വാസികളാണ്. ദ്വീപുകാരുടെ ഇസ്‌ലാം ആശ്ലേഷത്തെ കുറിച്ചും വിവിധ അഭിപ്രായങ്ങളുണ്ട്. മതപ്രചാരണത്തിനായി അറബികള്‍ സംഘങ്ങളായി യാത്ര ചെയ്തുകൊണ്ടിരുന്ന കാലത്ത് ഒന്നാം ഖലീഫയായിരുന്ന അബൂബക്കര്‍ സിദ്ദീഖ് (റ) ന്റെ പൗത്രന്‍ ഹസ്രത് ഉബൈദുല്ലാഹ് (റ) എന്നവര്‍ ലക്ഷദ്വീപില്‍ വരികയും ദ്വീപ് നിവാസികളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയും ചെയ്തുവെന്നും തദ്ഫലമായി സര്‍വ ദ്വീപുനിവാസികളും ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുകയുണ്ടായി എന്നുമാണ് ഇവിടത്തുകാര്‍ പൊതുവെ വിശ്വസിക്കുന്നത്. ആന്ത്രോ ത്ത് ദ്വീപില്‍ സ്ഥിര താമസമാക്കിയ ഉബൈദുല്ലാഹി (റ) യുടെ മഖ്ബറ ശൈഖ് ഉബൈദുല്ലാഹി ജുമാമസ്ജിദിന്റെ ചാരത്ത് കാണാവുന്നതാണ്.
പള്ളികളും സ്രാമ്പ്യകളും മഖ്ബറ മഖാമുകളും കൊണ്ട് സമ്പന്നമാണ് ലക്ഷദ്വീപിന്റെ മണ്ണ്. സാധാരണ ഗതിയില്‍ ആണ്ടുനേര്‍ച്ചകളും ദിക്‌റുകളും റാത്തീബുകളും കൊണ്ട് മുഖരിതമായ പകലുകള്‍ക്കു പക്ഷേ, റമദാനില്‍ ഒച്ചയനക്കങ്ങളില്ലാതാകും. പ്രാര്‍ഥനകളിലും തസ്ബീഹുകളിലും മുഴുകി ആളുകള്‍ വീടകങ്ങളില്‍ വിശ്രമിക്കും. പകലുകളിലെ പ്രവൃത്തികളെല്ലാം രാത്രികളിലേക്കു കുടിയേറും. ഉച്ചവരെ ഉറങ്ങിക്കിടക്കുന്ന അങ്ങാടികള്‍ വൈകുന്നേരമാകുന്നതോടെ സജീവമാകും. മുഖ്യ വരുമാന മാര്‍ഗമായ മീന്‍പിടിത്തം രാത്രികളില്‍ മാത്രമാവും. തുറക്കാന്‍ സമയമാവുന്നതോടെ നോമ്പുതുറ വിഭവങ്ങള്‍ കുട്ടികള്‍ കൊണ്ടുനടന്നു വില്‍ക്കും. ഫുട്‌ബോളും വോളിബോളും പന്താടുന്ന കടല്‍ത്തീര സായാഹ്നങ്ങള്‍ സര്‍വലൗകിക സുഖങ്ങളില്‍ നിന്ന് ആത്മീയതയിലേക്കു കൂടുമാറും.
വൈകുന്നേരങ്ങളില്‍ കടല്‍ത്തീരത്ത് കാറ്റുകൊണ്ടിരിക്കുന്ന പതിവുകളില്‍നിന്ന് സ്ത്രീകള്‍ വഴിമാറും. തിരയിലും മണലിലും കളിക്കാനിറങ്ങുന്ന കുട്ടികളെയും കാണാതെയാകും. റമദാനിനെ സ്വീകരിക്കാന്‍ വിശ്വാസികളുടെ മനമൊരുങ്ങും. നോമ്പുതുറകള്‍ക്കായി വീടകങ്ങളും തറാവീഹിന് പള്ളികളുമൊരുങ്ങും. സ്ത്രീകള്‍ വീടുകളില്‍ ഒരുമിച്ചുകൂടി നിസ്‌കരിക്കും. നോമ്പുതുറയും തറാവീഹും മുത്താഴവും അത്താഴവും കഴിഞ്ഞ് അടുത്ത നോമ്പിലേക്കൊരു ദിനം പിറക്കും. നോമ്പുതുറകളില്‍ പായസം നിര്‍ബന്ധമാണ് ദ്വീപുകാര്‍ക്ക്. ചെറുപയര്‍പരിപ്പ് പായസം, തരിപ്പായസം, വീമ്പി (റാഗി)പായസം തുടങ്ങി ഏതെങ്കിലുമൊരു മധുരം നോമ്പുതുറ മേശയില്‍ ഒരുങ്ങിയിരിക്കും. തേങ്ങാപ്പാലില്‍ കുഴച്ചെടുത്ത നേര്‍ത്ത പത്തിരിയാണ് മുഖ്യവിഭവം. ഒപ്പം കറികളും ബട്ടലിയപ്പം, മൊട്ടക്കൂസ് തുടങ്ങി മറ്റു പലഹാരങ്ങളും. ഇവിടുത്തെ കടലില്‍ ചൂര (tuna) മത്സ്യം ധാരാളമായി കാണപ്പെടുന്നതിനാല്‍ തന്നെ ചൂരയാണ് മത്സ്യങ്ങളില്‍ ദ്വീപുകാര്‍ക്കു പ്രധാനം. ഞണ്ട്, കല്ലുമ്മക്കായ, ചെമ്മീന്‍ തുടങ്ങി ജീവികളെ സാമ്പ്രദായികമായി ഇവര്‍ വര്‍ജിച്ചു പോരുന്നുവെങ്കിലും അപ്പല്‍ (നീരാളി) ഇഷ്ടവിഭവമാണ്. മലബാറിലെ പോലെ മുത്താഴത്തിന് ജീരകക്കഞ്ഞിയും ദ്വീപില്‍ പതിവുണ്ട്.
മിനിക്കോയ് ഒഴികെ മറ്റു ദ്വീപുകളെല്ലാം തന്നെ വേഷം, ഭാഷ, ആചാരാനുഷ്ഠാനങ്ങള്‍ എന്നിവയില്‍ കേരളത്തോട് ഏറെ സമഭാവം പുലര്‍ത്തുന്നുണ്ട്. എന്നാല്‍ മിനിക്കോയ് ഭൂപ്രകൃതി കൊണ്ടും ഭാഷ കൊണ്ടും സാംസ്‌കാരികമായും ചേര്‍ന്നുനില്‍ക്കുന്നത് മാലി ദ്വീപുമായിട്ടാണ്. അതിനാല്‍ തന്നെ മിനിക്കോയിലെ നോമ്പ്, പെരുന്നാള്‍ എന്നല്ല, മറ്റു ചടങ്ങുകളിലും പ്രകടമായ വ്യത്യാസങ്ങള്‍ കാണാവുന്നതാണ്. രണ്ടു പെരുന്നാളുകളും നബിദിനവുമാണ് ലക്ഷദ്വീപിലെ മുഖ്യ ആഘോഷങ്ങള്‍. പെരുന്നാള്‍ ലാഗ് (രാവ്) പിറക്കുന്നതോടെ ദ്വീപില്‍ ആവേശത്തിരയേറുന്നതറിയാം. പിറ കാണാനായി ദ്വീപ് നിവാസികളെല്ലാം തീരത്ത് ഒത്തുകൂടും. ഒട്ടുമുക്കാലും കടലുമാത്രം കാണുന്ന തീരത്ത് കിടന്നുകൊണ്ട് പുതുമാസപ്പിറ ദര്‍ശിക്കുന്നത് വല്ലാത്തൊരനുഭൂതി തന്നെയാണ്.
പെരുന്നാളുറപ്പിച്ചാല്‍ പിന്നെ പള്ളികളില്‍ നിന്ന് തക്ബീര്‍ ധ്വനികള്‍ മുഴങ്ങും. ആളുകള്‍ ഫിത്ര് സകാത്തിന്റെ സമാഹരണത്തിലും വിതരണത്തിലുമായി തിരക്കിലാവും. പൂത്തിരിയും കമ്പിത്തിരിയുമൊക്കെയായി കുട്ടികളും ഉത്സാഹത്തിലാകും. പെരുന്നാള്‍ ദിനത്തില്‍ ദ്വീപിലെ പള്ളികളില്‍ നിന്ന് പുറപ്പെട്ടു ദ്വീപിലെ മുഴുവന്‍ വീടുകളും ചുറ്റിയെത്തുന്ന ദിക്ര് റാത്തീബ് ഇവിടുത്തെ പ്രത്യേകതയാണ്. റാത്തീബുകള്‍ക്കായി ഉജ്‌റാപ്പള്ളി, മുഹിയിദ്ദീന്‍ പള്ളി എന്നിങ്ങനെ പ്രത്യേക പള്ളികള്‍ തന്നെയുണ്ടിവിടെ. ദിക്ര് റാത്തീബിന്റെ സമാപന സമയം ദഫ് മുട്ടുകളും ഗാനങ്ങളും കൊണ്ട് മനോഹരമാവും.
അതു കാണാനായി സ്ത്രീകളും കുട്ടികളുമെല്ലാം ഒരുമിച്ചു കൂടും. ബന്ധു വീടുകളിലെയും അയല്‍വീടുകളിലെയും സന്ദര്‍ശനങ്ങള്‍ കഴിഞ്ഞ് പെരുന്നാള്‍ സായാഹ്നങ്ങളില്‍ ആളുകളെല്ലാം അതതു ദ്വീപുകളിലെ പ്രധാന തീരങ്ങളിലേക്ക് ഒഴുകിയെത്തും. ആഘോഷത്തിന്റെ, ആഹ്ലാദത്തിന്റെ, പങ്കുവയ്ക്കലിന്റെ, ചേര്‍ത്തുപിടിക്കലിന്റെ പ്രസന്നതയോടെ, റമദാനിന്റെ വിശുദ്ധി തീര്‍ത്ത ശാന്തിയോടെ മനോഹരമായ നീലജലപരപ്പുകളില്‍ നിന്നുമവര്‍ വീടുകളിലേക്ക് മടങ്ങും. ശവ്വാലൊളി പിറന്ന താരാകാശത്തിനു താഴെ തിരമാലകള്‍ വീണ്ടും അലതല്ലിക്കൊണ്ടേയിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."