ലക്ഷദ്വീപിലെ അറസ്റ്റ്: തടഞ്ഞുവച്ച യുവാക്കളെ മോചിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ്
കൊച്ചി: ലക്ഷദ്വീപില്‍ പ്രതിഷേധ സൂചകമായി കലക്ടറുടെ കോലം കത്തിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം. കേസുമായി ബന്ധപ്പെട്ടു തടഞ്ഞുവച്ച യുവാക്കളെ മോചിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പ്രതിഷേധവുമായി ബന്ധപ്പെട്ടു കില്‍ത്താന്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതികളെ സ്വന്തം ജാമ്യത്തിലോ അല്ലെങ്കില്‍ ഉചിതമായി വ്യവസ്ഥകള്‍ക്കനുസൃതമായോ വിട്ടയ്ക്കാന്‍ അമിനി സി.ജെ.എം കോടതിക്ക് നിര്‍ദേശം നല്‍കിയത്. സംഭവത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് റഹ് മത്തുള്ള അടക്കം 24 പേരാണ് അറസ്റ്റിലായത്. ആന്ത്രോത്ത് സ്വദേശി സെയ്ദ് മുഹമ്മദ് കോയ അഡ്വ. ആര്‍ രോഹിത് മുഖേന സമര്‍പ്പിച്ച ഹരജിയില്‍ ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസറ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ പ്രകാരം ചുമത്തിയ കേസില്‍ അന്യായമായി തടഞ്ഞുവച്ചിരിക്കുകയാണെന്ന് ഹരജിക്കാരന്‍ കോടതിയില്‍ അറിയിച്ചു.അഡ്മിനിസ്‌ട്രേഷന്‍ എതിര്‍വാതമുയര്‍ത്തിയെങ്കിലും കേസിന്റെ വിശദാംശങ്ങളിലേക്ക് പോകുന്നില്ലെന്നും കസ്റ്റഡിയിലുള്ളവരുടെ സ്വാതന്ത്ര്യത്തിലാണ് പ്രധാന ആശങ്കയുള്ളതെന്നും കോടതി വ്യക്തമാക്കി. ഇവര്‍ക്ക് നീതി നിഷേധിക്കരുതെന്നും വ്യക്തമാക്കിയ കോടതി പ്രതികളെ വിട്ടയക്കാന്‍ സി.ജെ.എം കോടതിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
കസ്റ്റഡിയില്‍ വച്ചവരെ സംബന്ധിച്ച് അവര്‍ പിടിക്കപ്പെട്ട തീയതിയും അവര്‍ക്കെതിരേ ചുമത്തിയ കുറ്റത്തെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടും സമര്‍പ്പിക്കണമെന്നു എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റിനു കോടതി നിര്‍ദേശം നല്‍കി. കില്‍ത്താന്‍ മെഡിക്കല്‍ ഓഫിസര്‍ എല്ലാവരുടെയും ആരോഗ്യ സ്ഥിതി സംബന്ധിച്ചു പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് ഇന്ന് വീണ്ടും പരിഗണിക്കും. അതേസമയം അഡ്മിനിസേ്ട്രറ്ററുടെയും കലക്ടറുടെയും നടപടികള്‍ക്കെതിരേ ദ്വീപില്‍ ഓണ്‍ലൈന്‍ പ്രതിഷേധങ്ങളും പ്രതീകാത്മക സമരങ്ങളും ഇന്നലെയും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."