ക്ഷേമരാഷ്ട്രത്തിലെഅംബേദ്കർ സംഭാവന
കെ. അംബുജാക്ഷൻ
ബാബാസാഹെബ് അംബേദ്കർ ഇന്ത്യയിലും വിദേശത്തും അറിയപ്പെടുന്നത് ഉന്നതനായ ഭരണഘടനാ വിദഗ്ധൻ, വൈജ്ഞാനികൻ, സാമൂഹിക ശാസ്ത്രജ്ഞൻ, തത്വചിന്തകൻ, രാഷ്ട്രമീമാംസകൾ, സാമ്പത്തികശാസ്ത്രജ്ഞൻ എന്നീ നിലകളിലാണ്. ലോക ചരിത്രത്തിൽ ഏറ്റവും അധികം മനുഷ്യരെ നൂറ്റാണ്ടുകളോളം അസമത്വത്തിലും അനീതിയിലും തളച്ചിട്ട വർണജാതി വ്യവസ്ഥയ്ക്കും അയിത്തത്തിനും എതിരായ ഐതിഹാസിക പോരാട്ടം നയിച്ച വ്യക്തിയെന്ന നിലയിൽ ലോകചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ പോരാളിയായിരുന്നു ബാബാസാഹെബ് ഡോക്ടർ ബി.ആർ അംബേദ്കർ.
ആധുനിക ഇന്ത്യയുടെ വർത്തമാനകാലത്ത് അംബേദ്ക്കർ ആശയങ്ങളും അദ്ദേഹം നേതൃത്വം കൊടുത്ത പ്രായോഗിക പ്രവർത്തനങ്ങളും കൂടുതൽ പ്രസക്തമായിക്കൊണ്ടിരിക്കുകയാണ്. ആധുനിക ലോകം അഭിമുഖീകരിക്കുന്ന സാമൂഹിക, സാമ്പത്തിക പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ ഇന്ന് ലോകം അംബേദ്കറുടെ വീക്ഷണങ്ങൾ വലിയ പ്രാധാന്യത്തോടെ പഠന വിശകലനങ്ങൾക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്.
ലോക ചരിത്രത്തിൽതന്നെ സമാനതകളില്ലാത്ത ശ്രേണിബദ്ധമായ അസമത്വരൂപങ്ങളിലൂടെ അപമാനവീകരിക്കപ്പെട്ട കോടിക്കണക്കിന് വരുന്ന മനുഷ്യരെ തുല്യതയുടെയും നീതിയുടെയും അടിസ്ഥാനത്തിൽ ഒരു പുതിയ സാമൂഹിക, രാഷ്ട്രീയ ക്രമത്തിലേക്ക് പരിവർത്തിപ്പിക്കാൻ കേവലം രാഷ്ട്രീയ ജനാധിപത്യം മതിയാവുകയില്ല എന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. അതിന് പരിഹാരമായി സാമൂഹിക, സാമ്പത്തിക ജനാധിപത്യവും നമ്മുടെ രാഷ്ട്രീയ ജനാധിപത്യത്തിൻ്റെ അടിത്തറയായി വർത്തിക്കണം എന്ന കാഴ്ചപ്പാടാണ് അദ്ദേഹം മുന്നോട്ട് വച്ചത്. 1954 ഒക്ടോബർ മൂന്നാം തീയതി ഓൾ ഇന്ത്യ റേഡിയോയിലൂടെ ചെയ്ത പ്രസംഗത്തിൽ തൻ്റെ സാമൂഹിക ദർശനത്തെ സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്ന മൂന്നു വാക്കുകളിലേക്ക് സമാഹിരിക്കാം എന്ന് അദ്ദേഹം പറയുന്നു. അതിരുകളില്ലാത്ത സ്വാതന്ത്ര്യം സമത്വത്തെ നശിപ്പിക്കുമെന്നും മൂർത്തമായ സമത്വം സ്വാതന്ത്ര്യത്തിന് യാതൊരുവിധ വഴിയും അവശേഷിപ്പിക്കുകയില്ലന്നും സാഹോദര്യം മാത്രമാണ് അതിനുള്ള ഏക പരിഹാരമാർഗമെന്നും അദ്ദേഹം പറയുന്നു. സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും നിഷേധത്തിന് ഒരേയൊരു സുരക്ഷിത പരിഹാരം സാഹോദര്യമാണ്. അതുകൊണ്ടുതന്നെ 'സാഹോദര്യമാണ് ജനാധിപത്യത്തിന്റെ കാതൽ'; അതിൻ്റെ അർഥം മനുഷ്യർക്കിടയിൽ പുലരേണ്ട സൗഹാർദം ആണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്.
ഇന്ത്യൻ ഭരണഘടനയുടെ പിതാവ് എന്ന നിലയിൽ പുതിയ ഇന്ത്യയെക്കുറിച്ചുള്ള തൻ്റെ ഭാവനകളിൽ നിന്നുമാണ് ഒരു ക്ഷേമരാഷ്ട്രം ലക്ഷ്യമിടുന്ന ഭരണഘടനാ ആശയം രൂപമെടുക്കുന്നത്. അദ്ദേഹത്തിന്റെ ഈ ആശയങ്ങളാണ് മൗലികാവകാശങ്ങളായും നിർദേശക തത്വങ്ങളായും ഭരണഘടനയിൽ ഇടം പിടിച്ചിട്ടുള്ളത്. ജാതി- മത- വർഗ /ലിംഗ വ്യത്യാസങ്ങൾക്കതീതമായി എല്ലാ ഇന്ത്യൻ പൗരന്മാർക്കും ഭക്ഷണം, ജീവിത ഉപാധികൾ, വിദ്യാഭ്യാസം, രാഷ്ട്രീയമായും സാമൂഹികമായും ഉള്ള സംരക്ഷണം, അധികാര പങ്കാളിത്തം തൊഴിൽ, ഭൂമിയുടെ ഉടമസ്ഥത എന്നിവ ഉറപ്പുനൽകുമ്പോഴാണ് ജനാധിപത്യ ഭരണം ലക്ഷ്യം നേടുക എന്ന് അദ്ദേഹം വിശ്വസിച്ചു. വർത്തമാനകാല ഇന്ത്യയിൽ തൊഴിലാളികൾ, കർഷകർ, ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ, ആദിവാസി ജനസമൂഹങ്ങൾ ഇവരെല്ലാം നീതിക്കുവേണ്ടിയും തുല്യതയ്ക്ക് വേണ്ടിയും അവകാശങ്ങൾക്ക് വേണ്ടിയും നടത്തുന്ന പോരാട്ടങ്ങൾക്ക് കരുത്ത് ലഭിക്കുന്നത് ഭരണഘടന ഉറപ്പ് നൽകുന്ന ക്ഷേമരാഷ്ട്ര സങ്കൽപ്പവും അതിൻ്റെ അടിസ്ഥാനതത്വങ്ങളുമാണ്.
മഹാഭൂരിപക്ഷം വരുന്ന ഇന്ത്യയിലെ അധഃസ്ഥിത പിന്നോക്ക വിഭാഗങ്ങൾക്കും രാഷ്ട്രത്തിനു പൊതുവെയും ഡോ. അംബേദ്ക്കറോളം സംഭാവന നൽകിയ ഒരു ദേശീയ നേതാവും ഇന്ത്യാ ചരിത്രത്തിലില്ല. ഡോക്ടർ അംബേദ്ക്കറുടെ സ്ഥാനത്ത് മറ്റാരങ്കിലുമായിരുന്നെങ്കിൽ ആ വ്യക്തിയെ രാജ്യം ലോകത്തിനു മുന്നിൽ ഉയർത്തിക്കാട്ടുമായിരുന്നു. ഇന്ത്യയുടെ മൂലധനവും വിഭവങ്ങളും കോർപറേറ്റ് താൽപര്യങ്ങൾക്ക് പണയം വെയ്ക്കപ്പെടുന്ന ഇക്കാലത്ത് ഡോ.അംബേദ്കറുടെ സ്റ്റേറ്റ് സോഷ്യലിസം എന്ന ആശയത്തിന് കൂടുതൽ പ്രസക്തി കൈവരുകയാണ്.
1949 നവം 25-ാം തീയതി ഇന്ത്യൻ ഭരണഘടന സമർപ്പിച്ചുകൊണ്ട് ഭരണഘടനാ അസംബ്ലിയിൽ ഡോ. അംബേദ്ക്കർ ചെയ്ത ചരിത്രപരമായ പ്രസംഗത്തിലെ പ്രവചനാത്മകമായ വാക്കുകൾ വർത്തമാനകാല ഇന്ത്യൻ യാഥാർഥ്യങ്ങളിലേക്ക് കണ്ണുനട്ട് പറഞ്ഞതുപോലെയുണ്ട്. '1950 ജനുവരി 26ന് ഇന്ത്യ ഒരു സ്വതന്ത്ര രാഷ്ട്രമായി തീരും. ആ സ്വാതന്ത്ര്യത്തിന് എന്തു സംഭവിക്കും? അവൾ ആ സ്വാതന്ത്ര്യം നിലനിർത്തുമോ അതോ, അതവൾക്ക് ഒരിക്കൽകൂടി നഷ്ടപ്പെടുമോ? ഈ ചിന്തയാണ് എന്നെ അങ്ങേയറ്റം വ്യാകുലചിത്തനാക്കുന്നത്. ഇന്ത്യക്ക് ഒരിക്കൽ അവളുടെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടുവെന്നത് മാത്രമല്ല അവളുടെതന്നെ ചില ആളുകളുടെ വിശ്വാസവഞ്ചനയും രാജ്യദ്രോഹവും മൂലമാണതു സംഭവിച്ചത് എന്ന ചിന്തയാണ് എന്നെ ഏറ്റവുമധികം അസ്വസ്ഥ ചിത്തനാക്കുന്നത്. ചരിത്രം ആവർത്തിക്കുമോ? പാർട്ടികൾ വിശ്വാസപ്രമാണങ്ങൾക്ക് രാജ്യത്തേക്കാൾ പ്രാധാന്യം നൽകുകയാണങ്കിൽ, നമ്മുടെ സ്വാതന്ത്ര്യം രണ്ടാമതൊരു പ്രാവശ്യംകൂടി അപകടത്തിൽ പെടുകയും അത് മിക്കവാറും എന്നെന്നേക്കുമായി നഷ്ടപ്പെടുകയും ചെയ്യും. ഈ അപകട സാദ്ധ്യതക്കെതിരേ നാം തികഞ്ഞ ജാഗ്രത പാലിക്കണം.
നമ്മുടെ അവസാന തുള്ളി രക്തവും നൽകി നമ്മുടെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ നാം ഉറച്ച തീരുമാനമെടുക്കണം. ദുരുപയോഗം മൂലം ജനാധിപത്യം ഏകാധിപത്യത്തിനു വഴിയൊരുക്കിക്കൊടുക്കുവാനുള്ള അപകട സാദ്ധ്യതയുണ്ട്. 1950 ജനുവരി 26-ന് നാം വൈരുധ്യ പൂർണമായ ഒരു ജീവിതത്തിലേക്കാണ് പ്രവേശിക്കുന്നത്. രാഷ്ട്രീയത്തിൽ നമുക്ക് സമത്വമുണ്ടാകും. സാമൂഹിക-സാമ്പത്തിക ജീവിതത്തിൽ അസമത്വമാണുണ്ടാവുക. രാഷ്ട്രീയത്തിൽ ഒരാൾക്ക് ഒരു വോട്ട്, ഒരു വോട്ടിന് ഒരു മൂല്യം എന്ന തത്വം നാം അംഗീകരിക്കും. എന്നാൽ, സാമൂഹിക-സാമ്പത്തിക ജീവിതത്തിൽ ഒരാൾക്ക് ഒരു മൂല്യം എന്ന തത്വം നിരാകരിക്കുന്നത് നാം തുടർന്നുകൊണ്ടേയിരിക്കും. ഈ വൈരുധ്യം എത്രയും പെട്ടെന്ന് പരിഹരിച്ചില്ലെങ്കിൽ നമ്മുടെ രാഷ്ട്രീയജനാധിപത്യം അപകടത്തിലാകും. അസമത്വം മൂലം ദുരിതമനുഭവിക്കുന്നവർ ഈ സഭ വളരെ പാടുപെട്ട് നിർമിച്ചെടുത്ത രാഷ്ട്രീയ ജനാധിപത്യത്തിന്റെ അടിത്തറതന്നെ തകർത്തുകളയും'.
ജനാധിപത്യം ഒരു വരേണ്യവർഗത്തിന്റെ ഭരണം മാത്രമാകാതെ പാർശ്വവൽക്കരിക്കപ്പെട്ടവരുടേതുൾപ്പെടെ എല്ലാവരുടേതുമാകുന്ന ഭരണക്രമത്തിനെയാണ് റിപ്പബ്ലിക് എന്ന ആശയത്തിലൂടെ ഡോ. അംബേദ്ക്കർ ലക്ഷ്യം വച്ചത്. ഭൂരിപക്ഷത്തിന്റെ കേവല ഭരണാധിപത്യമല്ല, ന്യൂനപക്ഷത്തിന് ആനുപാതികമായ അധികാര പങ്കാളിത്തവും സംരക്ഷണവും ലഭ്യമാക്കുമ്പോഴേ ജനാധിപത്യം അർഥപൂർണമാവുകയുള്ളൂ എന്ന വീക്ഷണമായിരുന്നു അംബദ്കർ പുലർത്തിയത്.
രാഷ്ട്രവും ജനങ്ങളും ബാബാസാഹെബ് അംബേദ്‌ക്കറെ ആദരിക്കുന്ന ഈ ജയന്തിദിനത്തിൽ കാലത്തിന്റെ കണ്ണാടിയായി ആ മഹാനായ ഇന്ത്യക്കാരൻ 1945-ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ 'പാകിസ്താൻ അഥവാ ഇന്ത്യാ വിഭജനം' എന്ന കൃതിയിലെ വരികൾ കൂടി നമുക്കോർമ്മയിൽ വെയ്ക്കാം. 'ഹിന്ദുരാഷ്ട്രം യാഥാർഥ്യമാവുകയാണങ്കിൽ, ഒരു സംശയവും വേണ്ടാ, അതീ രാജ്യത്തിനു സംഭവിക്കാവുന്ന ഏറ്റവും വലിയ ദുരന്തമായിരിക്കും. എന്തുവില കൊടുത്തും ഹിന്ദുരാഷ്ട്രം തടയുകതന്നെ വേണം. (Babasaheb Ambedkar Writings and Speeches, Vol 8, Page. 358 )
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."