ഇസ്‌റാഈല്‍ പാര്‍ലമെന്റില്‍ നാടകീയ രംഗങ്ങള്‍; സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസാന മണിക്കൂറിലും സമവായമില്ല
ജറൂസലേം: ഇസ്‌റാഈലില്‍ പ്രധാനമന്ത്രി നെതന്യാഹു പുറത്താകുമെന്ന് ഉറപ്പായതോടെ പാര്‍ലമെന്റില്‍ നാടകീയ രംഗങ്ങള്‍. പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കില്ലെന്ന വാദവുമായി നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി പാര്‍ലമെന്റിലെ കണ്‍വന്‍ഷന്‍ ഹാളിനു പുറത്ത് പ്രതിഷേധിച്ചു. ഭരണകക്ഷി അംഗങ്ങളും മന്ത്രിമാരും ഉള്‍പ്പെടെയുള്ളവരാണ് പ്രതിഷേധിച്ചതെന്ന് ഇസ്‌റാഈലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭൂരിപക്ഷം തെളിയിക്കാനുള്ള സമയം അവസാനിക്കാന്‍ ആറര മണിക്കൂര്‍ ശേഷിക്കേയാണിത്.
ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്നുപേരുടെ ഒപ്പുകൂടിയാണ് പ്രതിപക്ഷത്തിന് പാര്‍ട്ടിയുണ്ടാക്കാന്‍ തടസമായി നില്‍ക്കുന്നത്. യാമിന പാര്‍ട്ടിയുടെ നഫ്താല ബെന്നറ്റ്, ന്യൂഹോപ് പാര്‍ട്ടിയിലെ ഗിഡിയോണ്‍ സാര്‍, യുനൈറ്റഡ് അറബ് ലിസ്റ്റ് പാര്‍ട്ടിയിലെ മന്‍സൂര്‍ അബ്ബാസ് എന്നിവരാണ് പുതിയ സര്‍ക്കാരിനെ അനുകൂലിച്ച് ഒപ്പുവയ്ക്കാത്തത്. പ്രതിപക്ഷ നേതാവ് ലാപിഡുമായി ചില ആവശ്യങ്ങളില്‍ കൂടി ഉറപ്പുവേണമെന്നാണ് അബ്ബാസിന്റെ നിലപാട്. അറബ് വംശജര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം, വീടുവയ്ക്കാനുള്ള നിയന്ത്രണം ഇളവുചെയ്യുക എന്നിങ്ങനെയാണ് ആവശ്യങ്ങള്‍. ഈ ആവശ്യം നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി തള്ളിയിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് ലാപിഡിന്റെ യേഷ് അതിഡ് പാര്‍ട്ടിയും തീവ്ര ദേശീയ വാദികളായ നഫ്താലി ബെന്നറ്റിന്റെ യാമിന പാര്‍ട്ടിയും തമ്മിലാണ് ചര്‍ച്ച. നഫ്താലി ബെന്നറ്റ് പ്രതിപക്ഷ സഖ്യത്തിലെത്തിയാല്‍ 120 അംഗ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന് ഭൂരിപക്ഷം തെളിയിക്കാനാകും. ബെന്നറ്റിനെ സ്വാധീനിക്കാന്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയും രംഗത്തുണ്ട്.
ലാപിഡിന്റെ പാര്‍ട്ടിക്ക് 17 സീറ്റുണ്ടെങ്കിലും ആറു സീറ്റ് മാത്രമുള്ള ബെന്നറ്റിന്റെ പാര്‍ട്ടിയുടെ പിന്തുണ സര്‍ക്കാര്‍ രൂപീകരണത്തിന് നിര്‍ണായകമാണ്. അതിനാല്‍ പ്രധാനമന്ത്രി പദം പ്രതിപക്ഷ കക്ഷികള്‍ പങ്കിടാമെന്ന ധാരണയാണ് ഒടുവില്‍ ഉരുത്തിരിഞ്ഞത്. ആദ്യം ബെന്നറ്റിനെ പ്രധാനമന്ത്രിയാക്കുകയും തുടര്‍ന്ന് ലാപിഡ് പ്രധാനമന്ത്രിയാകുകയും ചെയ്യാമെന്നാണ് ധാരണ. വിശ്വാസ വോട്ടില്‍ ഇരുപക്ഷവും പരാജയപ്പെട്ടാല്‍ രണ്ടു വര്‍ഷത്തിനിടെ ഇസ്‌റാഈല്‍ അഞ്ചാം തവണയും തെരഞ്ഞെടുപ്പിനെ നേരിടേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."