കൊവിഡ് കാലത്തെ നയങ്ങള്‍: പ്രതിപക്ഷാവശ്യത്തിന് വ്യക്തമായ മറുപടിയില്ല
നന്ദിപ്രമേയം വോട്ടിനിട്ട് പാസാക്കി
തിരുവനന്തപുരം: കൊവിഡ് സാഹചര്യത്തില്‍ ആരോഗ്യ, വിദ്യാഭ്യാസ, ദുരന്തനിവാരണ മേഖലകളില്‍ സംസ്ഥാനത്ത് പുതിയ നയങ്ങള്‍ കൊണ്ടുവരണമെന്ന പ്രതിപക്ഷാവശ്യത്തിന് വ്യക്തമായ മറുപടിയില്ലാതെ നയപ്രഖ്യാപനത്തിന്‍മേലുള്ള നന്ദിപ്രമേയം നിയമസഭ വോട്ടിനിട്ട് പാസാക്കി.
വിവിധ മേഖലകളില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ മുഖ്യമന്ത്രി മറുപടിപ്രസംഗത്തില്‍ വിശദീകരിച്ചെങ്കിലും കൊവിഡിന്റെ പശ്ചാത്തലത്തില്‍ സ്വീകരിക്കുന്ന പുതിയ നയങ്ങളും കാഴ്ചപ്പാടുകളും സംബന്ധിച്ച് പരാമര്‍ശങ്ങളൊന്നും നടത്തിയില്ല.ലോകത്തിന്റെ ജീവിതഘടന കൊവിഡിനു മുമ്പും കൊവിഡിനൊപ്പവും ശേഷവും എന്ന നിലയ്ക്ക് മാറുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ചര്‍ച്ചയില്‍ പറഞ്ഞു. ഇതുവരെയുള്ള നയസമീപനങ്ങളല്ല ഇനി സ്വീകരിക്കേണ്ടത്. സംസ്ഥാനത്ത് പുതിയൊരു പബ്ലിക് പോളിസിക്കു രൂപം നല്‍കണം. ആരോഗ്യ മേഖലയില്‍ പഴയ പ്രതാപം പറഞ്ഞിരിക്കാതെ പുതിയ നയം സ്വീകരിക്കണമെന്നും സതീശന്‍ പറഞ്ഞു.
വിജയത്തിന്റെ ആലസ്യത്തില്‍ ഇരിക്കാതെ നാടിന്റെ സ്ഥിതി മനസിലാക്കി ഇടപെടണമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഗുരുതര സാമ്പത്തിക പ്രത്യാഘാതമുണ്ടാകുമെന്ന് നയപ്രഖ്യാപനത്തില്‍ തന്നെ പറയുന്നുണ്ട്. ഇതിനെ നേരിടാന്‍ പുതിയ ആശയങ്ങള്‍ക്കു രൂപം നല്‍കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
നയപ്രഖ്യാപനത്തില്‍ നയമില്ലെന്ന് വിമര്‍ശിക്കുന്നവര്‍ക്ക് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ വ്യക്തതയില്ലെന്ന് മുഖ്യമന്ത്രി മറുപടിപ്രസംഗത്തില്‍ പറഞ്ഞു. വിവിധ മേഖലകളില്‍ സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ മുഖ്യമന്ത്രി വായിച്ചു.
നയപ്രഖ്യാപനത്തിന്റെ വിശദാംശങ്ങള്‍ കാര്യമായി ചര്‍ച്ച ചെയ്യാതെ മൂന്നുദിവസവും കടുത്ത രാഷ്ട്രീയം പറഞ്ഞാണ് സഭ മുന്നോട്ടുപോയത്. പ്രമേയം അവതരിപ്പിച്ച കെ.കെ ശൈലജ തന്നെ രാഷ്ട്രീയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടു. പിന്നാലെ സംസാരിച്ച ഭരണ,പ്രതിപക്ഷാംഗങ്ങളായ 52 പേരും മറുപടിപ്രസംഗം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനും രാഷ്ട്രീയം പറയുന്നതിലാണ് കൂടുതല്‍ ശ്രദ്ധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."