കുരങ്ങുപനി ലോകത്ത് 700ൽ അധികം കേസുകളെന്ന് അമേരിക്ക
വാഷിങ്ടൺ
ആഗോളതലത്തിൽ കുരങ്ങുപനി കേസുകൾ വർധിക്കുന്നു. ഇതിനോടകം നിരവധി രാജ്യങ്ങളിലായി 700ലധികം കേസുകൾ റിപ്പോർട്ട് ചെയ്തതായി യു.എസ് രോഗപ്രതിരോധ, നിയന്ത്രണ കേന്ദ്രം അറിയിച്ചു. ഇതിൽ 21 എണ്ണം അമേരിക്കയിലാണ്. ഇവിടെ രോഗവ്യാപനം വർധിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
നിലവിൽ രോഗം പിടിപെട്ടവരിൽ ഏറിയ പങ്കും രോഗവിമുക്തി നേടിയിട്ടുണ്ട്. രോഗബാധ ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട 17 പേരിൽ 16 എണ്ണവും പുരുഷ സ്വവർഗാനുരാഗികളിലാണെന്ന് നേരത്തെ യു.എസ് രോഗപ്രതിരോധ, നിയന്ത്രണ കേന്ദ്രം പ്രസ്താവിച്ചിരുന്നു.
ചില കേസുകൾ വിദേശത്തു നിന്നെത്തിയവരിലും കണ്ടെത്തിയിരുന്നു. എന്നാൽ, ഉറവിടം അറിയാത്ത കേസുകളും രാജ്യത്ത് സ്ഥിരീകരിക്കുന്നതായി കേന്ദ്രം വക്താവ് അറിയിച്ചു. രോഗപ്രതിരോധത്തിനായി 1,200 വാക്‌സിൻ ഡോസുകളും 100 ചികിത്സാ ഉപകരണങ്ങളും വിവിധ സംസ്ഥാനങ്ങൾക്ക് കൈമാറിയതായി വൈറ്റ് ഹൗസ് ആരോഗ്യ സുരക്ഷാ വക്താവ് രാജ് പഞ്ചാബി അറിയിച്ചു.
കാനഡയിൽ ഇതുവരെ 77 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ക്യുബെക് മേഖലയിലാണ് കൂടുതലും സ്ഥിരീകരിച്ചിട്ടുള്ളത്. ഫ്രാൻസിൽ 51 കേസുകളുമുണ്ട്. 22നും 63നും ഇടയിലുള്ള പുരുഷന്മാരിലാണ് രോഗം കൂടുതലായി കാണുന്നതെന്ന് ഫ്രാൻസ് ദേശീയ ആരോഗ്യ ഏജൻസി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."