പാണക്കാട് അബ്ബാസലി തങ്ങള്‍ മക്കയിലെ കിസ്‌വ ഫാക്ടറി സന്ദര്‍ശിച്ചു
ജിദ്ദ: വിശുദ്ധ ഉംറ നിര്‍വഹിക്കാനെത്തിയ മുസ്‌ലിം ലീഗ് മലപ്പുറം ജില്ല പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ കഅബയെ പുതക്കുന്ന മക്കയിലെ പ്രശസ്തമായ കിസ്‌വ നിര്‍മാണ ഫാക്ടറി സന്ദര്‍ശിച്ചു. തങ്ങളുടെ പുത്രന്‍ സയ്യിദ് സിദ്ധീഖലി ശിഹാബ് തങ്ങളും ജിദ്ദ കെഎംസിസി പ്രസിഡണ്ട് അഹമ്മദ് പാളയാട്ട്, ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര, മറ്റു കെ.എം.സി.സി പ്രവര്‍ത്തകര്‍ക്കുമൊപ്പം ഫാക്ടറിയിലെത്തിയ അബ്ബാസലി തങ്ങളെ കിസ്‌വ ഫാക്ടറി മേധാവി അഹമ്മദ് ബിന്‍ മുസാഹിദ് അല്‍ സുവൈരിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു.
ഫാക്ടറിയുടെ കിസ്‌വ നിര്‍മാണ പ്രവര്‍ത്തനങ്ങളും ചരിത്രവും അവര്‍ വിശദീകരിച്ചു കൊടുത്തു. അബ്ബാസലി തങ്ങള്‍ക്ക് കിസ്‌വ തുന്നുന്നതിനുള്ള സൗകര്യവും അവര്‍ ഒരുക്കി. തങ്ങള്‍ തുന്നിയ ഭാഗം അടുത്ത തവണ കഅബയെ പുതപ്പിക്കുന്ന കിസ്‌വയില്‍ ഉള്‍പ്പെടുത്തുമെന്ന് ഫാക്ടറി മേധാവി പറഞ്ഞു.
ഇസ്‌ലാമിലെ ഏറ്റവും പുണ്യ ഗേഹമായ കഅബയെ പൊതിഞ്ഞ കറുത്ത പട്ടും സ്വര്‍ണ്ണ തുണിയുമാണ് കിസ്‌വ. എല്ലാ വര്‍ഷവും ഹജ്ജ് തീര്‍ത്ഥാടന വേളയില്‍ ഇത് മാറ്റാറുണ്ട്. സഊദി സര്‍ക്കാരിന്റെ കീഴിലുള്ള മക്കയിലെ കിസ്‌വ ഫാക്ടറിയിലാണ് കിസ്‌വ നിര്‍മ്മിക്കുന്നത്.
മക്കയിലെ കിസ്‌വ ഫാക്ടറിക്ക് സമ്പന്നമായ ചരിത്രമുണ്ട്. ആദ്യകാല ഇസ്‌ലാമിക കാലഘട്ടത്തില്‍ ഖലീഫ ഉമര്‍ ഇബ്‌നു ഖത്താബിന്റെ ഭരണകാലത്താണ് ഇത് സ്ഥാപിതമായത്. നൂറ്റാണ്ടുകളായി കഅബയെ മൂടുന്ന തുണിയായ കിസ്‌വയുടെ നിര്‍മ്മാണത്തിന് സഊദി സര്‍ക്കാര്‍ വന്‍തുകയാണ് വകയിരുത്തുന്നത്.
മക്കയിലെത്തുന്ന വിവിധ രാഷ്ട്ര നേതാക്കളും പണ്ഡിത ശ്രേഷ്ഠരും കിസ്‌വ ഫാക്ടറി സന്ദര്‍ശിക്കാറുണ്ട്. മുസ്‌ലിം സമുദായത്തിന്റെ ഐക്യത്തിന്റെ പ്രതീകമായാണ് കഅബയും അതിനെ ആവരണം ചെയ്യുന്ന കിസ്‌വയും കണക്കാക്കപ്പെടുന്നത്. കെഎംസിസി നേതാക്കളായ എ. കെ ബാവ, ജാഫര്‍ കുറ്റൂര്‍, ഹബീബ് കല്ലന്‍, നൗഷാദ് ചേറൂര്‍, അന്‍വര്‍ സാദത്ത് എന്നിവരും അബ്ബാസലി തങ്ങളെ അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."